ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയ സന്ദര്‍ഭത്തിന് 'വില'യേറിയ രാഷ്ട്രീയ ധാരണകള്‍ക്കാണ് ബി.ജെ.പി ഉന്നം വെച്ചത്. മെത്രാന്‍മാരോടൊപ്പമുള്ള സുഭിക്ഷ വിരുന്നിനോടൊപ്പം ഏറ്റവും പ്രധാനം നടന്‍ ഉണ്ണി മുകുന്ദനുമായി മോദി നടത്തിയ ഒരു മണിക്കൂര്‍ റിലേറ്റീവ് സംഭാഷണമാണ്.
മോദി ഇത്തവണ കേരളത്തില്‍ ആദ്യം പങ്കെടുത്തത് 'യുവം 2023' എന്ന കൊച്ചിയിലെ പരിപാടിയാണ്. ഇതുകൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ക്ക് എന്ത് സുഖം കിട്ടിയെന്ന് അറിയില്ല. പക്ഷേ ഉണ്ണി മുകുന്ദന് അതൊരു രോമാഞ്ചമുണർത്തുന്ന അനുഭവം ആയിരിന്നു . യുവം 2023'ന്റെ സ്റ്റേജില്‍ ഉണ്ണിയുണ്ടായിരുന്നു. ഉണ്ണിയോട് മോദി പറഞ്ഞു താന്‍ താമസിക്കുന്ന ഹോട്ടലില്‍ മീറ്റ് ചെയ്യണമെന്ന്.
മോദി ഗുജറാത്തുകാരനാണ്. നമ്മുടെ ഉണ്ണി ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തില്‍ തന്നെ. അതുകൊണ്ട് ഗുജറാത്തി ഭാഷയിലാണ് ഇരുവരും 'യുവം 2023' വേദിയില്‍ സംസാരിച്ചത്. അത് അവിടെയുണ്ടായിരുന്ന പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസര്‍മാര്‍ക്കല്ലാതെ മറ്റ് വിദ്വാന്‍മാര്‍ക്കാര്‍ക്കുമറിയില്ലായിരുന്നു.
പി.എം ഓഫീസര്‍മാര്‍ ഗുജറാത്തിയില്‍ ഉണ്ണിയെ ഉദ്ദേശ്യം അറിയിച്ചു. പ്രധാനമന്ത്രി ഒരു ഗുജറാത്തുകാരന്‍. ഉണ്ണി അവിടെ ജനിച്ചു വളര്‍ന്ന ആളും. അതാണ് ഇരുവരും തമ്മിലുള്ള കേരള ബന്ധം എന്ന് മാത്രം പറയാനൊക്കില്ല. കാരണം മോദിയും കൂട്ടരും ആഗ്രഹിക്കുന്നത് ഗുജറാത്തി ഭാഷയില്‍ സംസാരിക്കുന്ന ഉണ്ണിയുമായുള്ള കേരള 'ടേംസ് ആന്റ് കണ്ടീഷന്‍സ്' ആണ്.
എന്തായാലും മോദിയും ഉണ്ണിയും വലിയ നയതന്ത്ര സുരക്ഷയുള്ള, മോദി താമസിക്കുന്ന അദ്ദേഹത്തിന്റെ സ്വന്തം മുറിയില്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. കുശല പ്രശ്‌നമാണോ എന്തോ..? കൗശലത്തിലൂടെ പ്രശ്‌നം പരിഹരിക്കാം. കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ഗുജറാത്തിലെയും കേരളത്തിലെയും പ്രശ്‌നങ്ങള്‍ ഉണ്ണി മുകുന്ദന്‍ മോദിയുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. മോദി തന്റെ കേരള സ്വപ്നങ്ങള്‍ ഉണ്ണിയുമായി പങ്കുവച്ചു.
ഗുജറാത്തിലെയും കേരളത്തിലെയും പ്രശ്ലങ്ങള്‍ ഇവര്‍ പരിഹരിക്കട്ടെ. അതിന്റെ വരുംവരായ്കകള്‍ക്കായി കാത്തിരിക്കാം. ഇവിടെ ചൂണ്ടിക്കാണിക്കാനുള്ള വിഷയം മറ്റൊന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഒരുനോക്കു കാണാനും ഒരു ഷേക്ക് ഹാന്‍ഡ് കൊടുക്കാനും ഒരു വാക്ക് പറയാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. കാരണം മതേതരത്വത്തിലും ദേശാഭിമാന ബോധത്തിലും സര്‍വോപരി ഭാരതത്തിന്റെ ജനാധിപത്യ പാരമ്പ്യത്തിലും ഊറ്റം കൊള്ളുന്നവരാണ് നമ്മള്‍.
എന്നാല്‍ അതിനപ്പുറം ചിന്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി വളരെ തിരക്കുള്ള വ്യക്തിയാണ്. അദ്ദേഹം തന്നെ ജയിപ്പിച്ചുവിട്ട പാര്‍ട്ടിയുടെയോ ഒരു മുന്നണിയുടെയോ മാത്രമല്ല, ഇന്ത്യയുടെ പൊതു വികാരം മനസിലാക്കി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്വം ചുമലിലേറ്റുന്ന ബഹുമാന്യ വോട്ടറാണ്. മണിക്കൂറുകള്‍ മാത്രമൊതുങ്ങുന്ന ഒരു സംസ്ഥാന സന്ദര്‍ശനത്തിനെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. നിശ്ചയിക്കപ്പെട്ട പൊതു പരിപാടികള്‍ കൂടാടെ സൗഹൃദ സന്ദര്‍ശനങ്ങളുണ്ടാവും.
അതിനെല്ലാം ക്രിത്യമായ പ്രോട്ടോക്കോളുണ്ട്. കൂടിക്കാഴ്ചകള്‍ക്കുള്ള സാമാന്യ മര്യാദയുമുണ്ട്. ഒരു പ്രധാനമന്ത്രി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഒരു ഇന്ത്യന്‍ സംസ്ഥാനത്തെത്തുന്നത് വ്യക്തമായ ടൈം ഷെഡ്യൂള്‍ പ്രകാരമാണ്. കോരളത്തിലെ സാധാരണക്കാരും സാമ്പത്തികമായി ക്ലേശമനുഭവിക്കുന്നവരും ദിവസത്തിന്റെ രണ്ടറ്റം ബന്ധിപ്പിക്കാന്‍ കഷ്ടപ്പെടുന്നവരുമുണ്ട്. അവരുടെ പ്രതിനിധികളെയൊ , ഭരണ പ്രതിപക്ഷ നേതാക്കളെയോ , കാണാന്‍ കൂട്ടാക്കാതെ ഒരു ഉണ്ണി മുകുന്ദനെ കണ്ട് സുഖസംസാരം നടത്തിയതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല.
യുവം പരിപാടി കഴിഞ്ഞ് ക്രൈസ്തവ മെത്രാന്‍മാരുമായുള്ള വിരുന്ന് ഊട്ടിന് ശേഷമായിരുന്നു 'ഉണ്ണിമോദി' ചരിത്ര സംഗമം. ആരാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ രണ്ടാം താര നിരയിൽ നില്‍ക്കുന്ന മസില്‍ പെരുപ്പിക്കുന്ന ഒരുവന്‍. പിന്നെ 'മാളികപ്പുറം' സിനിമയില്‍ അഭിനയിച്ചതുകൊണ്ട് അഭിനവ അയ്യപ്പനായി.
സിനിമാ തീയേറ്ററിലെ കേവല പ്രതികരണങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ടാണ് വര്‍ഗീയ കാര്‍ഡിന്റെ കാവിക്കളറില്‍ മുക്കി കേരളത്തിലെ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉണ്ണിയെ ഇറക്കാനുള്ള ഒരുമണിക്കൂര്‍ മോദി -ഉണ്ണി ക്ലാസ് നടന്നത്.
ബി.ജെ.പിക്കാരുടെ പോര്‍ട്ട് ഫോളിയോ എന്തായിരുന്നാലും ഒരു പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ ജനകീയമാക്കുവാന്‍ അവര്‍ക്ക് ഒരിക്കലും സാധിച്ചില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന വ്യക്തി ഒരിക്കലും ആര്‍ക്കും അപ്രാപ്യനാവരുത്. ചില വര്‍ഗീയ സ്‌നേഹങ്ങള്‍ക്കു മാത്രമായി അജണ്ടയിട്ടുകൊണ്ടു വന്ന് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ സാമാന്യ ജനങ്ങളെ ചൂണ്ടയിട്ട് പിടിക്കാമെന്ന, കരയില്‍ ഇരുന്നുള്ള രാഷ്ട്രീയക്കളി ഇവിടെ ഒരിക്കലും വിലപ്പോവുകയില്ല.
ഭരണഘടനയുടെ പുസ്തകത്താളുകള്‍ തൊട്ടുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി കേവലമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ സ്വാധീനിക്കുകയോ സ്‌നേഹിക്കുകയോ ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്തു കഴിഞ്ഞാല്‍ അത് ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാകും.
മോദിയുടെ കേരളസന്ദര്‍ശനം ഇതിനേക്കാള്‍ രാഷ്ട്രീയേതരമായ മേഖലകളില്‍ അതീവ സൗഹൃദമാക്കാമായിരുന്നു. കത്തോലിക്കാ മെത്രാന്‍മാരുായിട്ടുള്ള സന്ദര്‍ശനവും അത്താഴവിരുന്നും എല്ലാം പരിപാടിയില്‍ ഉള്‍പ്പെട്ടതാണോ എന്ന് അറിയില്ല. ദന്തഗോപുരവാസികളായ അവരുടെ ഇടയിലേക്ക് ചെരിപ്പഴിച്ച് കൈ കൂപ്പി ഇന്ത്യയുടെ പരമാധികാരിയായ ഒരു പ്രധാമനമന്ത്രി കടന്നു വരുമ്പോള്‍ തീര്‍ച്ചയായും അതിന്റെ അതിഗൂഢമായ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ജനസമ്മതി വിനിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് അറിയേണ്ട, അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്.
ഒരു നടനെ അടുത്തു വിളിച്ചിരുത്തി സംസാരിക്കുന്നതിനപ്പുറം എത്രയോ മഹാരഥന്മാരായ വ്യക്തികള്‍ ഈ കേരള മണ്ണില്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഒരു പ്രധാനമന്ത്രി വല്ലതെ തരം താഴ്ന്നു പോകുന്ന ഒരു മുഹൂര്‍ത്തമായിരുന്നു അത്. കേരളത്തിന്റെ കാര്യം പറയുകയാണെങ്കില്‍, അമൂല്യമായ നടനത്തിന്റെ പ്രതിരൂപമായ ഭാരതരത്‌ന അവാര്‍ഡ് നേടിയ ഭരത് മമ്മൂട്ടിയും ഭരത് മോഹന്‍ലാലും ഒക്കെ ജീവിച്ചിരിക്കുന്ന ഈ മണ്ണിന്റെ വിരിമാറില്‍ ഒരു ഉണ്ണി മുകുന്ദനെ മടിയിലിരുത്തി സംസാരിച്ച മോദിയുടെ ഉദ്ദേശം കൃത്യമാണ്. ഒരു വര്‍ഗീയ രാഷ്ട്രീയ അജണ്ട ഇവിടെ തുറന്ന പുസ്തകമായി വായിക്കാം.
രാഷ്ട്രീയം എന്തുമായിക്കോട്ടെ. ആഗോള തലത്തില്‍ വിവിധ മേഖലകളല്‍ പ്രശസ്തി ആര്‍ജ്ജിച്ച വ്യക്തികളെ അവഗണിച്ചുകൊണ്ട് മോദി നടത്തിയ ഈ അണിയറ സംഭാഷണങ്ങള്‍ തീര്‍ച്ചയായും കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ചിന്താശേഷിയും പ്രതികരണ ബോധവുമുള്ള കൃത്യമായ വോട്ടവകാശത്തെക്കുറിച്ച് ധാരണയുമുള്ള ഒരു ജനത നാളെ ഇന്ത്യയിലും കേരളത്തിലും ഉടലെടുക്കുക തന്നെ ചെയ്യും.
നിരവധി ദേശസ്നേഹികളുടെ ത്യാഗോജ്യൂല സമരങ്ങളിലൂടെ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ചങ്ക് തുറന്ന് തോല്‍പ്പിച്ച് സ്വന്ത്രമായ ഇന്ത്യയുടെ പ്രശാന്ത സുന്ദര മതേതര ഭൂമിയില്‍ വര്‍ഗീയമായ ഒരു വിത്തും മുളയ്ക്കുകയില്ല എന്ന നമ്മുടെ അനുഭവ പാരമ്പര്യത്തിന് മുൻപിൽ ഇതും , ഈ മത പ്രീണന രാക്ഷ്ട്രീയ മേല്കോയ്മയും കഴിഞ്ഞു പോകും .. അതാണ് ചരിത്രം ... അതാണ് കാലം ..പിന്നെ കാണാം നമ്മുടെ മതേതര ജനാധിപത്യ മൂല്യങ്ങളെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു ജന സമൂഹത്തെ , ഇന്നല്ലെകിൽ നാളെ .. കാത്തിരിക്കാം കാലം കാത്തു വയ്ക്കുന്ന കാവ്യ നീതിയ്ക്കായി ...
ഇന്ത്യന്‍ മൂവര്‍ണ പതാകയുടെ കീഴില്‍...ജനഗണമന...' എന്നു തുടങ്ങുന്ന ദേശീയ ഗാനത്തിന്റെ മുഴക്കത്തില്‍...
Cartoon: Courtesy