എഡിസൺ, ന്യു ജേഴ്‌സി: നഴ്‌സിംഗ് സമൂഹത്തോട് തനിക്കും വ്യക്തിപരമായ കടപ്പാടുണ്ടെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്. ബിഷപ്പായി ഇവിടെ നിക്കുന്നത് മലയാളി നഴ്‌സിംഗ് സമൂഹം ഇവിടെ ഉള്ളതുകൊണ്ടാണ്. നഴ്‌സുമാരും അവർ കൊണ്ടുവന്ന കുടുംബാംഗങ്ങളും ഇവിടെ ഒരു വലിയ സമൂഹമായി മാറിയത് കൊണ്ടാണ് രൂപത വന്നത്. അങ്ങനെ താൻ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി. നഴ്‌സിംഗ് സമൂഹത്തിന്റെ ഔദാര്യത്തിലാണ് താൻ ഇവിടെ എത്തിയത്.
വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് ഏഷ്യാനെറ്റ് ന്യുസ് നടത്തിയ ഹെൽത്ത് എക്സലൻസ് അവാർഡ് ചടങ്ങിൽ ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ അവാർഡ് ഫാ. മാത്യു കുന്നത്തിനു നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരാലും സ്നേഹിക്കപ്പെടുകയും എല്ലാവരെയും പരിപാലിക്കുകയും ചെയ്യുന്ന വിഭാഗമാണ് നഴ്‌സിംഗ് സമൂഹം. എപ്പോഴെങ്കിലും അവരുടെ പരിലാളന ലഭിക്കാത്തവർ ആരുമില്ല. ഒരു കുട്ടി ജനിക്കുമ്പോൾ ആദ്യം കയ്യിലെടുക്കുന്നതു നഴ്‌സാണ്. അമ്മയ്ക്കും മുൻപേ. അന്ന് തലോടിയ കൈകൾ മരണം വരെ നമ്മോടൊപ്പം ഉണ്ട്. അത്രയും മഹനീയമായ സേവനമാണ് നഴ്‌സിംഗ്.
ഫാ. മാത്യു കുന്നത്ത് അച്ഛൻ ഏവർക്കും മാതൃകാപുരുഷനാണെന്നും ബിഷപ്പ് പറഞ്ഞു. ഒരിക്കലും വീട്ടുവാൻ കഴിയാത്ത ചില കടങ്ങളുണ്ട്. അമ്മയും അപ്പനുമൊക്കെ നമുക്ക് നൽകുന്ന സേവനങ്ങൾ ഉദാഹരണം. പണം കൊണ്ടോ മറ്റു എന്ത് കൊണ്ടോ അതിനു നമുക്ക് പ്രതിഫലം നൽകാനാവില്ല.
അത് പോലെയാണ് കുന്നത്ത് അച്ചൻ ചെയ്ത സേവനങ്ങൾ. ന്യു ജേഴ്‌സിയിൽ ഒരു നഴ്‌സിംഗ് സമൂഹം കെട്ടിപ്പടുത്ത അച്ചൻ ഈ നഴ്സിംഗ് കമ്യുണിറ്റിയുടെ പിതാവാണ്. അച്ഛന്റെ സമർപ്പിത ജീവിതവും അനുകരണീയമാണ്-ബിഷപ്പ് ചൂണ്ടിക്കാട്ടി.
മറ്റുള്ളവരെ സഹായിക്കാൻ കഴിയാത്ത ജീവിതം കൊണ്ട് അർത്ഥമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നു മറുപടി പ്രസംഗത്തിൽ കുന്നത്ത് അച്ഛൻ പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതാണ് ഈ ചടങ്ങ്. താനും 15 വർഷം ഹോസ്പിറ്റൽ ചാപ്ലെയിൻ ആയിരുന്നു. നഴ്‌സുമാരുടെ സേവനം എന്തെന്ന് നേരിട്ട് മനസിലാക്കിയിട്ടുണ്ട്-അച്ഛൻ പറഞ്ഞു.
ഫാദർ മാത്യു കുന്നത്ത് നവതി പിന്നിട്ടിട്ടും ഇന്നും കർമ്മനിരതനാണ്. നൂറ് കണക്കിന് മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പതിറ്റാണ്ടുകളായി സാന്ത്വനവും സ്നേഹവും നൽകുന്ന കുന്നത്തച്ഛനെ ആദരിക്കുക വഴി ഏഷ്യാനെറ്റ് ന്യൂസ് ഏറെ ആദരവ് നേടുന്നു.
അമേരിക്കന്‍ മലയാളി സമൂഹത്തിലും മലയാളക്കരയിലുമായി മൂന്നര പതിറ്റാണ്ടായി ആയിരങ്ങള്‍ക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രഭ ചൊരിയുന്ന നല്ലിടയനാണ് മാത്യു കുന്നത്തച്ചന്‍. അച്ചന്‍ ഇന്ന് വിശ്രമജീവിതത്തിലാണ്. 500 ഓളം നഴ്‌സുമാരും അതിലിരട്ടി കുടുംബങ്ങളും അമേരിക്കയില്‍ എത്താന്‍ കാരണം മഹാനായ ഈ പുരോഹിതന്‍ വഴിയാണ്. അദ്ദേഹം കൊണ്ടുവന്ന നിരവധിപേര്‍ അമേരിക്കയില്‍ ഉന്നതസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കാരിത്താസിൽ ജോസ്- മറിയ ദമ്പതികളുടെ മകനായി 1931 മെയ് 18നാണ് ജനനം. പൂര്‍വ്വാശ്രമത്തിലെ പേര് കെ.ഓ.മാത്യു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അന്നത്തെ മദ്രാസിലെ പൊന്നമലയിലുള്ള സേക്രഡ് ഹാര്‍ട്ട് സെന്റ് ആന്റണി സെമിനാരിയിൽ പഠനം. 1960-ൽ വൈദികപട്ടം കിട്ടി തന്റെ കര്‍മ്മശേഷിയും പ്രാര്‍ത്ഥനയുടെ കരുത്തും ജീവിതവും പീഢിതര്‍ക്ക് വേണ്ടി സമര്‍പ്പിച്ചു.
1980കളിൽ പുരോഹിതനായി അമേരിക്കയിൽ എത്തി. പ്രായം തൊണ്ണൂറ് പിന്നിട്ടിട്ടും, അശരണർക്ക് അത്താണിയായി ഫാദർ മാത്യു കുന്നത്ത് ഫൗണ്ടേഷനിലൂടെ ഇന്നും സജീവമാണ് .
ഫാദർ മാത്യു കുന്നത്തിനെ ആദരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്ക ഹെഡ് ഡോ: കൃഷ്ണ കിഷോറും , ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂരും പറഞ്ഞു. അച്ഛന്റെ സേവനങ്ങൾ കോർഡിനേറ്റർ നിക്സൺ ജോർജ് ചൂണ്ടിക്കാട്ടി.
see also
ഇന്ത്യ-അമേരിക്ക ബന്ധത്തിന് വഴികാട്ടിയത് ആരോഗ്യ പ്രവർത്തകർ: അംബാസഡർ ടി.പി. ശ്രീനിവാസൻ
ഞങ്ങളും കോവിഡ് പോരാളികൾ: ഡി ജി.പി ടോമിൻ തച്ചങ്കരി; മോൻസ് ജോസഫ് എം.എൽ.എ