സ്ഥിരമായി വിവാദങ്ങളില്‍ ചെന്നു ചാടുന്ന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് മുകളില്‍ അടുത്ത വിവാദവും. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിനെ സംസ്ഥാനത്തെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അവഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കെ എസ് ഡി പി ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ പ്രധാനമായും ഏറെ ആവശ്യമുള്ള അമോക്‌സിലിന്‍, ആമ്പിസിലിന്‍, ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ തുടങ്ങിയവയാണ്. ഈ അടുത്ത കാലത്താണ് പ്ലാന്റ് നവീകരണം നടന്നതും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതും. പക്ഷേ, ഉല്‍പാദിപ്പിച്ചാല്‍ അതു വിറ്റുപോകാന്‍ മാര്‍ഗമില്ലെങ്കില്‍ എന്തു ചെയ്യും? സ്വകാര്യ മരുന്നു ലോബികളുടെ കൊള്ളലാഭ കച്ചവടത്തില്‍ നിന്നും നാട്ടിലെ സാധാരണക്കാരെ സംരക്ഷിക്കാനുള്ള ആശ്രയമായിട്ടാണ് കെ എസ് ഡി പി നിലവില്‍ വന്നത്. അവിടെ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണമേന്മയില്‍ സംശയവും വേണ്ട. എന്നിരുന്നിട്ടും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനു താല്‍പര്യം സ്വകാര്യ കമ്പനികളെ.
കെഎസ് ഡി പി വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന മരുന്നുകളില്‍ 50% ആരോഗ്യ വകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങണം എന്ന 2019ലെ എസ് ശര്‍മ അധ്യക്ഷനായ എസ്റ്റിമേറ്റ് കമ്മറ്റിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ നീക്കങ്ങള്‍. ഏതായാലും കഴിഞ്ഞ ദിവസത്തെ മീറ്റിങ്ങില്‍ ഏഴു കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കാമെന്നാണ് ആരോഗ്യ വകുപ്പ് മുന്നോട്ടു വെയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം മരുന്നു നല്‍കിയ വകയില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 23 കോടി രൂപ കെ എസ് ഡി പി ക്കു നല്‍കാനുമുണ്ട്.
ഈ സാഹചര്യത്തില്‍ കെ എസ് ഡി പി അന്യസംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാം എന്ന തീരുമാനമെടുത്തു കഴിഞ്ഞു. എന്നാല്‍ തെലുങ്കാനയില്‍ അവിടെ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകമ്പനികളില്‍ നിന്നു സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു വാങ്ങണം എന്നു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ പകുതിയെങ്കിലും വാങ്ങണം എന്നു നിര്‍ദ്ദേശിച്ചിട്ടും ആ നിര്‍ദ്ദേശവും അവഗണിക്കുന്ന കാഴ്ചയും.
കമ്മീഷന്‍ നല്‍കാന്‍ സ്വകാര്യ മരുന്നു കമ്പനികള്‍ മത്സരിക്കുമ്പോള്‍ ആര്‍ക്കു വേണം സ്വന്തം സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനത്തെ? പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഒരു കാരണമാണെന്ന് ദാ ഈ സംഭവവും തെളിവാണ്.