Image

നൂറാടുള്ള ഇടയൻ ( നഷ്ടപ്പെടാതെ കാക്കാം : മിനി ബാബു )

Published on 28 April, 2023
നൂറാടുള്ള ഇടയൻ ( നഷ്ടപ്പെടാതെ കാക്കാം : മിനി ബാബു )

ബൈബിളിൽ എന്നെ ഏറ്റവും കൂടുതല് ചിന്തിപ്പിച്ചിട്ടുള്ളതും പിന്തുടർന്നിട്ടുള്ളതും യേശു പറയുന്ന നൂറാടുകൾ ഉള്ള ഒരിടയന്റെ കഥയാണ്. ഒന്നു നഷ്ടപ്പെടുമ്പോൾ 99 നെയും വിട്ടിട്ട് ഒന്നിനെ തിരക്കിപോകുന്ന പോക്ക് ഉണ്ടല്ലോ അതൊന്ന് visualize ചെയ്തു കഴിഞ്ഞാൽ വല്ലാത്തൊരു വേദന തോന്നും. അതും, ഈ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്ന കാര്യം സന്ധ്യ കഴിഞ്ഞിട്ടാണ് അറിയുന്നതെങ്കിൽ ഇരുട്ടത്തുള്ള ആ ഒരു തിരക്കി പോക്ക് ഉണ്ടല്ലോ നമ്മുടെ ജീവിതത്തിന്റെ കഥയാണ്.

പത്തുമക്കൾ ഉള്ളപ്പോൾ അതിലൊന്ന് സാധാരണമല്ലാത്ത, അധികമാരും പോകാത്ത, ഏതാണ്ട് വഴി മാറി പോകുന്ന പോലെ പോയാൽ ആ അമ്മയ്ക്ക് പിന്നെ ഒമ്പതിന്റെ കാര്യവും പ്രശ്നമേയല്ല. ആ ഒന്നിന്റെ പിറകെയാണ് നോട്ടവും മനസ്സും ഹൃദയവും ചിന്തകളും മുഴു ശരീരവും. അതുകൊണ്ടുതന്നെയാണല്ലോ മുടിയനായ പുത്രൻ തിരിച്ചു വരുമ്പോഴേ പാതിവഴിയിലേക്ക് അച്ഛൻ ഓടിയെത്തുന്നത്.

കഥകൾ വായിക്കുമ്പോൾ മുഴു കഥയെക്കാള് അതിലെ ചില episodes ചില സന്ദർഭങ്ങൾ ആണ് എന്നെ സ്വാധീനിക്കുക.മനസ്സിൽ തങ്ങി നിൽക്കുക. ഇടയ്ക്കിടയ്ക്ക് തികട്ടി വരിക.

മുമ്പ് വായിച്ച ഒരു കഥയിലെ അമ്മയും രണ്ട് പെൺമക്കളും ലണ്ടനിൽ നിന്ന് തിരിച്ച് ഇന്ത്യയിലേക്ക് വരാൻ ഇഷ്ടമില്ലാത്തതുകൊണ്ട് ഒരു സന്ധ്യാസമയത്ത് മൂത്തമകൾ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ്. ടീനേജർ ആണ്. അതറിഞ്ഞ് ആ അമ്മയുടെ ഒരു ഇറങ്ങി ഓട്ടം ഉണ്ടല്ലോ നമ്മളും കൂടോടും. ആ ദിവസം ആ നഗരത്തിലെ ഒരു riotറ്റും പൊട്ടി പുറപ്പെടുന്നു. ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ വീണും ഓടിയും അന്വേഷിക്കുന്ന അമ്മ രാത്രി ഏറെ കഴിഞ്ഞ് മകളെ കണ്ടെത്തുന്നു. കാണാതെ പോയ ആടിനെ കണ്ടെത്തുന്ന ഇടയനെ പോലെ. 99ന് എന്ത് സംഭവിച്ചു എന്നൊരു പ്രശ്നമേയല്ല. അതുപോലെ വീടിന്റെ സുരക്ഷയിൽ ഇരിക്കുന്ന മറ്റേ കുട്ടിക്കും.

കണ്ടു കിട്ടുമ്പോൾ ഉള്ള ആഹ്ലാദമാണ്, മുടിയനായ പുത്രന്റെ അപ്പൻ നൽകുന്ന വിരുന്ന്. നമ്മളൊക്കെ എന്തുമാത്രം വിരുന്നുകൾ മനസ്സാൽ നടത്തിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക