Image

ഫിറ്റായ സിപ്പികപ്പ് (കഥ:  ബിനി മൃദുൽ, കാലിഫോർണിയ)

Published on 04 May, 2023
ഫിറ്റായ സിപ്പികപ്പ് (കഥ:  ബിനി മൃദുൽ, കാലിഫോർണിയ)

വെള്ളം  എന്ന് പറയുമ്പോ  പെട്ടെന്ന് മനസ്സിൽ  വരുന്നത്  സാധാരണ  കുടിക്കുന്ന പച്ച വെള്ളം തന്നെയാണ്. എന്തേ പച്ച വെള്ളം എന്ന് പറയുന്നത്  എന്ന് ചോദിച്ചാൽ എനിക്ക്  ഉത്തരമില്ല. കാരണവന്മാരോട്  തന്നെ ചോദിക്കേണ്ടി വരും.
വെള്ളം കുടിച്ചോ എന്ന് ചോദിച്ചാൽ തന്നെ  രണ്ട്  അർത്ഥം. 
ഭക്ഷണം  കഴിച്ചു  വെള്ളം കുടിച്ചോ അതല്ലേൽ  നീ  ആ കെണിയിൽ പെട്ട് വെള്ളം കുടിച്ചു പോയോ? എന്തൊരു വിരോധാഭാസം  അല്ലേ? മലയാളം നന്നായി അറിയാത്തവരോട്  പല  അർത്ഥങ്ങൾ ഉള്ള വാക്കുകൾ പറയുമ്പോ അവർ  വെള്ളം കുടിക്കാറുണ്ട്.
ഒരു ദിവസം  എന്റെ മക്കൾ  ഒരു സുഹൃത്തിന്റെ  വീട്ടിൽ പോയി.
സുഹൃത്തിന്റെ മകൻ  എന്റെ മക്കളോട്  ചോദിച്ചു : How are you?
സംസാരിക്കുന്നതു  മലയാളത്തിൽ  ആക്കാൻ പറഞ്ഞപ്പോ   അവൻ വീണ്ടും ചോദിച്ചു : " എങ്ങനെ ഇരിക്കുന്നു "?
മലയാളം  അതുപോലെ translate ചെയ്തു  മനസ്സിലാക്കുന്ന എന്റെ മക്കൾ " you are asking me, how i am sitting? "😂
പ്രാദേശിക ഭാഷ  മനസ്സിലാകാതിരുന്നതിന്റെ  ഒരു നർമസംഭാഷണം.
പറഞ്ഞു വന്നപ്പോ കഥ വഴി  മാറി പോയതാണ്. കഥ  വെള്ളത്തെ പറ്റിയാണ്.
ഒരാൾ വെള്ളം കുടിച്ചു എന്ന് പറഞ്ഞാലും, ഒരാൾ വെള്ളമടിച്ചു എന്ന് പറഞ്ഞാലും  തികച്ചും   വ്യത്യാസമുള്ള അർത്ഥമാണ്. വെള്ളം എന്ന സിനിമയും കുടിക്കുന്ന പച്ച വെള്ളത്തെ പറ്റിയല്ല 😀.

പറഞ്ഞു  വന്നത്  ഒരു സുഹൃത്തും കുടുംബവും  നാട്ടിൽ പോയപ്പോൾ നടന്ന കഥയാണ്.  തികച്ചും  മാന്യനും സത് സ്വാഭാവിയുമായ ചെറുപ്പക്കാരൻ.
പിന്നെ ഉള്ള നല്ല  ശീലം  അല്ലേൽ ദുഃശീലം  എന്ന് വച്ചാൽ ഇടക്ക് ഇടക്ക് വെള്ളമടിക്കണം. ഭാര്യയും മോശക്കാരി  അല്ല.  പക്ഷെ രണ്ടു പേരും അച്ഛനമ്മ മാരുടെ മുന്നിൽ പുണ്യാവളന്മാർ. മകന്  ഒരു ദുഃശീലവു മില്ല എന്ന് അഭിമാനിക്കുന്ന അച്ഛൻ. ചിലതൊക്കെ  കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്ന അമ്മ. അച്ഛനും അമ്മയും അമേരിക്ക യിൽ മകനെ  കാണാൻ  വന്നപ്പോഴും, മകനെ  പറ്റി അച്ഛൻ ഒന്ന് കൂടെ അഭിമാനിച്ചു. മകൻ  പാർട്ടികളിൽ പോലും വെള്ളം തൊടുന്നില്ല. വീട്ടിലും അതിന്റെ യാതൊരു ലക്ഷണങ്ങളും  ഇല്ല.

രണ്ടാമത്തെ കൊച്ച് ഉണ്ടായതിനു ശേഷം നാട്ടിലേക്കുള്ള ഉള്ള ആദ്യയാത്ര. നാട്ടിൽ എത്തിയപ്പോഴും മകൻ  സൂപ്പർ ക്ലീൻ. മിക്ക ദിവസങ്ങളിലും  ഒന്നടിച്ചില്ലേൽ ഉറക്കം  വരാത്ത  മകന്  ഇരിക്കപ്പൊറുതി ഇല്ലാതായി. എങ്ങനെ അച്ഛൻ കാണാതെ  വെള്ളമടിക്കും? സാധനം  കയ്യിൽ ഉണ്ട്‌. കുരുട്ടുബുദ്ധിയിൽ അതിസമർത്ഥയും നർമ്മത്തിൽ PHD യും എടുത്ത ഭാര്യ അതിനും  വഴി  കണ്ടു പിടിച്ചു. ഒന്നര വയസ്സുകാരൻ  മകന്റെ  zippicup. 
zippicup ൽ വെള്ളം, വേറൊരു ബോട്ടിലിൽ സാധാരണ  വെള്ളം. റൂമിൽ  സ്ഥിരമായി  വെള്ളം കുടിക്കാനായി രണ്ട് ഗ്ലാസുകളും.
സംഗതി  ക്ലീൻ. ആരും  സംശയിച്ചില്ല.
രാവിലെ കൊച്ചിന്റെ zippicup തിളച്ച  വെള്ളത്തിൽ ഒന്ന് ഇരുത്തി clean ചെയ്യാൻ അതിബുദ്ധിമതിയായ  ഭാര്യ മറന്നില്ല. കുറച്ചു ദിവസം അങ്ങനെ പോയി. ഒരു ദിവസം രാവിലെ സിപ്പികപ്പ് അടുക്കളയിൽ കഴുകാതെ  വച്ചു എന്തോ കാര്യത്തിന് റൂമിലേക്ക് പോയി. തക്ക സമയത്തു  തന്നെ  ഒന്നര വയസ്സുകാരൻ കൊച്ച് മകൻ വന്നു വെള്ളം ചോദിച്ചു. കൊച്ചിന് വെള്ളം കൊടുക്കാനായി അമ്മ സിപ്പികപ്പ് തുറന്നു. കാലിയായ സിപ്പികപ്പ് ൽ നിന്ന് വന്ന  ഗന്ധമടിച്ചു അമ്മയുടെ കിളി പോയി. എന്തായാലും മക്കളുടെ  അതിബുദ്ധി  മനസ്സിലാക്കിയ  അമ്മ സിപ്പി cup കഴുകി കൊച്ചിന് വെള്ളം കൊടുത്തു. തിരിച്ചു അടുക്കളയിൽ എത്തിയ മരുമോളോട്  അമ്മ പറഞ്ഞു " കൊച്ചിന് വെള്ളം കൊടുക്കുമ്പോ നന്നായി ബോട്ടിൽ കഴുകി  കൊടുക്കണം. അല്ലേൽ കൊച്ച് ബോധം  കെട്ടു ആശുപത്രി യിൽ കൊണ്ട് പോകേണ്ടി വരും.'
  തന്റെ  അതിബുദ്ധി  കണ്ടു പിടിച്ച അമ്മായി അമ്മയെ 
ഇളിഭ്യയായി  നോക്കി നിന്ന മരുമകൾ ഒരു തരത്തിൽ  തടിയൂരി 😂.
എന്തായാലും മക്കൾ  പതിവ്  പരിപാടി തുടർന്നു. ചിലതൊക്കെ  കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു സ്നേഹമയിയായ അമ്മായി അമ്മയും.
വെള്ളം തൊടാത്ത മകനെ  ഓർത്തു അച്ഛൻ വീണ്ടും വീണ്ടും മനസ്സിൽ  സന്തോഷിച്ചു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക