Image

സിനിമ ഹിഗ്വിറ്റ: നൂതന പ്രമേയം കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ ഉണ്ടായി (ഏബ്രഹാം തോമസ്)

Published on 04 May, 2023
 സിനിമ ഹിഗ്വിറ്റ: നൂതന പ്രമേയം കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ ഉണ്ടായി (ഏബ്രഹാം തോമസ്)

സിനിമയുടെ പേര് മേഷ്ടിച്ചതാണെന്ന ആരോപണത്തില്‍ വിവാദത്തില്‍ നിറഞ്ഞു നിന്ന ഫിഗ്വിറ്റ് കാണാനിടയായി. പേരിന്റെ അവസാന അക്ഷരത്തില്‍ ഒരല്പം വ്യതിയാനം വരുത്തിയാണ് പരസ്യം ചെയ്തിരിക്കുന്നത്. സംവിധായകന്‍ ഹേമന്ത് ജി.നായര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുവാന്‍ വേണ്ട കടുത്ത പരിശ്രമത്തിനൊടുവിലാണ് ഹിഗ്വിറ്റ് വെളിച്ചം കണ്ടത്.

കേരളത്തിന്റെ സമകാലീന പ്രശ്‌നങ്ങളെയും രാഷ്ട്രീയ ഏറ്റുമുട്ടലുകളെയും കുറിച്ച് ശ്രദ്ധേയമായ ചിത്രങ്ങള്‍ മലയാളത്തില്‍ ഇപ്പോള്‍ പുറത്തു വരുന്നില്ല. ആര്‍പിഐ എന്ന ഭരണ കക്ഷിയുടെ പ്രബലനായ കണ്ണൂരിലെ നേതാവ് പന്ന്യ..........മുകുന്ദന്റെ ഗണ്‍മാനായി ഗതികേടുകൊണ്ട്എത്തിപ്പെടുന്ന അയ്യപ്പദാസിന്റെ മാനസിക, ശാരീരിക സംഘർഷങ്ങളിലൂടെ രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ചുരളഴിയുന്നു.

പകരം ചോദിച്ചിരിക്കും എന്ന പ്രഖ്യാപനവുമായി നീങ്ങുന്ന നേതാക്കള്‍ക്ക് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നിത്യസംഭവങ്ങളാണ്. ഭീരുവായ ദാസിനെ വീരനാക്കുവാന്‍ മുകുന്ദന്റെ  പാര്‍ട്ടിക്ക്  ചിലപ്പോള്‍ പേടിക്കാനും, പക്ഷെ എനിക്ക് പേടിയില്ല, തുടങ്ങിയ സംഭാഷണങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളും സഹായിക്കുന്നു. ചില രംഗങ്ങളില്‍ നേതാവ് ജനഹൃദയങ്ങളില്‍ വാഴുന്ന കരുണാമയനാണ്. മറ്റുചില രംഗങ്ങളില്‍ നേതാവ് കൊല്ലും കൊലയും ആസൂത്രണം ചെയ്യുകയും നടത്തുകയും എല്ലാം രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്ന നിഷ്ഠൂരനാണ്.

നിലവിലെ രാഷ്ട്രീയ കയ്യാങ്കളികളും നാടകങ്ങളും ഒരു ഗണ്‍മാനെ സാക്ഷിയാക്കി അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഹോളിവുഡിലും മറ്റും ഇത്തരം ധാരാളം ചിത്രങ്ങളുണ്ട്. എന്നാല്‍ തിക്കഥ ചിലപ്പോള്‍ മികവുറ്റതായി തോന്നുമ്പോള്‍ പിന്നാലെ വരുന്ന രംഗങ്ങല്‍ കണ്ടു മടുത്തവയായി മാറുന്നത് നിരാശജനകമാണ്. സംഭാഷണ ശകലങ്ങളും ഇതേ നിലവാരം പുലര്‍ത്തുന്നു. നല്ല നിലവാരമുള്ള സംഭാഷണത്തെ പിന്‍തുടരുന്നത് കേട്ടു മടുത്ത വാചകങ്ങളാണ്.

അഭിനേതാക്കളില്‍ സുരാജ് വെഞ്ഞാറമൂട് വേറിട്ടു നില്ക്കുന്നു. കഥാപാത്രങ്ങളെ മനസിലാക്കി അഭിനയിക്കുവാന്‍ ഈ നടനുള്ള കഴിവ് അസാധാരണമാണ്. ധ്യാന്‍ ശ്രീനിവാസന്‍ ഒരു നടനെന്ന നിലയില്‍ പ്രതിഭയുടെ ഒളിമിന്നല്‍ കാഴ്ചവയ്ക്കുന്നു. പക്ഷെ നിര്‍ജ്ജീവമായ കണ്ണുകളില്‍ എപ്പോഴും വികാര പ്രകടനം ദൃശ്യമാവുന്നില്ല. മനോജ് കെ. ജയന്റെയും, ജയന്റെയും പ്രകടനങ്ങള്‍ മുന്‍ കഥാപാത്രങ്ങളുടെ ആവര്‍ത്തനമായി അനുഭവപ്പെടുന്നു.

സംവിധായകന്‍ ഹേമന്തിന്റെ പ്രതിഭയെക്കുറിച്ചും സംശയം ഉണ്ടാവില്ല. ഏറെ രംഗങ്ങള്‍ വിരുതോടെ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ കണ്ടു മടുത്തപ്പോള്‍ ഫോര്‍മൂലകളിലേയ്ക്കുള്ള മടങ്ങിപ്പോക്ക് അരോചകമായി തോന്നും പതിനഞ്ച് റീലില്‍ ഒന്നിലധികം ഗാനങ്ങളോ (പശ്ചാത്തലത്തിലാണ്) പ്രേമമോ ഇല്ല. എന്നിട്ടും വലിച്ചു നീട്ടിയ പ്രതീതിയും കരുതലോടെയുള്ള എഡിറ്റിംഗിന്റെയും അഭാവം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംവിധായകന്റെ അശ്രദ്ധമാത്രം ഉത്തരവാദി. ഒരു പാര്‍ട്ടിയുടെ ഉള്‍പ്പോരും ഒരു സംഘടനയുടെ കൊലപാതക ആസൂത്രണങ്ങളും മാത്രം പ്രതിപാദിക്കുക വഴി സംവിധായകന്‍ സുരക്ഷിതമായ ഒരു മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്.

#Cinemahigwitt

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക