Image

ഇത്രയ്ക്കു മനുഷ്യത്വരഹിതരോ റീല്‍സ് താരങ്ങള്‍? തുമ്പൂര്‍മൂഴി കൊലപാതകക്കേസില്‍ റീല്‍സ് താരം അറസ്റ്റില്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 05 May, 2023
 ഇത്രയ്ക്കു മനുഷ്യത്വരഹിതരോ റീല്‍സ് താരങ്ങള്‍?  തുമ്പൂര്‍മൂഴി കൊലപാതകക്കേസില്‍ റീല്‍സ് താരം അറസ്റ്റില്‍ (ദുര്‍ഗ മനോജ് )

മനോഹരമായി ചിരിച്ചും, സംസാരിച്ചും മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാന്‍ മിടുക്കരാണ് റീല്‍സ് താരങ്ങള്‍. അവര്‍ക്കു ഫോളോവേഴ്‌സ് വര്‍ദ്ധിക്കുന്നതും അവരുടെ ആകര്‍ഷണീയതയില്‍ മനം മയങ്ങിയാണ്. ഇപ്പോള്‍ തുമ്പൂര്‍മൂഴിയില്‍ വനത്തിനുള്ളില്‍ ആതിര എന്ന യുവതി കൊല്ലപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നു. റീല്‍സ് താരമായ അഖില്‍ പി ബാലചന്ദ്രനാണ് അറസ്റ്റിലായത്.

ആറു മാസമായി ഇരുവരും അടുപ്പത്തിലായിരുന്നു. അങ്കമാലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്നു അഖിലും ആതിരയും. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നവരുമാണ്. അഖിലിന് ഇന്‍സ്റ്റഗ്രാമില്‍ അഖിയേട്ടന്‍ എന്നൊരു പ്രൊഫൈല്‍ ഉണ്ട്. അതില്‍ പതിനൊന്നായിരത്തില്‍ അധികം ഫോളോവേഴ്‌സും. ആതിരയുമായുള്ള ബന്ധത്തിന്റെ മറവില്‍ അഖില്‍, യുവതിയുടെ കൈയില്‍ നിന്നും 12 പവന്‍ സ്വര്‍ണം വാങ്ങി പണയം വെച്ചിരുന്നു. ഇതു തിരിച്ചു ചോദിച്ചതാണ് അഖിലിനെ പ്രകോപിപ്പിച്ചത്. പലവട്ടം എടുത്തു കൊടുക്കാമെന്നു പറഞ്ഞ് സമാധാനിപ്പിച്ചിട്ടും ആതിര വീണ്ടും സ്വര്‍ണം എത്രയും വേഗം എടുത്തു നല്‍കണമെന്നു പറഞ്ഞതോടെ ആതിരയെ വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു.
അതിരപ്പള്ളിയില്‍ വിനോദയാത്ര പോകാം എന്നു പറഞ്ഞ്, ആതിരയെക്കൊണ്ട് ലീവ് എടുപ്പിച്ചു. വൈകിട്ട് തിരികെ എത്തിക്കാം എന്നു പറഞ്ഞാണ് കൊണ്ടുപോയത്. ആതിരയുടെ ഫോണ്‍ എടുക്കാന്‍ സമ്മതിച്ചതുമില്ല. അഖിലും സ്വന്തം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചു.

റെന്റിന് എടുത്ത കാറില്‍ ഇരുവരും അതിരപ്പള്ളിയിലേക്കു പോയി. തുമ്പൂര്‍മൂഴിയില്‍ എത്തിയപ്പോള്‍ കാട്ടിനുള്ളിലേക്കു നടക്കാം എന്നു പറഞ്ഞ് ആതിരയെ ഒപ്പം കൂട്ടി. വനത്തിനുള്ളില്‍ വെച്ച് ഷാള്‍ മുറുക്കി കൊന്ന ശേഷം കഴുത്തില്‍ ബൂട്ടിട്ടു ചവിട്ടി മരണം ഉറപ്പു വരുത്തി. എന്നിട്ട് പുഴയിലെ പാറക്കെട്ടില്‍ മൃതദേഹം തള്ളുകയായിരുന്നു.

ആതിരയുടെ ഭര്‍ത്താവു നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷിച്ചത്. അന്വേഷണത്തോടു സഹകരിക്കാതിരുന്ന അഖില്‍, സിസിടിവി ദൃശ്യങ്ങളില്‍ ആതിര കാറില്‍ക്കയറുന്നതു പോലീസ് സ്ഥിരീകരിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഏപ്രില്‍ 29നാണ് അഖിലയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പരാതി നല്‍കിയത്.

എളുപ്പ വഴിയില്‍ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്തയിലാണ് പല യുവാക്കളുടേയും ജീവിതം. അതിനായി എന്ത് ഹീനകൃത്യവും ചെയ്യാന്‍ അവര്‍ക്കു മടിയില്ലാതായിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാരുടെ യഥാര്‍ത്ഥ മുഖം കാണാതെ, ധാരാളം പേര്‍ ഇവര്‍ക്കു പിന്നാലെ ഈയാംപാറ്റകളെപ്പോലെ പാഞ്ഞടുക്കുന്നു, അനിവാര്യമായ വിധി ഏറ്റുവാങ്ങുന്നു. മനുഷ്യര്‍ അല്പം കൂടി വിവേകത്തോടെ ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമായ കാലഘട്ടമാണ് മുന്നില്‍.
ജാഗ്രത! അവര്‍ റീല്‍സ് താരമായും വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക