Image

ഹൃദയ മുറിവുകൾ (കവിത: ജയൻ വർഗീസ്)

Published on 27 April, 2023
ഹൃദയ മുറിവുകൾ (കവിത: ജയൻ വർഗീസ്)

ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ -
യീലോക വേദിയി ലെന്തിനു വന്നു നീ ?
നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ 
താരക പൂങ്കുല  ഗന്ധം ശ്വസിപ്പു ഞാൻ !

വാരിപ്പുണരാൻ കൊതിക്കുന്നു ഞാനെന്റെ -
യോമൽ ത്തിടമ്പിനെ മാറോടണയ്ക്കുവാൻ, 
സാധിക്കുകില്ല നീ വന്നാലു മെന്റെയീ 
മോഹമടക്കി ക്കിടക്കുകയാണ് ഞാൻ ! 

ചോരയാണെങ്ങും മനുഷ്യന്റെ നെഞ്ചിലെ 
ചോരയിലാണ് പുളയ്ക്കുന്നു ധാർമ്മിക 
നീതിശാസ്ത്രങ്ങൾ മരിക്കുന്നു സ്നേഹമാം
തേൻ വണ്ടുകൾ ദൂരെയെങ്ങോ പറന്നു പോയ്‌ !

കോടാനുകോടി യുഗങ്ങളായ് നമ്മളീ 
ഭൂമിയിൽ കണ്ട കിനാക്കളാം പൂക്കളെ 
ചാരമായ് മാറ്റാൻ കുതിക്കുന്നു വാനര 
രൂപികൾ ലോകമഹായുദ്ധ നായക (ർ) (ൾ) 

പോവുക ദൂരെ വിശുദ്ധയായ് നിന്നിലെ  
ചേതോഹരങ്ങൾ മരിക്കാതിരിക്കുകിൽ,
നാളെയീ ചോരക്കറകളിൽ നിന്നൊരു 
മോചനം വന്നാൽ  വിളിക്കാം, വരേണമേ !

Join WhatsApp News
വിദ്യാധരൻ 2023-04-27 19:18:45
വിത എഴുത്തിന്റെ പാരമ്പര്യത്ത കാത്തു സൂക്ഷിക്കുന്ന, കവി താങ്കൾ ആദ്യമേ എന്റെ കൂപ്പു കയ്യ്. ആധുനിക കവിത താളം തെറ്റിയ, അലസതയുടെ കവിതയാണ്. താളം തെറ്റി എന്ന് പറയുമ്പോൾ ആധുനിക കവികളുടെ ഗുരുക്കന്മാരായ സച്ചിദാനന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും കാലു നക്കികളായ ആധുനിക കവികൾക്ക് അടിമുടി ചൊറിഞ്ഞു കേറാൻ സാധയതയുണ്ടു. ചൊറിയട്ടെ ചൊറിഞ്ഞു മാന്തിപൊളിക്കട്ടെ(അൽപ്പം ഉപ്പ് അതിന്റെ മുകളിൽ പുരട്ടി കൊടുക്കുക) 'ചിട്ടകൾ' (കവിത - സച്ചിതാനന്ദൻ ) അയാളെ ആണ്ടാളിപ്പിക്കുന്നു എന്നാണ് പറയുന്നത്. കവിത - " ലോകത്തിന്റെ ചിട്ടകൾ എന്നെ അന്ധാളിപ്പിക്കുന്നു ഉണർച്ച ആഹാരം ജോലി പ്രണയം നിദ്ര എല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നു മൂക്കിൽ നിന്ന് ചുട്ടി അടർന്നു പോകാതെ ഓരോ ചുവടും മുദ്രയും ഞാൻ ചെയ്‌തു തീർക്കുന്നു ഉറക്കത്തിൽ വളരുന്നു എന്റെ തന്നെ കുടൽമാല അണിയുന്നു എന്റെ തന്നെ ചോര കുടിക്കുന്നു " അമേരിക്കയിലെ ആധുനിക മലയാളി പുംഗവ (ഗുരു) കവികൾ ഇതിന്റ അർഥം ഒന്ന് വിവരിച്ചു കൊടുത്താൽ നല്ലതായിരിക്കും. കഞ്ചാവ് അടിച്ചു എറണാകുളത്തു തേരാപാരാ നടന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഒന്ന് വായിക്കാം . "ചില കവികൾ പണ്ടത്തെ രാജാക്കന്മാരെ പോലെയാണ് ബുദ്ധിയും തന്ത്രവുംകൊണ്ടവർ കാവ്യ രാജ്യം ഭരിക്കും ചോദ്യം ചെയ്യുന്നവരെ അവർ കവിതയിൽ നിന്ന് നാടുകടത്തും " ( പലതരം കവികൾ -ബാലചന്ദ്രൻ ചുള്ളിക്കാട് ) കവിതയും ഗാദ്ധ്യവും തമ്മിൽ എന്ത് വ്യത്യാസം എന്ന് അമേരിക്കയിലെ ആധുനിക മലയാളി പുംഗവ (ഗുരു) കവികൾ ഒന്ന് പറഞ്ഞു തന്നാൽ നല്ലതായിരിക്കും . ഈ രണ്ടു പുംഗവ കവികൾക്കും അച്ചടക്കം ഇഷ്ടം അല്ല എന്ന് ചുരുക്കം . ശ്രീ. ജയൻ വറുഗീസിന്റെ 'ഹൃദയ മുറിവുകളിൽ നിന്ന് ' രക്തം വാർന്നുപോകുമ്പോൾ അത് നമ്മൾക്ക് അനുഭവപ്പെടുന്നു. അത് നമ്മുളുടെ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുന്നു .അതിൽ ആമഗ്‌നരാകുന്നു . എന്നാൽ താളം തെറ്റിയ ആധുനിക കവിതക്ക് അതിന് കഴിയുന്നില്ല . നോറ്റാണ്ടുകളായി കവിതകൾ എഴുതിയ കവികൾ ബുദ്ധിയും തന്ത്രവും കൊണ്ടല്ല കവിത എഴുതിയത് . അച്ചടക്ക രഹിതമായ ( കഞ്ചാവ് ) ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ കണ്ടെത്തുന്ന ഒഴിവുകഴിവുകളാണ്ത്. ഏതായാലും കവി താങ്കൾക്ക് എന്റെ അഭിനന്ദനം . അമേരിക്കയിൽ ഇങ്ങനെയുള്ളവരെ ആവശ്യമാണ് . ( ഒരു ചോദ്യം സച്ചിദാനന്ദനും , ചുള്ളിക്കാടും ജീവിച്ചിരിപ്പുണ്ടോ ? അതോ അവർ മോർച്ചറിയിൽ ആണോ ?) വിദ്യാധരൻ
American Mollakka 2023-04-27 17:15:34
അസ്സലാമു അലൈക്കും ജയൻ സാഹിബ്. ഓ ളുടെ ചേതോഹരങ്ങൾ മരിക്കാതിരിക്കുകിൽ.. അബടെ ഇങ്ങളൊരു കൺഡീസൻ ബെയ്ക്കുന്നപോലെ ഞമ്മക്ക് തോന്നി ഇങ്ങള് പെരുത്ത് ബിബരം ഉള്ള ആള് , ഞമ്മള് ബെറും നിസ്സാരൻ. ഒരു കാര്യം ഇങ്ങക്ക് ഉറപ്പു തരുന്നു. ഓള് ബരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക