Image

നിയമനടപടികള്‍ പൂര്‍ത്തിയായി; സനു മഠത്തിലിന്റെ ഭൗതികശരീരം  വെള്ളിയാഴ്ച നാട്ടില്‍ സംസ്‌ക്കരിയ്ക്കും.

Published on 04 May, 2023
നിയമനടപടികള്‍ പൂര്‍ത്തിയായി; സനു മഠത്തിലിന്റെ ഭൗതികശരീരം  വെള്ളിയാഴ്ച നാട്ടില്‍ സംസ്‌ക്കരിയ്ക്കും.

ദമ്മാം:  നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകനുമായ സനു മഠത്തിന്റെ ഭൗതികശരീരം നാളെ (വെള്ളിയാഴ്ച) നാട്ടില്‍ സംസ്‌ക്കരിയ്ക്കും.

കഴിഞ്ഞ 16 വര്‍ഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തില്‍  2023 ഏപ്രില്‍ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്  നിര്യാതനായത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് നവയുഗം ജീവകാരുണ്യവിഭാഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്. സൗദിയില്‍ ഒരാഴ്ച നീളുന്ന പെരുന്നാള്‍ അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍  അടച്ചിട്ടിരുന്നതാണ് നിയമനടപടികള്‍ നീണ്ടു പോകാന്‍ ഇടയായത്.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ സനു മഠത്തില്‍, നാട്ടില്‍ സി.പി.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും, തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാന്‍ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍, ദമ്മാമിലെ മലയാളി പ്രവാസ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

മെയ് നാലാം തീയതി വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും ശ്രീലങ്കന്‍ എയര്‍വേസ് ഫ്‌ലൈറ്റില്‍ നാട്ടിലേയ്ക് കൊണ്ട് പോകുന്ന ഭൗതികശരീരം, വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം എയര്‍പോട്ടില്‍ ബന്ധുക്കളും, സുഹൃത്തുക്കളും, പാര്‍ട്ടിപ്രവര്‍ത്തകരും ഏറ്റുവാങ്ങും. ജന്മനാടായ തിരുവനന്തപുരം കടയ്ക്കല്‍ അയിരക്കുഴിയിലേക്ക് കൊണ്ട് പോകുന്ന ഭൗതികശരീരം,  വെള്ളിയാഴ്ച തന്നെ നാട്ടില്‍ സംസ്‌ക്കരിയ്ക്കും.

അയിരക്കുഴി മഠത്തില്‍ വീട്ടില്‍ പരേതനായ സഹദേവന്‍ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ് സനു. 
മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മൃദുല്‍ മകനാണ്.

സനു മഠത്തിനോടുള്ള ആദരസൂചകമായി നവയുഗം സംഘടിപ്പിയ്ക്കുന്ന അനുശോചനയോഗം, മെയ് ആറാം തീയതി ശനിയാഴ്ച, വൈകിട്ട് ഏഴു മണിയ്ക്ക്, ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ വെച്ച് ചേരുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക