Image

കെ. കെ.നായർ (കിനാശ്ശേരിക്കാലം 24: റാണി ബി. മേനോന്‍)

Published on 08 May, 2023
കെ. കെ.നായർ  (കിനാശ്ശേരിക്കാലം 24: റാണി ബി. മേനോന്‍)

കോരകത്ത് കോദണ്ഡൻ മകൻ കൃഷ്ണൻകുട്ടി, ജന്മനാ സ്വല്പം വൈകല്യമുള്ള കുട്ടിയായിരുന്നു. ദാരിദ്ര്യവും പഷ്ണിയും കൂടിയായപ്പോൾ കിനാശ്ശേരിക്കാർ അയാളെ പരിഹസിയ്ക്കാൻ ഞാൻ മുൻപേ, ഞാൻ മുൻപേ എന്ന നിലയിൽ കടന്നു വന്നു. ഇപ്പഴത്തെ ഭാഷയിൽ പറഞ്ഞാൽ ബോഡി ഷെയിമിംഗ് എന്ന സംഭവം തന്ന്യാണ് താനും!
മനംനൊന്ത ദി സെഡ് കുട്ടി ആൾക്കാരെ ഒഴിഞ്ഞു നടന്നു.
ബോഡി ഷെയിമിംഗ് ഒക്കെ കൺസേൺ പോയിട്ട്, ഒരു തോന്നൽ പോലും അല്ലാത്ത കാലത്ത് അതിൻ്റെ അടിയേൽക്കാത്ത ഒരുത്തനും/ത്തിയും കിനാശ്ശേരി നാട്ടിലുണ്ടായിരുന്നില്ല.
ചിലർ കരഞ്ഞു, ചിലർ പ്രതിഷേധിച്ചു, ചിലർ തിരിച്ച് ഇടിയ്ക്കുകയും കടിയ്ക്കുകയും ചെയ്ത് ഒഴിവാക്കി .....
ഒഴിവാക്കി എന്ന് പറക വയ്യ, കേൾക്കെ വിളിയ്ക്കാതായി എന്നേയുള്ളൂ. അക്രമം കൂടുന്നതിനനുസരിച്ച് പേര് ബലമായി ഓർമ്മയിലുറച്ചു. ഉദാഹരണത്തിന് ഒറ്റയിരുപ്പിന് 36 ഇഡ്ഡലി തിന്നുന്നവൻ ഇഡ്ഡലിക്കേളുവായി. അങ്ങനെ വിളിയ്ക്കപ്പെട്ട ചന്ദ്രകാന്തൻ എന്ന തടിയൻ, വടിയാത്തില്ലത്തെ ആയിരുന്നൂച്ചാലും, അയാളെ സംബന്ധിയ്ക്കുന്ന എന്തും, ഇഡ്ഡലിക്കേളുവിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു. ഉദാഹരണത്തിന് ഇഡ്ഡലിക്കേളുവിൻ്റെ ഇല്ലത്തേയ്ക്ക് പോവുന്ന വഴി, ഇഡ്ഡലിക്കേളുവിൻ്റെ അപ്ഫൻ എന്നിങ്ങനെ! 

കേളു അവിടെ നിൽക്കട്ടെ!
നമ്മുടെ നായകൻ കൃഷ്ണൻകുട്ടിയാണ്! 
വൈകല്യവും, ദാരിദ്ര്യവും, അനാഥത്വവും.....
സ്വന്തം നിലയിൽ തന്നെ ഇവയിലോരോന്നും വേണ്ടത്ര തലവേദനയുണ്ടാക്കുന്നതാണ്.  അപ്പോ, ദ് മൂന്നും ചേർന്നൂച്ചാലോ, വല്ലാത്തൊരു കോമ്പിനേഷനാണ്! ആളുകൾ തലയിൽ കയറി കുട്ടിയും കോലും കളിയ്ക്കും!
പൊതുജനത്തിൻ്റെ കണ്ണിൽ പെടാതെ ഒളിച്ചു നടന്ന കൃഷ്ണൻകുട്ടി, പക്ഷെ കുഴിപ്പന്തുകളിയ്ക്കാൻ പോവാതെ കുത്തിയിരുന്ന് പഠിച്ചതുകൊണ്ട് ഒരു ഗുമസ്തപ്പണി തരായി. 

പരിഹാസത്തിന് പാത്രമാവുന്നവർക്ക് ഒരു സ്വഭാവ വൈകൃതം അധികവും വന്നു ചേരുന്നതായി കാണാം. അവർക്ക് എവിടെയെങ്കിലും ഒരു മേൽക്കെെ കിട്ടിയാൽ അവിടെ താണ്ഡവ നടനം ചെയ്യും! തനിയ്ക്ക് കിട്ടിയത് ഒന്നിനു പത്തായി മറ്റുള്ളവർക്ക് കൊടുക്കും!
കൃഷ്ണൻകുട്ടിയും, ആട്ടമൊട്ടും കാെറയ്ക്കേണ്ടായില്ല. നഗരത്തിലെ ഗവർമേൻ്റാപ്പീസിൽ, ഒരു പ്രധാന വിഭാഗത്തിൽ ഗുമസ്തനായ, കൃഷ്ണൻകുട്ടി, എന്ന ആപ്പീസു പുസ്തകത്തിലെ കെ.കെ നായർ, തൻ്റെ പ്രതാപം അവിടെ കാണിയ്ക്കുക തന്നെ ചെയ്തു. നാട്ടുകാരായവർ എന്തെങ്കിലും ഒരു കാര്യസാദ്ധ്യത്തിനായി ആപ്പീസിൽ വന്നാൽ മുഖമുയർത്താതെ, ഫയലിലേയ്ക്കൂളിയിടുകയും ഇടംകണ്ണിട്ട് ടിയാൻ തന്നെ കണ്ടുവെന്നും തൻ്റെ നേരെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളും, അംഗവിക്ഷേപങ്ങളും നടക്കുന്നുണ്ടെന്നും ഉറപ്പു വരുത്തിയ ശേഷം, നിർദ്ദയം അത് കാണാത്ത മട്ടിൽ ഓഫീസ് ക്യാൻ്റീനിലേയ്ക്ക് പോവുകയോ, ആവശ്യമില്ലാതെ തന്നെ  മേലുദ്യോഗസ്ഥൻ്റെ കാബിനിലേയ്ക്ക് സംശയ നിവാരണാർത്ഥം ഗമിച്ച് അവിടെ നിന്ന് കടന്നു കളയുകയാേ ചെയ്യുമായിരുന്നു.
വൈകുന്നേരം വഞ്ചിയുടെ വില്ലിന്മേൽ സഹയാത്രികനായി വരുന്ന അപേക്ഷകൻ, 
"ൻ്റെ കൃഷ്ണൻകുട്ട്യായരേ, ങ്ങടെ ആപ്പീസില് എത്ര നേരം കാത്തൂശ്ശ്യണ്ടോ?"
"എവ്ടെ! ഒന്നു നാേക്കണുങ്കൂടിണ്ടായില്ല്യാ" എന്നു പരിഭവം പറഞ്ഞു എന്നിരിയ്ക്കട്ടെ, 
'നീയൊക്കെ എന്നെ ന്താ വിളിച്ചേർന്നേ', 
'ഇങ്ങന്യൊന്നും അല്ലാർന്നൂല്ലോ, അന്ന്' എന്ന് ഉള്ളിൽ പല്ലിറുമ്മി, പുറത്തേയ്ക്ക് ദംഷ്ട്ര പോലിരിയ്ക്കുന്ന പല്ലു കാണിച്ച് ചിരിച്ച് 
"അ! വന്നേർന്നോ?" 
"യ്യോ! കാണേണ്ടായില്ല്യാട്ടോ! ആ പിയൂണിനോടൊന്ന് പറയാർന്നില്ലേ" എന്ന് വിനയം നടിയ്ക്കും!
പിറ്റേന്ന് ഇതേ കഥാപാത്രം, ആ പാഴ് വാക്കു വിശ്വസിച്ചു ചെന്നെന്നിരിയ്ക്കട്ടെ, 
"കൃഷ്ണൻകുട്ടി ഞാനല്ല, ഞാൻ കെ കെ നായരാണ്" 
എന്ന് പിയൂണിനെ വെളിയിലയയ്ക്കും!
"യ്യാള് ആര്ടെ നായരായലിവിടെന്താ" എന്ന് പിറുപിറുത്ത്, പിയൂൺ കഥാപുരുഷുവിനെ 
'അങ്ങിനൊരാൾ ഇവിടില്ല്യാ'ന്നോ,
'അദ്യം തിരക്കിലാ'ണെന്നോ നല്ല വാക്കു ചൊല്ലി മടക്കി അയക്കും.
കുറച്ചു കഴിയുമ്പോൾ ആവശ്യക്കാരൻ ആവശ്യം വേണ്ടെന്നു വയ്ക്കുകയോ, ഇനിയൊരാൾവഴി നടത്തിയെടുക്കുകയോ ചെയ്യും!
ചിലർ, കൂട്ടത്തിൽ,
'പലം കെട്ടോനെവ്ടെത്തീട്ടാർക്കെന്ത് ണ്ടാക്കാനാ' എന്ന് കാറ്റിനോട് ചൊന്ന് അരിശം തീർക്കുകയോ, കൃഷ്ണൻകുട്ടിയ്ക്ക് പുതിയ ചെല്ലപ്പേരു സൃഷ്ടിച്ചു പരത്തുകയാേ ചെയ്യും!

നാട്ടിലെ രംഭയായ രതിയെ, കൃഷ്ണൻകുട്ടിയ്ക്ക് നേടിക്കൊടുത്തതും അതേ ഗുമസ്തപ്പണി തന്നെ! നിത്യ നിവൃത്തിയ്ക്ക് വകയോ, വിവാഹച്ചിലവിന് പണമോ ഇല്ലാതിരുന്ന രതിയ്ക്ക്, 
'ഗുമസ്തൻ കൃഷ്ണൻകുട്ട്യേ അല്ലാണ്ടേ, ഒരു കാമദേവനെ വരനായി കിട്ടാൻ വയ്ക്ക്വോ' എന്നാണ്, ശ്രീഭൂതനാഥ ക്ഷേത്രത്തിലെ പൂജാരിയും, വകയിൽ ഒരു ഭൈമീ കാമുകനുമായിരുന്ന ശങ്കരൻ  പുരാണങ്ങളിലുള്ള തൻ്റെ അവഗാഹം വാക്കാൽ തെളിയിച്ചത്!

ശാരീരിക പരിമിതികൾ ഒന്നിനും ഒരു തടസ്സമല്ല എന്ന് ബോധിപ്പിയ്ക്കാനെന്നോണം, രതി, വിവാഹശേഷം ആറു വർഷത്തിനുള്ളിൽ അഞ്ചു കുട്ടികൃഷ്ണന്മാരെ പെറ്റു കൂട്ടുകയും, കൃഷ്ണൻകുട്ടിയ്ക്ക് അഞ്ചിൻ്റച്ഛൻ എന്നൊരു പുതിയ പേര് പതിഞ്ഞു കിട്ടുകയും ചെയ്തു.
കാലം പോകെ തരക്കേടില്ലാത്ത വിത്തത്തിനുടമയായ കൃഷ്ണൻകുട്ടി എന്ന കെ. കെ നായർ നാട്ടുപ്രമാണിയാവുകയും, അടുത്തൂൺ പറ്റിയ വൃദ്ധനാവുകയും ചെയ്തു.
പെൻഷൻ പറ്റിയ അദ്ദേഹം നാലാമത്തെ മരുമകളുടെ അച്ഛനുമായി ചേർന്ന് കൾഗം എന്ന് പറയപ്പെട്ടിരുന്ന ടർക്കിക്കോഴി വളർത്തൽ തുടങ്ങി. 
ടർക്കിക്കോഴിയ്ക്കെന്ത് ഗവർമേൻ്റ് സിക്രട്ടറി!
എന്ത് പിയൂൺ! 
ഒരു നാൾ തന്റെ കൂട്ടുകാരനുമായി പോരിൽ തോറ്റ ഒരു കൾഗം, കെ. കെ നായരുടെ പിന്നാലെ പോയി ഓടിച്ചു വിടുകയും, പിന്നാമ്പുറത്ത് നല്ലൊരു കൊത്തു വച്ചു കൊടുക്കുകയും ചെയ്തു!
നിൽപ്പാനും ഇരിപ്പാനും വയ്യാതെ കിനാശ്ശേരിക്കവലയിലൂടെ നടക്കുന്ന കൃഷ്ണൻ കുട്ടി നായരെ നോക്കി, പണ്ടത്തെ കയ്ക്കുന്ന ആപ്പീസ് വരാന്ത ഓർമ്മയിൽ പരമൻ വിളിച്ചു പറഞ്ഞു!
"യ്യാള് കെ. കെ നായരാത്രേ!" 
"ഇപ്ലാ, ശരിയ്ക്കും എനിയ്ക്കതങ്ങട് പിടി കിട്ടീതേയ്!"
"കോഴി കൊത്ത്യ നായര്!"
അങ്ങിനെ പരമ സാധുവും, സാധ്വിയുമായ അമ്മാളൂട്ടിയമ്മയുടെ മകൻ, കോഴി കൊത്ത്യ നായരായി കിനാശ്ശേരി രേഖകളിൽ അസ്ഥാനത്തുള്ള നോവിനാൽ ഞെളിപിരി കൊണ്ട് കിടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക