മാമുക്കോയ കല്ലായിലെ തടിയളന്നു കഴിഞ്ഞ് നേരെ ഓടി ചെല്ലുന്നത് നാടകം അഭിനയിക്കാന്‍. എം എസ് എ എന്ന ഒരു ക്ലബ് അന്ന് കോഴിക്കോട് ഉണ്ടായിരുന്നു. അവിടെനിന്നായിരുന്നു മാമുക്കോയയുടെ കലാജീവിതം തുടങ്ങുന്നത്. ആദ്യമൊക്കെ അവിടെ വരുന്ന വലിയ വലിയ ആളുകള്‍ക്ക് ചായ വാങ്ങി കൊടുത്തും പ്രോംപ്റ്റ് ചെയ്തും നിന്ന് പിന്നെ നാടക നടനായി. കെ ടി കുഞ്ഞുവിന്റെ നാടകത്തിലൂടെയാണ് മാമുക്കോയ അഭിനയ ജീവിതം തുടങ്ങുന്നത്.
മാമുക്കോയ സിനിമയിലേക്ക് വരാനുള്ള കാരണം വൈക്കം മുഹമ്മദ് ബഷീര്‍ ആയിരുന്നു. ബഷീറിനെ പരിചയപ്പെടുന്നത് കോഴിക്കോട്ട് കലാസംഘങ്ങള്‍ അവതരിപ്പിക്കുന്ന നാടകം അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ്.ഇഫ്രീത്ത് രാഞ്ജി എന്ന നാടകം സ്റ്റേജില്‍ ആദ്യമായി കളിക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥിയായി വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നു. ആ നാടകം കണ്ടതിന് ശേഷം ബഷീര്‍ക്ക മാമുക്കോയയോട് നല്ല അടുപ്പം കാണിച്ചു തുടങ്ങി. ബഷീര്‍ക്കയുടെ അടുത്ത് ചെന്നാല്‍ നാല് കാര്യങ്ങള്‍ കിട്ടും എന്ന് മാമുക്കോയ പറഞ്ഞിട്ടുണ്ട്. അനുഗ്രഹം , കഥ , ചായ പിന്നെ വായ്പ. ബഷീര്‍ക്ക ചെക്കില് മലയാളത്തിലും ഇംഗ്‌ളീഷിലും ഒപ്പിടും. മലയാളത്തില്‍ ആണ് ഒപ്പിടുന്നത് എങ്കില്‍ ആ കാശ് തിരിച്ചുകൊടുക്കേണ്ട. ഇംഗ്‌ളീഷില്‍ ആണേല്‍ കൊടുക്കണം. 'നിന്റെ കയ്യില്‍ തിരിച്ചുതരാന്‍ കാശുണ്ടോകാക്കേ' എന്ന് ചെക്കില് ഒപ്പിടുന്നേന് മുന്നേ ബഷീര്‍ക്ക ചോദിക്കും. അപ്പോള്‍ മാമുക്കോയ മുക്കിയും മൂളിയും അങ്ങനെ പല്ലുകാട്ടി ചിരിച്ചു നില്‍ക്കും. അപ്പോഴതാ ചെക്കില്‍ ഇടുന്നു മലയാളത്തില്‍ ഒപ്പ്. മാമുക്കോയ അപ്പോള്‍ മനസ്സറിയാണ്ട് പറയും ' അല്‍ഹംദുലില്ലാഹ് '.
ബഷീര്‍ക്ക പറഞ്ഞിട്ട് കിട്ടിയ സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ കുതിരക്ക് പുല്ലിട്ടു കൊടുക്കുന്ന ആളായിട്ടായിരുന്നു അഭിനയിച്ചത്. നെല്ലിക്കോട്ട് ഭാസ്‌കരനും ബഹദൂറും പറഞ്ഞിട്ട് കുറേ സീനുകളില്‍ മാമുക്കോയയെയും കയറ്റി. കുറച്ചു ഡയലോഗും കിട്ടി. അന്യരുടെ ഭുമിയായിരുന്നു ആദ്യ സിനിമ. നിഷേധിയായ ഒരാളായിട്ടായിരുന്നു അതില്‍. നല്ല വേഷമായിരുന്നു. അവാര്‍ഡ് പടം ആയതുകൊണ്ട് ആരും ശ്രെദ്ധിക്കാതെ പോയി. ബഷീര്‍ക്കയുടെ മിറ്റത്തെ മാങ്കോസ്റ്റിന്‍ ചുവട്ടില്‍ നിന്ന കുറച്ചു പേരുടെ കൂട്ടത്തില്‍ നിന്ന് ' ഇവനൊരു വേഷം കൊടുക്കണം ' എന്ന് പറഞ്ഞു മാമുക്കോയയെ ചൂണ്ടി ബഷീര്‍ക്ക തന്റെ സുഹൃത്തായ കൊന്നനാട്ട് സ്വാമിയേട്ടനോട് പറഞ്ഞു കിട്ടിയ രണ്ടാം വരവായിരുന്നു സുറുമയിട്ട കണ്ണുകളിലേത്. പിന്നീട് സിനിമയില്‍ വന്നതിന് ശേഷം കടം ചോദിച്ച മാമുക്കോയക്ക് ബഷീര്‍ക്ക ചെക്കില്‍ ഇംഗ്‌ളീഷില്‍ ഒപ്പിട്ടു കൊടുത്തു.
നമുക്ക് പ്രിയപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങള്‍ സിനിമയില്‍ മാമുക്കോയ ചെയ്തു. മാമുക്കോയക്ക് സിനിമ എന്നാല്‍ ഒരു ജോലിയാണ്. ജീവിതം സിനിമകൊണ്ടാണ്. ഡയറക്ടര്‍ ഓ കെ പറയുന്ന കലയാണ് സിനിമ. അവനവന്‍ ഓ കെ പറയുന്ന കലയാണ് നാടകം. മാമുക്കോയ പറയുന്നത് അഴീക്കോട് മാഷും മമ്മൂട്ടിയും മാമുക്കോയയും ഉള്ള വേദിയില്‍ ആളുകള് ചെവി കൊടുക്കേണ്ടത് അഴീക്കോട് മാഷിനാണ് എന്നാണ്. എന്നാല്‍ ആളുകള് അങ്ങനെ അല്ല. അതുകൊണ്ട് ആളുകളുടെ തിരിച്ചറിവിലൊന്നും വലിയ കാര്യമില്ല എന്ന് അദ്ദേഹം പറയുന്നു.
മാമുക്കോയ പറയുന്നത് പുതിയ ലോകം സ്പീഡിന്റെ ലോകമാണ് എന്നാണ്. വയസ്സന്മാരും ആ സ്പീഡില്‍ പോകണം. സിനിമയും ആ സ്പീഡില്‍ത്തന്നെ. ഇപ്പോള്‍ സാഹിത്യം വേണ്ട. ശുദ്ധ സംഗീതം വേണ്ട. മനുഷ്യന്മാര്‍ക്ക് ശുദ്ധി വേണ്ട. ബഷീര്‍ക്ക പറയാറുണ്ട് ഞാനും നീയും ഒന്നാണ് എന്ന്. പഴയ മനുഷ്യര്‍ ഒന്നായിരുന്നു. പക്ഷേ ഒന്നുമായില്ല. സംഗീതവും സാഹിത്യവും നാടകവുമൊക്കെത്തന്നെയാണ് ഇപ്പോഴും മനുഷ്യരെ മനുഷ്യരായി കാണുന്നത്. ഇന്ന് അവനവന് എല്ലാം അവനവന്‍ തന്നെ. തിരിച്ചുവരില്ല ഇനി ആ കാലം എന്ന് മാമുക്ക തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
എത്ര എത്ര മഹാന്മാരെ കണ്ടിട്ടുണ്ട് മാമുക്കോയ . ഉറൂബിന്റെ കൈപിടിച്ച് നടന്നിട്ടുണ്ട്. ഉസ്താദ് വിലായത്ത് ഖാനോടൊപ്പം തബല വായിച്ചു. എസ് കെ പൊറ്റേക്കാട്ട് മാമുക്കോയയുടെ ബോസ് ആയിരുന്നു. ആഫ്രിക്കയില്‍ പോയിട്ട് വന്നിട്ട് അവിടെ നടക്കുന്ന പ്രേമത്തെപ്പറ്റിയൊക്കെ പൊറ്റെക്കാട്ടിന്റെ മുഖത്തുനിന്നും നേരിട്ട് മാമുക്കോയ കേട്ടിട്ടുണ്ട്. ബഷീര്‍ക്ക കൊടുത്ത അനുഗ്രഹം കഥ ചായ വായ്പ. എം എസ് ബാബുരാജ് , അഴിക്കോട് മാഷ് അങ്ങനെ നമ്മള്‍ കാണാന്‍ ആഗ്രഹിച്ച എത്രെ പേരെ മാമുക്കോയ കണ്ടിട്ടുണ്ട്. ആളുകളെ കൂട്ടി ബഷീര്‍ക്കയുടെ വീട്ടില്‍ ചെന്നിരുന്നതും മാമുക്കോയയായിരുന്നു. മാമുക്കോയ പറഞ്ഞിട്ടുണ്ട് താന്‍ അസാധാരണക്കാരായ കുറേ മനുഷ്യരോടൊപ്പം ജീവിക്കാന്‍ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണ് എന്ന്.
ഈ മനുഷ്യരൊക്കെ ഉണ്ടാതുകൊണ്ടാകണം മാമുക്കോയ പറഞ്ഞത് അന്ന് കലാവാസനയുള്ള ഒരു ചെറുപ്പക്കാരനെപ്പോലെയായിരുന്നു കോഴിക്കോടെന്ന്.
മാമുക്കോയയെ പറ്റി പറയുമ്പോള്‍ കല്ലായി കടവും അവിടുത്തെ തടികളും പറയാതെ പറ്റില്ല.കല്ലായി കടവിനെ ചുറ്റിപ്പറ്റിയായിരുന്നു പണ്ടത്തെ ജീവിതം. കടവിന്റെ അക്കരെയും ഇക്കരെയും കലാപ്രവര്‍ത്തനം. തടി വ്യവസായത്തില്‍ രണ്ടാം സ്ഥാനം കല്ലായിക്കായിരുന്നു. ഒന്നാം സ്ഥാനക്കാരനായ കാനഡയില്‍ പോയി അവിടുത്തെ തടിയൊക്കെ കണ്ടിട്ട് മാമുക്കോയക്ക് തൃപ്തി വന്നില്ല. അവിടെയുള്ള തടികള് ഒരേമാതിരിയാണ് എന്ന്. കല്ലായിയിലുള്ള കനമരങ്ങള്‍ അവിടെ കണ്ടില്ലാന്ന്.
മാമുക്കോയ ഇഷ്ട്ടപ്പെട്ടത് എല്ലാവരും തുറിച്ചുനോക്കുന്ന സിനിമാക്കാരന്‍ ആകാനല്ല. എന്തിനാണ് സിനിമാക്കാരെ ആളുകള് ഇങ്ങനെ നോക്കുന്നത്? അതായിരുന്നു മാമുക്കോയയുടെ ചോദ്യം. മാമുക്കോയയുടെ മനസ്സില്‍ ബഷീര്‍ക്ക പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്. എല്ലാവരും ഒന്നാണ്. ഞാനും നീയും ഒന്ന്.
'ഏതോ സ്റ്റേഷനില്‍ ഒരു ചുവന്ന സിഗ്‌നലും പിടിച്ചു പടച്ചോന്‍ നമ്മളെയും കാത്ത് നില്‍ക്കുന്നുണ്ട്. ആ സ്റ്റേഷന്‍ എത്തുന്നത് വരെ ഈ യാത്ര തുടരണം' മാമുക്കോയ പറഞ്ഞു.
ആ സ്റ്റേഷന്‍ എത്തിയപ്പോള്‍ അദ്ദേഹം ഇറങ്ങി. നിറ ചിരിയോടെയാകും ഇറങ്ങിയിട്ടുണ്ടാകുക. അദ്ദേഹത്തിന്റെ അസാധാരണക്കാരായ കൂട്ടുകാര്‍ ആ സ്റ്റേഷനില്‍ അദ്ദേഹത്തെ കാത്ത് നിന്നിട്ടുണ്ടാകും.