Image

താനൂരെ കൂട്ടക്കൊല (ലേഖനം: സാം നിലമ്പള്ളില്‍)

Published on 10 May, 2023
താനൂരെ കൂട്ടക്കൊല (ലേഖനം: സാം നിലമ്പള്ളില്‍)

അപകടങ്ങളില്‍ ഒരാള്‍ മരിച്ചാലും അന്‍പതുപേര്‍ മരിച്ചാലും ഒരുപോലെ വേദനാജനകമാണ് മനുഷ്യസ്‌നേഹികള്‍ക്ക്. താനൂരിലെ ബോട്ടപകടത്തില്‍ ഒരു കുടുംബത്തിലെ പതിനൊന്നുപേര്‍ മരിച്ചെന്ന് കേട്ടപ്പോള്‍, അതും എട്ടോളം കുട്ടികള്‍, ഹൃദയഭേദകമായി തോന്നി. അവിടെ നടന്നത് അപകടമല്ല കൂട്ടക്കൊലയാണ്. മനുഷ്യജീവന് യാതൊരുവിലയും കല്‍പിക്കാത്ത ഒരുകൂട്ടം ആളുകളുടെ, ഹീനപ്രവര്‍ത്തിയായിട്ടേ അതിനെ വിശേഷിപ്പിക്കാനാകൂ. അവര്‍ക്ക് പണമാണ് പ്രധാനം. അതിനുവേണ്ടി എന്ത് കുത്സിതപ്രവര്‍ത്തി ചെയ്യാനും  മടിയില്ലാത്ത കൂട്ടര്‍. അതില്‍ ബോട്ടുടമകളുണ്ട് ബിസിനസ്സുകാരുണ്ട് സര്‍ക്കാര്‍ ജീവനക്കാരുണ്ട് സര്‍ക്കാറുമുണ്ട്. എവിടെങ്കിലും അപകടം നടക്കുമ്പോള്‍, അതില്‍ അനേകംപേര്‍ മരിക്കുമ്പോള്‍, ഓടിയെത്തി അനുശോചനം രേഖപ്പെടുത്തുകയും ഏതാനും ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുകയുമായാല്‍ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന് വിശ്വസിക്കുന്ന ഭരണാധികാരികള്‍. ഓരോദിവസവും കേരളത്തിലെ റോഡുകളില്‍ പൊലിയുന്ന ജീവനുകളെപറ്റി ഇവര്‍ വ്യാകുലപ്പെടുന്നുണ്ടോ?  അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍., അവിടെ  വോട്ടുനേടാനില്ല. അപകടങ്ങള്‍ തടയാനുള്ള മാര്‍ഗമെന്താണന്ന് ഇവരെ പഠിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക? 

 താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലെന്നാണ് കേട്ടത്. അനധികൃതമായി സര്‍വീസ് നടത്തി ലാഭംകൊയ്യുന്ന ഈബോട്ടിന്റെ കാര്യം അറിയാത്തവരല്ല ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍. അവരെ കാണേണ്ടതുപോലെകണ്ട്  ബോട്ടുടമ പ്രീതിപ്പെടുത്തിയിട്ടുണ്ട്. ഒരു പഴയ ഫിഷിങ്ങ്‌ബോട്ടുവാങ്ങി റീമോഡല്‍ചെയ്ത് ഉല്ലാസബോട്ടിന്റെ രൂപത്തിലാക്കിയതാണ് അപകടത്തില്‍ പെട്ടത്.ഫിഷിങ്ങ്‌ബോട്ടില്‍ ഏതാനും ആളുകള്‍ക്ക് മാത്രമേ സഞ്ചരിക്കാനാകൂ. അപകടത്തില്‍പെട്ട ബോട്ടില്‍ പരിധിയില്‍കവിഞ്ഞത്ര ആളുകളെ കയറ്റിയെന്നാണ് അറിയുന്നത്. 22 പേര്‍ മരിച്ചു. ഏതാനും ആളുകള്‍ നീന്തി രക്ഷപെട്ടു. അപ്പോള്‍ ബോട്ടുജീവനക്കാരും യാത്രക്കാരും ഉള്‍പെടെ നാല്‍പതോ അതിലധികമോപേര്‍ അതിലുണ്ടായിരിക്കണം. നിയമം ഇവിടെ നഗ്നമായി ലഘിക്കപെട്ടിരിക്കുന്നു. യാത്രാബോട്ടുകളില്‍ എല്ലാവരും ലൈഫ്ജാക്കറ്റുകള്‍ ധരിച്ചിരിക്കണം. അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പൊടിക്കുഞ്ഞുങ്ങളെ ഉല്ലാസനൗകകളില്‍ കൊണ്ടുപോകാന്‍ പാടില്ലാത്തതാണ്. ഒരു അപകമുണ്ടായാല്‍ കുഞ്ഞുങ്ങളെ രക്ഷപെടുത്താന്‍ പ്രയാസമാണ്. ഇങ്ങനെയുള്ള നിബന്ധനകളാണ് ലഘിക്കപ്പെട്ടിരിക്കുന്നത്.

ബോട്ടിന്റെ ഉടമയെ അറസ്റ്റുചെയ്ത് ശിക്ഷിച്ചതുകൊണ്ടുമാത്രം സര്‍ക്കാരിന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. ബോട്ടിന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍കൂടി ശിക്ഷിക്കപ്പെടണം. അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഘരല്ല. ജോലിയില്‍നിന്ന് പിരിച്ചുവിടലാണ് തക്കതായ ശിക്ഷ.

 അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡിസ്മിസ്സ് ചെയ്യപ്പെട്ടാല്‍ നീതിനിര്‍വഹണം സുഗമമായി നടക്കും. ജനാധിപത്യരാജ്യമായതുകൊണ്ട് എന്തും ചെയ്യാമെന്നും  തൊഴിലാളി യൂണിയന്‍ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്നും  ധരിച്ചിട്ടാണ് പലരും ഭയമില്ലാതെ അഴിമതി നടത്തുന്നത്. ജനാധിപത്യം എന്ത് തോന്യവാസം ചെയ്യാനുമുള്ള അവകാശമല്ല. കേരളം അഴിമതിയില്‍ കുളിച്ചുനില്‍കുന്നത് മേല്‍പറഞ്ഞ ന്യായങ്ങളുടെ പേരിലാണ്. ഭരണത്തലപ്പത്ത് മുതല്‍ സര്‍ക്കാര്‍ ആഫീസിലെ പീയൂണ്‍വരെ അഴിമതി വീരന്മാരാണ്. അവര്‍ക്ക് ആരെയും ഭയമില്ല.കൈക്കൂലി കൈനീട്ടിവാങ്ങാന്‍ യാതൊരു ലജ്ജയുമില്ല. ഇതിനെല്ലാം മാറ്റംവരണം, ഇല്ലെങ്കില്‍ താനൂര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

samnilampallil@gmail.com

Join WhatsApp News
Ajith 2023-05-10 03:07:01
മരിച്ചവരുടെ കുടുംബത്തിന് ആളൊന്നിന് പത്തു ലക്ഷം കൊടുക്കുമെന്ന് ഓടിവന്നു സ്വാന്തനപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞില്ലേ? മരുമകൻ റിയാസും കൂടെ ഉണ്ടായിരുന്നല്ലോ! വെറും ഏഴു മാസങ്ങൾ മുൻപ് മാത്രം സംഭവിച്ച വടക്കാഞ്ചേരി ടൂറിസ്റ്റു ബസ് അപകടം ആരും മറന്നു കാണില്ലല്ലോ. സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ പാവം കുട്ടികളായിരുന്നു ബസിൽ. ഒരു മുഖ്യമന്ത്രിയും മരുമകനും അവിടെ ഓടിയെത്തിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ വച്ച് മരിച്ചവരുടെ കുടുംബത്തിന് നൽകുമെന്ന് പറഞ്ഞു. ഇതുവരെ കൊടുത്തതായി അറിവില്ല. അതെന്താ മുഖ്യാ അവർക്കു രണ്ടു ലക്ഷവും ഇവർക്ക് പത്തു ലക്ഷവും എന്ന് ചോദിക്കാൻ ആരുമുണ്ടായില്ല കേരളത്തിൽ! കൂടുതൽ ഒന്നും പറയേണ്ടല്ലോ. എല്ലാം വോട്ടു ബാങ്ക് തന്നെ. താങ്കളെന്താ ഈ വിവേചനത്തെപ്പറ്റി എഴുതാത്തത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക