Image

അഞ്ച് ദൃശ്യങ്ങൾ ; മഴയെ സംബന്ധിച്ച് ( കവിത : താഹ ജമാൽ )

Published on 02 May, 2023
അഞ്ച് ദൃശ്യങ്ങൾ ; മഴയെ സംബന്ധിച്ച് ( കവിത : താഹ ജമാൽ )

ദൃശ്യം 1
...........


മുടിഞ്ഞ മഴ കാരണം
പുറത്തിറങ്ങാൻ
വയ്യ.
ഒരിയ്ക്കലെങ്കിലും
ചിലർ പറഞ്ഞിട്ടുണ്ട്

ദൃശ്യം 2
............
വിണ്ടു കീറിയ
പാടം
തുന്നൽ വിട്ടു പോയ
നിക്കറുപോലെ

ദൃശ്യം 3
............
വറ്റിയ
കിണറിൽ
കണ്ടുമുട്ടിയ
പണ്ടു പോയ മഗ്ഗ്
ചെളി പിടിച്ച്
യജമാനനെ നോക്കി

ദൃശ്യം 4
............
വെള്ളമിറക്കുന്ന
വീട്ടുകാരൻ
വെളളം
വണ്ടിക്കാരനോടു പറഞ്ഞു
നാളെയും വേണം
ആയിരം ലിറ്റർ

ദൃശ്യം 5
............
മുടിഞ്ഞ മഴ കാരണം
പുറത്തിറങ്ങാൻ
വയ്യന്നായവർ
പഞ്ചായത്തിൻ്റെ
വെള്ളം വണ്ടി കാത്ത്
മുറ്റത്ത്
ബക്കറ്റുകളടുക്കുന്നു

ഓരോ ദൃശ്യത്തിലും
മനുഷ്യൻ ജീവിക്കുന്നത് കണ്ട്
വ്യസനം പൂണ്ട
കാട്ടാനക്കുട്ടം
വെള്ളം കുടിയ്ക്കാൻ
നാട്ടിലെത്തി
വെട്ടാറായ
വാഴത്തോപ്പ്
യുദ്ധം കഴിഞ്ഞ പറമ്പാക്കിയതിൽ
മഴ,പ്രാറാക്കിൻ്റെ
വർത്തമാനത്തിന് പങ്കുണ്ടെങ്കിൽ
മനുഷ്യൻ തന്നെയാണ്
പ്രശ്നക്കാരൻ

ഇന്നലെ പ്രശ്നം വെച്ചപ്പോൾ
പെയ്യാനും, പെയ്യാതിരിക്കാനും
സാധ്യതയെന്ന്
കണിയാൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക