Image

യുക്രെയിന്‍ പടയാളികളുടെ ക്രൂരമായ ശിരച്ഛേദനം(കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 10 May, 2023
യുക്രെയിന്‍ പടയാളികളുടെ ക്രൂരമായ ശിരച്ഛേദനം(കോര ചെറിയാന്‍)

ഫിലാഡല്‍ഫിയാ, യു.എസ്.എ.: യുക്രെയ്ന്‍ പടയാളിയുടെ തല അതിക്രൂരമായി വന്‍ജനാവലിയുടെയും വീഡിയോ ക്യാമറകളുടേയും സാന്നിദ്ധ്യത്തില്‍ വെട്ടി വേര്‍പെടുത്തി. ഓണ്‍ലൈന്‍ദ്വാര അതിവേഗം ആഗോളതലത്തലത്തില്‍ ഹീനമായ നരഹത്യ വീഡിയോമൂലം വ്യാപിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും ഈ ക്രൂരകൃത്യം നടത്തിയതായി സംഘടനകളോ റഷ്യന്‍ സൈന്യമോ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. പൂര്‍ണ്ണമായ അന്വേഷണം ആരംഭിയ്ക്കുവാന്‍ യുക്രെന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കൈ പറഞ്ഞതായി തലസ്ഥാന നഗരമായ കീവില്‍നിന്നുമുള്ള എ. പി. റിപ്പോര്‍ട്ട്  ചെയ്യുന്നു.

   സാമാന്യരായ ലോകജനത പരസ്യമായ ശിരച്ഛേദന വീഡിയോ ദൃശ്യം കണ്ടു വിലപിയ്ക്കുമ്പോഴും റഷ്യന്‍ പട്ടാളം യുക്രെയ്‌നിലെ ബാക്മുട്ട് പ്രവിശ്യയിലെ 3 ജില്ലകളില്‍ ഘോരയുദ്ധം നടത്തി നിരവധി നിര്‍ദോഷികളെ കൊലചെയ്തു വിജയക്കൊടി പറപ്പിയ്ക്കുന്നു. യുദ്ധക്കെടുതിയില്‍ മുറിവേറ്റു അതിവേദനയോടെ പൊട്ടിക്കരയുന്ന സഹസൈനീകനെ രക്ഷിയ്ക്കുവാനോ വൈദ്യസഹായം നല്‍കുവാനോ ഉള്ള യാതൊരു സൗകര്യവും ഇല്ലാത്തതിനാല്‍ തല വെട്ടിമാറ്റി മുക്തികൊടുത്തതായി റഷ്യന്‍ സൈനീക മേധാവികള്‍ പറയുന്നു. മരിച്ചവന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈനീകര്‍ തന്നെ ഊരിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കയച്ചതായി യുക്രെയ്ന്‍ അധികൃതര്‍ അവകാശപ്പെടുന്നു.

   2022, ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ ആക്രമണങ്ങളെത്തുടര്‍ന്ന്  നടത്തിക്കൊണ്ടിരിക്കുന്ന ഹീനബലാല്‍ സംഘം അടക്കമുള്ള ക്രൂരപീഢനം അനുദിനം വര്‍ദ്ധിക്കുന്നതായി എ. പി. റിപ്പോര്‍ട്ട് ചെയ്യുന്നു.


    യുവത്വത്തിന്റെ പ്രാഥമിക ദിശയില്‍പോലും എത്തിച്ചേരാത്ത പിഞ്ചുബാലികകളെപ്പോലും നിരന്തരം നിഷ്ഠൂരമായി കാമാര്‍ത്തിയോടെ ഓടിച്ചിട്ടുപിടിച്ച് പീഢിപ്പിയ്ക്കുന്ന നിത്യ സംഭവങ്ങള്‍ മാദ്ധ്യമങ്ങള്‍ പരസ്യപ്പെടുത്തുവാന്‍ ലജ്ജിക്കുന്നതായി എ. പി. റിപ്പോര്‍ട്ടില്‍തന്നെ പറയുന്നു. 1917-ലെ റഷ്യന്‍ വിപ്ലവത്തിന് മുന്‍പായി ഏകാധിപത്യ രാജകീയ ഭരണം നടത്തിയിരുന്ന റ്റിസാര്‍ നിക്കോളാസ് രണ്ടാമന്റെ ഭീകര കാലഘട്ടത്തിലേക്ക് റഷ്യ വഴുതിവീഴുന്നതിന്റെ തുടക്കമായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

   യുദ്ധാരംഭകാലം മുതല്‍തന്നെ റഷ്യന്‍ സൈന്യം അന്തര്‍ദേശീയ യുദ്ധനിയമങ്ങള്‍ നിരന്തരം തെറ്റിയ്ക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റൈറ്റ്‌സ് ഗ്രൂപ്പ് പരാതിപ്പെട്ടതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ഇപ്പോഴും  സിവിലിയന്‍ അപ്പാര്‍ട്ട്‌മെന്റുകളും സിവിലിയന്‍ സ്ഥാപനങ്ങളും ബോംബ് ചെയ്ത് നശിപ്പിയ്ക്കുന്നു. റഷ്യന്‍ ബോംബാക്രമണത്തില്‍ കൂട്ടമായി കൊല്ലപ്പെട്ട യുക്രെയിന്‍ സിവിലിയന്‍സിന്റെ ശവങ്ങള്‍ തെരുവിന്റെ പല ഭാഗങ്ങളിലും ചിന്നിച്ചിതറി കിടക്കുന്ന  ശോചനീയ ദൃശ്യങ്ങളും, ഷെല്ലിങ്ങും വെടിയും ഭയന്ന് പ്രാണരക്ഷാര്‍ത്ഥം ഓടുന്ന സിവിലിയന്‍ ജനതയുടെ വീഡിയോ ദൃശ്യങ്ങളും മാദ്ധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രസിദ്ധീകരിയ്ക്കുന്നതിനാല്‍ പല രാജ്യങ്ങളും നിബന്ധനകളും നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി ഏര്‍പ്പെടുത്തിയതായി അറിയപ്പെടുന്നു. പടക്കളത്തില്‍ വെടിയേറ്റുമരിച്ച സേനാംഗങ്ങളുടെയും സിവിലിയന്‍സിന്റെയും മൃതദേഹങ്ങള്‍ വന്‍കുഴികള്‍ നിര്‍മ്മിച്ച് കൂട്ടമായി മറവുചെയ്യുന്നതായി യു.എന്‍. വാര്‍ത്തയില്‍ പറയുന്നു.

    ബലംപ്രയോഗിച്ച് യുക്രെയ്ന്‍ കുട്ടികളേയും സ്ത്രീകളേയും റഷ്യയിലേക്ക് കടത്തികൊണ്ടുപോകുന്ന യുദ്ധ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം റഷ്യന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ പുടിന്റെമേല്‍ ചുമത്തി ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. യുക്രെയിന്‍ സേനയുടെ മുന്‍പില്‍ സ്വയരക്ഷാര്‍ത്ഥം പരാജിതത്വം അംഗീകരിച്ചു കീഴ്‌പ്പെടുവാന്‍ തയ്യാറായി എത്തിയ റഷ്യന്‍ പട്ടാളക്കാരെ നിഷ്ഠൂരമായി വെടിവെച്ച് വീഴ്ത്തിയതായ ആരോപണങ്ങള്‍ അന്വേഷിയ്ക്കുമെന്ന് സെലന്‍സ്‌കൈ പറയുന്നു.

    യുക്രെയ്ന്‍ ഗവര്‍മെന്റ് റഷ്യന്‍ ആക്രമണത്തിന്റെ സാഹചര്യത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദമായും സത്യമായും അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കമ്മീഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിനോടും യു. എന്‍. മോണിട്ടറിംങ്ങിനോടും ഇന്റര്‍നാഷണല്‍ റെഡ്‌ക്രോ സിനോടും ആവശ്യപ്പെട്ടതായി എ. പി. റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ അധികാരികള്‍ അന്തര്‍ദേശീയ യുദ്ധ നിബന്ധനകള്‍ നിരാകരിച്ചു തടങ്കലില്‍ കഴിയുന്ന യുക്രെയിന്‍ സേനാംഗങ്ങളെ പരസ്യമായി വിസ്തരിച്ചു വധശിക്ഷ നല്‍കുന്നത് നിത്യസംഭവമായി മാറി.
    യുക്രെയിന്റെ തലസ്ഥാനമായ കീവില്‍നിന്നും വെറും 448 കിലോമീറ്റര്‍ (278 മൈല്‍സ്) ദൂരത്തായുള്ള സാഫോറീസിയ ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റിന് സമീപത്തു നടത്തിയ റഷ്യന്‍ ഷെല്ലിംഗില്‍ 4 സ്വദേശികള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റായി. ന്യൂക്ലിയര്‍ പവ്വര്‍ പ്ലാന്റില്‍ ഷെല്ലാക്രമണമുണ്ടായാലുള്ള വിപത്തുകള്‍ വിഭാവനയിലും ഉപരിയായിരിയ്ക്കും.

    15 മാസത്തിലധികമായ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധത്തിന്റെ അവസാനഘട്ടം ലോക രാജ്യങ്ങളുടെ പ്രതീക്ഷകള്‍ക്കും ഉപരിയായി നീളുകയാണ്. 5 ലക്ഷത്തിലധികമുള്ള റഷ്യന്‍ സേനയെ പരാജയപ്പെടുത്തി സ്വന്തം രാജ്യം രക്ഷിയ്ക്കുവാന്‍ വേണ്ടി യൂറോപ്യന്‍ യൂണിയനടക്കം പല വന്‍ശക്തി കേന്ദ്രങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തിലും ഉപരിയായി ആയുധ സഹായവും 3 ലക്ഷം സേനാംഗങ്ങളുള്ള യുക്രെയിന് കിട്ടുന്നു. സകല സന്നാഹങ്ങളോടുകൂടിയ സംഘട്ടനത്തില്‍ പാരാജിത വിഭാഗം ആദ്യമായി ന്യൂക്ലിയര്‍ പവ്വറിനെ ആശ്രയിക്കാതിരിക്കട്ടെ.

    വെല്ലുവിളിയോടെ നിലകൊള്ളുന്ന ഇരുരാജ്യങ്ങളെയും സമാധാന സന്ധിയിലേക്ക് ആനയിക്കുവാന്‍ ഇന്‍ഡ്യയടക്കം ചേരിചേരാത്ത രാജ്യങ്ങള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കണം. വന്‍ശക്തികളായ അമേരിയ്ക്കയുടെയോ ചൈനയുടെയോ ഇടപെടല്‍ ഏകമായി അംഗീകരിയ്ക്കുക സാധാരണ രീതിയില്‍ ഇപ്പോള്‍ അസാദ്ധ്യമാണ്.
കോര ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക