Image

നന്ദി, ടിനി ടോം, ഈ തുറന്നു പറച്ചിലിന് (ദുർഗ മനോജ്)

Published on 07 May, 2023
നന്ദി, ടിനി ടോം, ഈ തുറന്നു പറച്ചിലിന് (ദുർഗ മനോജ്)

കത്തുന്ന പ്രശ്നങ്ങൾ ഏറെയുണ്ട് നമ്മുടെ രാജ്യത്ത്, എന്നിരിക്കിലും ഇന്നത്തെ പ്രധാനവാർത്ത ഇതായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഒരു നടൻ തന്നെ തുറന്നു സമ്മതിക്കുന്നു മലയാള സിനിമാലോകം അത്ര ഭദ്രമല്ലെന്ന്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ കേരള സർവകലാശാല യുവജനോത്സവത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിനിടയിൽ നടൻ ടിനി ടോം തുറന്നു പറയുന്നു, തൻ്റെ മകനെ സിനിമയിൽ അഭിനയിക്കാൻ വിടാൻ ഭയമാണെന്ന്. ഒരു പ്രമുഖ താരത്തിൻ്റെ കുട്ടിക്കാലം അഭിനയിക്കാനാണ് ടിനി ടോമിൻ്റെ മകന് അവസരം വന്നത്. എന്നാൽ ഇന്നു സിനിമയിൽ ഉള്ള ലഹരി ഉപഭോഗത്തിൻ്റെ വ്യാപ്തി തിരിച്ചറിയുന്നതു കൊണ്ട് മകനെ അയച്ചില്ല എന്നാണ് നടൻ പറഞ്ഞത്. കൂടാതെ തൻ്റെ ഒപ്പം അഭിനയിച്ച ഒരു നടൻ ലഹരിക്ക് അടിമയാണെന്നും, ഇപ്പോൾ ആ നടൻ്റെ പല്ലു പൊടിഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അവസാനിപ്പിച്ചില്ലെങ്കിൽ അവരെ നിയമപാലകർക്കു മുന്നിലെത്തിക്കുമെന്ന് ഫിലിം ചേമ്പർ അറിയിച്ചിട്ട് അധികനാൾ ആയിട്ടില്ല. ലഹരി ഉപയോഗിക്കുന്നവരെ ഇനി സിനിമയുമായി സഹകരിപ്പിക്കില്ലെന്ന തീരുമാനവും ഫിലിം ചേമ്പർ എടുത്തിട്ടുണ്ട്. എന്നാൽ ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് പോലീസിനു കൈമാറാൻ നിർമ്മാതാക്കളോ, സെറ്റുകളിൽ പരിശോധന നടത്താൻ പോലീസോ തയ്യാറായിട്ടില്ല ഇതുവരേയും.
ഈ സാഹചര്യത്തിലാണ് യുവജനോത്സവ വേദിയിലെ ടിനി ടോമിൻ്റെ തുറന്നു പറച്ചിലിന് പ്രസക്തി ഏറ്റുന്നത്. സാധാരണഗതിയിൽ ഒരു നടനും കാണിക്കാത്ത ആർജവമാണ് ടിനി ടോം ഇന്നലെ ലഹരിക്കെതിരെയുള്ള പ്രതികരണത്തോടെ കാണിച്ചിരിക്കുന്നത്. സ്വന്തം റോൾ, സ്വന്തം കാശ് എന്നു ചിന്തിച്ചു നിൽക്കാതെ  ഈ ഒരൊറ്റ തുറന്നു പറച്ചിലോടെ അദ്ദേഹം സാമൂഹ്യപ്രതിബദ്ധതയുള്ള നടനായി ഉയർന്നിരിക്കുകയാണ് 

സർക്കാർ വക ലഹരിവിരുദ്ധ പരിപാടികൾ ഒട്ടുമിക്കതും വെള്ളത്തിലെ വരകളായി അവസാനിക്കുന്ന കാഴ്ചയാണിന്ന്. പോലീസുമായി ഒത്തുകളിച്ച്, എം ഡി എം എ ലഹരി ടാൽക്കം പൗഡർ ആകുന്നതും, കൈവശം കണ്ടെത്തിയ മയക്കുമരുന്നിൻ്റെ അളവ്, സ്റ്റേഷൻ രേഖകളിൽ കുറച്ചു കാണിച്ച് ജാമ്യം കിട്ടത്തക്കവിധം കേസു ലഘൂകരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തികൾ നിർബാധം തുടരുന്നുണ്ടിവിടെ. അതിനൊപ്പം പ്രതികാരം ചെയ്യാൻ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് നിരപരാധികളെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്ന പരിപാടിയും നടപ്പുണ്ട്.
പണ്ട്, സ്ത്രീകൾക്കാണ് രാത്രി പുറത്തിറങ്ങി നടക്കാൻ ഭയമായിരുന്നതെങ്കിൽ, ഇന്നു പുരുഷന്മാരും ഭയക്കണം. ഒരു തർക്കമുണ്ടായാൽ മറുപടി ആയുധം കൊണ്ടാണ്. ജീവനെടുക്കുക എന്നത് ചെറിയ കാര്യം മാത്രമായിക്കഴിഞ്ഞിരിക്കുന്നു. ഗുണ്ടകളുടെ വിളയാടലുകൾക്കും കുറവില്ല. ഇതിൻ്റെ ഒക്കെ പിന്നിലെ കാരണം, മയക്കുമരുന്നാണ്.
യുവാക്കളുടെ ഹരമായ സിനിമാലോകം ആദ്യകാലങ്ങളിൽ മദ്യലഹരിയിൽ മുങ്ങിത്തപ്പിയിരുന്നെങ്കിൽ, കാലം പോകെ സിന്തറ്റിക് ലഹരിയിലേക്ക് ഇഴഞ്ഞുവീണു കഴിഞ്ഞു.
പ്രധാന നടീനടന്മാർ ലഹരിക്കു മുഖം തിരിക്കുമ്പോഴും, താഴേത്തട്ടിൽ ലഹരിപിടിമുറുക്കിക്കഴിഞ്ഞു. ഇടക്കാലത്തു കേട്ട പല വിലക്കു വാർത്തകളുടെയും പിന്നിൽ ലഹരി ഉപയോഗവും തുടർന്നുള്ള പെരുമാറ്റ വൈകല്യവും കാരണമാണ്.
ടിനി ടോം ഒരു തുടക്കമാകട്ടെ, തുറന്നു പറച്ചിലുകൾ കൂടുതൽ സംഭവിക്കട്ടെ. നമുക്ക് നമ്മുടെ യുവാക്കളെയും ഒപ്പം നല്ല സിനിമയും തിരിച്ചുപിടിക്കേണ്ടതുണ്ട്. ഹാസ്യ രംഗങ്ങളിൽ നമ്മളെ ഏറെ ചിരിപ്പിച്ച ടിനി ടോം എന്ന സാമൂഹ്യപ്രതിബദ്ധതയുള്ള നടന് ഒരു ബിഗ് സല്യൂട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക