Image

ബാങ്കുകളുടെ തകര്‍ച്ച തുടരുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 May, 2023
ബാങ്കുകളുടെ തകര്‍ച്ച തുടരുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: 2023 ല്‍ ഇതുവരെ തകര്‍ന്നത് നാല് വലിയ ബാങ്കുകള്‍. മാര്‍ച്ചില്‍ സിലികോണ്‍ വാലിബാങ്ക് തകര്‍ന്നതിന് പിന്നാലെ സിഗ്നേച്ചര്‍ ബാങ്കും തകര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ച ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ കയ്യടക്കുകയും ഉടനെ തന്നെ ജെ.പി.മോര്‍ഗന്‍ ചേസിന് വില്‍ക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം തകര്‍ന്ന സില്‍വര്‍ ഗേറ്റ് ബാങ്ക് ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പിന്റെ ഇടപെടലില്ലാതെയാണ് ഇടപാടുകള്‍ നിര്‍ത്തിയത്.

ഈ നാല് ബാങ്കുകളെയും ബന്ധിപ്പിക്കുന്ന ചരട് സാങ്കേതിക വ്യവസായ മേഖലയാണ്. മഹാമാരിയില്‍ നിന്ന് മുക്തമായ മേഖല മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതില്‍ ചിലപ്പോള്‍ വലിയ വീഴ്ചകള്‍ വരുത്തുന്നു. ഇവയെല്ലാം ചെലവുകളും ജീവനക്കാരും കുറച്ച സ്ഥാപനങ്ങളാണ്. സിഗ്നേച്ചറും സില്‍വര്‍ ഗേറ്റും ക്രിപ്‌റ്റോ കറന്‍സിയുമായി വലിയ തോതില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സ് തകര്‍ന്നതും വലിയ ആഘാതമായി.

ഇവയില്‍ മൂന്ന് ബാങ്കുകളുടെ ആസ്തികള്‍ വളരെ വലുതായിരുന്നു. സിലികോണ്‍വാലി, സിഗ്നേച്ചര്‍, ഫസ്റ്റ് റിപ്പബ്ലിക്ക് എന്നിവ മൊത്തത്തില്‍ 548 ബില്യണ്‍ ഡോളറിന്റെ ഉടമകളായിരുന്നു. തകര്‍ച്ച വളരുന്നതിന് മുമ്പുള്ള അനുമാനമാണിത്. മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ച ബാങ്ക് തകര്‍ച്ചകളെക്കാള്‍ വലുതാണ് ഇത്.

തകര്‍ച്ചകള്‍ സംഭവിക്കുവാന്‍ പ്രധാന കാരണങ്ങള്‍ ഇവയാണ്:
1.പുവര്‍ റിസ്‌ക് മാനേജ്‌മെന്റ്. 2022ല്‍ വലിയ വിലക്കയറ്റ സമ്മര്‍ദ്ദത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ബാങ്കുകള്‍ ഈ മാറ്റത്തിന് തയ്യാറായിരുന്നില്ല. സിലികോണ്‍ വാലി ബാങ്ക് തകര്‍ച്ചയില്‍ എഫ്ഡിഐസി കുറ്റപ്പെടുത്തിയത് ബാങ്കിന്റെ മാനേജ്‌മെന്റിനെയാണ്. അതിവേഗ വളര്‍ച്ച ബാങ്ക് കൈവരിച്ചപ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷകള്‍ ഒന്നും സ്വീകരിച്ചില്ല എന്ന് കുറ്റപ്പെടുത്തല്‍ തുടരുന്നു.
2. മുന്‍കാല പ്രാബല്യത്തോടെ വന്ന നിയമം. 2018ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പുവച്ച നിയമം 2010 ലെ ഡോഡ്-ഫ്രാങ്ക് ആക്ട് റദ്ദാക്കി. ഡോഡ്-ഫ്രാങ്ക് ആക്ട് പാസാക്കിയത് ഡെമോക്രാറ്റിക് പിന്തുണയോടെ ആയിരുന്നു. സ്‌പെക്യുലേറ്റീവ് ഓര്‍റിസ്‌കി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ കടുത്ത നിബന്ധനകള്‍ ഈ നിയമം എടുത്ത് കളഞ്ഞത് 2018 ലെ നിയമം തിരികെ കൊണ്ടുവന്നു. 250 ബില്യണ്‍ എങ്കിലും ആസ്തിയുള്ള സ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് പുന:നിര്‍ണ്ണയിച്ചപ്പോള്‍ മൂന്ന് ബാങ്കുകളും നിയമത്തിന്റെ പരിധിയില്‍ വന്നു.
3. സ്ലഗ്ഗിഷ് ഓവര്‍സൈറ്റ്. മേല്‍നോട്ടം കാര്യക്ഷമമായിരുന്നില്ലെന്ന് ഫെഡറല്‍ റിസര്‍വ് പറയുന്നു. സിലികോണ്‍വാലി ബാങ്കിന്റെ തകര്‍ച്ചയെക്കുറിച്ച് ഏപ്രില്‍ 28ന് ഫെഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ തകര്‍ച്ചാ സാധ്യതകളെക്കുറിച്ച് സൂപ്പര്‍വൈസര്‍മാര്‍ തിരിച്ചറിയുകയോ അതിനനുസരിച്ച് മുന്‍കരുതല്‍ എടുക്കുകയോ ചെയ്തില്ല എന്ന് പറഞ്ഞു.
4.റിലയന്‍സ് ഓണ്‍ അണ്‍ ഇന്‍ഷുര്‍ഡ് ഡെപ്പോസിറ്റ്‌സ്. എഫ്ഡിഐസി ഇന്‍ഷുര്‍ ചെയ്യുന്ന 2,50,000 ഡോളറിന് മുകളില്‍ ഡെപ്പോസിറ്റ്ുകള്‍ ധാരാളമായി വാങ്ങിയാണ് ഈ ബാങ്കുകള്‍ നിലനിന്നത്. ബാങ്ക് തകരുകയാണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഉടനെ തന്നെ തങ്ങളുടെ 2,50,000 ഡോളറിന് മുകളിലുള്ള നിക്ഷേപം നിക്ഷേപകര്‍ പിന്‍വലിക്കും. ഇതോടെ തകര്‍ച്ച പൂര്‍ണ്ണമാവും.
ഇനിയും കൂടുതല്‍ ബാങ്കുകള്‍ തകരുമോ? പറയാനാവില്ല. തകര്‍ന്ന ബാങ്കുകള്‍ക്ക് സാങ്കേതിക വ്യവസായ സ്ഥാപനങ്ങളുമായി ഉണ്ടായിരുന്നത് പോലെയുള്ള വലിയ അടുപ്പം ശേഷിച്ച അധികം ബാങ്കുകള്‍ക്കും ഇല്ല. പക്ഷെ മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്തം അസാധാരണമല്ല. പലിശ നിരക്ക് ഫെഡ് വീണ്ടും കൂട്ടി. ഇതിന് തങ്ങള്‍ തയ്യാറായിരുന്നില്ല എന്ന വാദം പതിവുപോലെ ഉന്നയിച്ചേക്കാം. യഥാര്‍തഥത്തില്‍ ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനും കുറയ്ക്കുന്നതിനും ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പ് ഈ കാര്യം വ്യവസായതലത്തിലും മാധ്യമങ്ങളിലും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക