Image

വികാരഭരിതമായ അനുശോചനയോഗത്തിൽ നവയുഗം സനു മഠത്തിലിനെ അനുസ്‌മരിച്ചു

Published on 07 May, 2023
വികാരഭരിതമായ അനുശോചനയോഗത്തിൽ നവയുഗം സനു മഠത്തിലിനെ അനുസ്‌മരിച്ചു

ദമ്മാം: സുഖദുഃഖങ്ങളിൽ എന്നും നിറഞ്ഞ ചിരിയുമായി കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്റെ ഓർമ്മകൾ പങ്കു വെച്ചപ്പോൾ, പലപ്പോഴും പ്രാസംഗികർക്ക് വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അകാലത്തിൽ വിടപറഞ്ഞു പോയ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിന്റെ അനുസ്മരണയ്ക്കായി നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച യോഗം, വികാരഭരിതമായ ഒട്ടേറെ രംഗങ്ങൾക്കാണ് വേദിയായത്.

ദമ്മാം ബദർ അൽറാബി ഹാളിൽ, നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയിലാണ് അനുസ്മരണയോഗം ചേർന്നത്.



നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചെറുതെങ്കിലും ധന്യമായ ഒരു ജീവിതമാണ് സനുവിന്റേതെന്നും, വിട പറഞ്ഞാലും അദ്ദേഹം കാട്ടിയ കാരുണ്യവും, പുരോഗമന ആശയങ്ങളും, സഹജീവികളോടുള്ള സഹോദരതുല്യമായ സ്നേഹവും, നല്ല കമ്യുണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ജീവിതവും എന്നും സ്മരണകളിൽ ജ്വലിച്ചു നിൽക്കുമെന്നും നവയുഗം  അനുശോചനപ്രമേയത്തിൽ പറഞ്ഞു.

തുടർന്ന് സനുവിനോടുള്ള ആദരസൂചകമായി  സദസ്സ് മൂന്നു മിനിറ്റ് മൗനം ആചരിച്ചു.

നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, എം.എ.വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഉണ്ണി പൂച്ചെടിയൽ, ലത്തീഫ് മൈനാഗപ്പള്ളി, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, തമ്പാൻ നടരാജൻ, , സംഗീത ടീച്ചർ, ഷീബ സാജൻ, സഹീർഷാ, ബിനുകുഞ്ഞു, ജേക്കബ് ഉതുപ്പ്, പ്രഭാകരൻ, മിനി ഷാജി, കൃഷ്ണൻ പേരാമ്പ്ര,  ലീന ഉണ്ണികൃഷ്ണൻ, നന്ദകുമാർ, വർഗ്ഗീസ്, രാജൻ കായംകുളം, രവി ആന്ത്രോട്, റിയാസ്, ഹുസ്സൈൻ നിലമേൽ എന്നിവർ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു.



16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ  2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന്  നിര്യാതനായത്.

 
സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ,  വിദ്യാർത്ഥികാലം മുതൽക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു. വർഷങ്ങളായി ദമ്മാമിലെ സാമൂഹിക ജീവിതത്തിൽ സജീവമായിരുന്ന സനു മഠത്തിൽ മനുഷ്യസ്നേഹിയും, നിസ്വാർത്ഥനായ ജീവകാരുണ്യപ്രവർത്തകനും, മികച്ച സംഘാടകനും, രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു.

നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും, തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്റെ മനസ്സ് എന്നും നന്മകൾക്ക് ഒപ്പമായിരുന്നു.
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും, പ്രവാസലോകത്തും വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.

നിയമനടപടികൾക്ക് ശേഷം, ദമ്മാമിൽ  വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ട് പോയ ഭൗതിക ശരീരം, മോശം കാലാവസ്ഥ കാരണം കണക്ഷൻ ഫ്ലൈറ്റ് താമസിച്ചതിനാൽ, ശനിയാഴ്ച രാവിലെയാണ് കൊച്ചി എയർപോർട്ടിൽ എത്തിയത്.  ബന്ധുക്കളും, സുഹൃത്തുക്കളും, സിപിഐ പ്രവർത്തകരും ഉൾപ്പെടുന്നവർ ഏറ്റുവാങ്ങി വിലാപയാത്രയായി ജന്മദേശമായ ചിതറ അയിരക്കുഴി മഠത്തിൽ വീട്ടിൽ ഭൗതിക ശരീരം എത്തിച്ചു.

മന്തിമാരായ കെ രാജൻ, ചിഞ്ചുറാണി, വിവിധ ജനപ്രതിനിധികൾ, നവയുഗം, സി പി ഐ നേതാക്കൾ, പ്രവർത്തകർ  എന്നിവർ ഉൾപ്പെടുന്ന വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരത്തോടെ സംസ്ക്കാര ചടങ്ങുകൾ പൂർത്തിയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക