അവാർഡ് ദാതാക്കളെക്കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.അവാർഡിനായി സൃഷ്ടികളൊന്നും അയച്ചു കൊടുത്തില്ലെങ്കിലും വേണ്ട അവാർഡ് തന്നേക്കാം എന്ന രീതിയിലാണ് അവാർഡുകാരുടെ പോക്ക്.ഇനി സാഹിത്യ സൃഷ്ടികളൊന്നും നടത്തിയില്ലെങ്കിൽ സമഗ്ര സംഭാവനയ്ക്ക് ഒരു അവാർഡ് തന്നേക്കാം എന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽ വന്ന ഒരു അവാർഡ് കമ്മറ്റി ഭാരവാഹി പറഞ്ഞത്.
‘’സാറേ,സാർ എന്തെങ്കിലും ഒരു സംഭാവന തന്നാൽ മതി,ഒരവാർഡ് തന്നേക്കാം.പ്രശസ്തി പത്രം,കാഷ് അവാർഡ്,കൂടാതെ പൊന്നാട ചാർത്തി ഒരാദരവ്..ഇത്രയുമുണ്ടാകും..’’
അതുശരി,സംഭാവന തരുമ്പോൾ കിട്ടുന്ന അവാർഡാണല്ലേ,’’സമഗ്ര സംഭാവനാ അവാർഡ്..’’
പിന്നെ അൽപ്പം ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു,’’കാഷ് അവാർഡ് പതിനായിരമെന്ന് അനൗൺസ് ചെയ്താലും ആയിരമേ കാണൂ..സാറൊന്നും വിചാരിക്കരുത്’’
നിങ്ങളങ്ങനെ ചെയ്യാൻ തീരുമാനിച്ച സ്ഥിതിയ്ക്ക് ഞാൻ ഇനി എന്ത് വിചാരിച്ചിട്ട് എന്ത് കാര്യം?നിങ്ങൾ ആയിരമെങ്കിലും കൊടുക്കുന്നുണ്ടല്ലോ.കാഷ് അവാർഡെന്ന് പറഞ്ഞിട്ട് കാലിക്കവർ കൊടുത്തു വിടുന്നവരുമുണ്ട്.
‘’അങ്ങനെയെങ്കിൽ തുക പറയാതെ കാഷ് അവാർഡെന്ന് മാത്രം കൊടുത്താൽ പോരെ..’’
ഞാൻ അറിയാതെ ഒരു സംശയം ചോദിച്ചു പോയി
‘’അങ്ങനെയാണെങ്കിൽ പത്രക്കാര് വാർത്ത കൊടുക്കില്ല,മിനിമം പതിനായിരമെങ്കിലും ഉണ്ടെങ്കിലേ വാർത്തയും ചിത്രവും കൊടുക്കൂ’’
അതു ശരി, അപ്പോൾ പത്രക്കാരെ പറ്റിക്കാനാണ് പതിനായിരത്തിന്റെ പ്രഖ്യാപനം.
‘’സാറ് അപേക്ഷ തന്നാലും ഇല്ലെങ്കിലും ഇക്കാര്യമൊന്നും ആരോടും പറയരുത്,സാറിനെ വിശ്വാസമായതു കൊണ്ടാ ഇതൊക്കെ പറഞ്ഞത്.’’
‘’ആരുടെ പേരിലാ അവാർഡ് കൊടുക്കുന്നത്..’’ കാര്യങ്ങളറിഞ്ഞിരിക്കാമല്ലോ എന്ന് വിചാരിച്ച് ഞാൻ ചോദിച്ചു.
മരിച്ചു പോയ ഒരു പ്രമുഖ സാഹിത്യകാരന്റെ പേരാണ് അയാൾ പറഞ്ഞത്.’’ഞങ്ങളുടെ സംഘടനയുടെ പേരിൽ കൊടുത്താൽ വലിയ വാർത്ത ആകില്ല,ഇതാകുമ്പോൾ പത്രക്കാർ നല്ല കവറേജ് കൊടുക്കും..’’
അതെ.അതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് തോന്നുന്നു. ഒരു വർഷം ഒരു സാഹിത്യകാരന്റെ പേരിൽ ഒരു അവാർഡ് ആയിരുന്നെങ്കിൽ കുഴപ്പമില്ലെന്ന് വെക്കാം. ഈയിടെ പ്രാചീന കവിത്രയത്തിലെ ഒരു കവിയുടെ പേരിൽ കൊടുത്തത് ഇരുപത്തഞ്ച് അവാർഡുകളാണ്.മരിച്ചിട്ട് ഇത്രയും നാളായതു കൊണ്ട് കവിയോ അനന്തരാവകാശികളോ വഴക്കിനും വയ്യാവേലിക്കുമൊന്നും വരില്ലെന്ന് ഉറപ്പുണ്ട്.പ്രിയപ്പെട്ട കവിവര്യാ,പൊറുക്കണേ എന്ന് പറയാനല്ലേ കഴിയൂ.
ആദ്യമായി അവാർഡ് കൊടുക്കുമ്പോൾ എഴുത്തും മതിയാക്കി വീട്ടിലിരിക്കുന്ന ഏതെങ്കിലും പ്രമുഖ സാഹിത്യകാരനെ തിരഞ്ഞു പിടിച്ച് അദ്ദേഹം പോലും പ്രതീക്ഷിക്കാതെ അവാർഡ് കൊടുക്കുക എന്നതാണ് വാർത്താ പ്രാധാന്യം കിട്ടാൻ മറ്റൊരു വഴി. ഈ കളികളൊന്നും അറിയാതെ പുസ്തകത്തിന്റെ മൂന്നും അഞ്ചും കോപ്പികൾ വീതം അയച്ച് അവാർഡുകളും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന പാവം യുവ സാഹിത്യകാരൻമാരുടെ കാര്യമോർക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്.
അവാർഡ് കൊടുത്തേ അടങ്ങൂ എന്ന വാശിയിൽ വലിയ അബദ്ധങ്ങളും സംഭവിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഒരറിയിപ്പ് വന്നത് വൈലോപ്പിള്ളി നാരായണമേനോന്റെ പേരിലുള്ള അവാർഡിന് സൃഷ്ടികൾ ക്ഷണിക്കുന്നു. എന്നാണ്.വൈലോപ്പിള്ളി ശ്രീധരമേനോനേയും വള്ളത്തോൾ നാരായണ മേനോനേയും തിരിച്ചറിയാൻ പോലും കഴിയാതെയാണ് അവാർഡ് ക്ഷണം.ഏതായാലും ചങ്ങമ്പുഴ രാഘവൻപിള്ളയുടെ പേരിലും ഇടപ്പള്ളി കൃഷ്ണപിള്ളയുടെ പേരിലും അവാർഡ് പ്രഖ്യാപിച്ചാലും അത്ഭുതപ്പെടേണ്ട, കാലം അതാണ്.പലർക്കും അവാർഡുകൾ കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക്,എല്ലാവരും സൂക്ഷിച്ച് നടക്കുന്നത് നല്ലതാണ്,ചിലപ്പോൾ നിങ്ങൾക്കും കിട്ടിയേക്കാം, ഒരവാർഡ്!
#HumourArticle