Image

അലന്‍ മാളില്‍ ഘാതകന്റെ തോക്കിന് ഇരയായവരില്‍ നാലുപേര്‍ ഏഷ്യന്‍ വംശജര്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 May, 2023
അലന്‍ മാളില്‍ ഘാതകന്റെ തോക്കിന് ഇരയായവരില്‍ നാലുപേര്‍ ഏഷ്യന്‍ വംശജര്‍- (ഏബ്രഹാം തോമസ്)

അലന്‍, ടെക്‌സസ്: അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളില്‍ ഒരു ഘാതകന്‍ കടന്നെത്തി തുരുതുരെ വെടിയുതിര്‍ത്ത് ഏഴുപേരെ വധിക്കുകയും മറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യമായി അലന്‍പോലീസ് ചീഫ് ബ്രയാന്‍ ഹാര്‍വീയും സഹപ്രവര്‍ത്തകരും ഒരു ബ്രീഫിംഗ് നടത്തി.

മൗരിസിയോ ഗാര്‍സ എന്ന കൊലപാതകി മൂന്ന് തോക്കുകള്‍ വെടിവയ്ക്കുന്ന സമയത്ത് കൈവശം വച്ചിരുന്നു. അഞ്ചു തോക്കുകള്‍ വാഹനമായ 2014 ഡോഡ്ജ് ചാര്‍ജറിലും ഉണ്ടായിരുന്നു. പിന്നീട് ഒരു സെര്‍ച്ച് വാറണ്ട് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വിവിധ കൈത്തോക്കുകളും ലോംഗ് ഗണ്ണും വെടിക്കോപ്പുകളും വാഹനത്തില്‍ കണ്ടെത്തിയതായി ഒരു ടിവി സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാര്‍സിയയുടെ മാതാപിതാക്കളുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ നിന്നും എഫ്ബിഐ ഏജന്റുമാര്‍ കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി. ഗാര്‍സിയയുടെ ഡ്രൈവേഴ്‌സ് ലൈസന്‍സില്‍ ന്ല്‍കിയിരുന്ന വിലാസം ബഡ്ജറ്റ് സ്യൂട്ട്‌സ് ഓഫ് അമേരിക്ക എന്ന എക്‌സ്റ്റെല്‍ഡസ് സ്റ്റേ ഹോട്ടലിന്റേതായിരുന്നു. അതിനാലാണ് അയാളുടെ മാതാപിതാക്കളുടെ വീട്ടിലും സെര്‍ച്ച് നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍  നാല് പേര്‍ ഏഷ്യന്‍ വംശജരാണ്. ഹൈദ്രബാദുകാരിയായ സോഫ്റ്റ് വെയര്‍ ഇഞ്ചിനിയര്‍ ഐശ്വര്യ തട്ടികോണ്ടയാണ് ഏക ഇന്‍ഡ്യന്‍ വംശജ. ഒരു കൊറിയന്‍ കുടുംബത്തിലെ മൂന്ന് പേര്‍, സഹോദരികളായ രണ്ട് ഹിസ്പാനിക് വംശജര്‍, 20 വയസുള്ള ഒരു സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരാണ് മറ്റുള്ളവര്‍. പരിക്കേറ്റവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മറ്റൊരാളുടെ പരിക്ക് ഗൗരവതരമാണ്. 

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെ വേഗം വളര്‍ന്ന രണ്ട് ഡസന്‍ നഗരങ്ങളുണ്ട്. ഡാളസിന് ചുറ്റും അവയില്‍ ഒന്നാണ് അലന്‍. മാളില്‍ 500ല്‍ അധികം സ്റ്റോറുകളുണ്ടെന്ന് വര്‍ഷങ്ങളായി പരസ്യങ്ങളുണ്ട്. ഡാളസില്‍ നിന്ന് 25 മൈല്‍ വടക്ക്, കിഴക്കായി സ്ഥിതി ചെയ്യുന്ന അലനില്‍ വെളുത്ത വര്‍ഗക്കാരാണ് കൂടുതല്‍. 67.2%. തൊട്ടടുത്ത് ഏഷ്യന്‍ വംശജര്‍-17.5%. ഹിസ്പാനിക്കുകള്‍-15.8% കറുത്ത വര്‍ഗക്കാര്‍-11.6% ത്തിലധികം വംശങ്ങള്‍ അവകാശപ്പെടുന്നവര്‍-2.9 %, അമേരിക്കന്‍ ഇന്ത്യന്‍-0.7% എന്നിങ്ങനെയാണ് ജൂലൈ 2022ല്‍ കണക്കാക്കിയ വിവിധ വംശജര്‍.

വിഭിന്ന വംശജര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും അലന്‍ മാള്‍ ഒരു ആശ്രയമാണ്. ആഴ്ചയുടെ അവസാനത്തില്‍ ഒഴിവു സമയം ചെലവഴിക്കാനും  നഗരവാസികളില്‍ പലരും മാള്‍ ഇഷ്ടപ്പെടുന്നു. അലസമായി ചെലവഴിക്കേണ്ടിയിരുന്ന ഒരു വാരാന്ത്യമാണ് എട്ടു ജീവനുകള്‍ അപഹരിച്ചത്.

ശനിയാഴ്ച വൈകീട്ട് 3.30നാണ് 800 വെസ്റ്റ്  സ്റ്റേസി റോഡി(യു.എസ്. ഹൈവേ 75)ന് സമീപമുള്ള മാളില്‍ വെടിവയ്പ് നടത്തിയത്. ഘാതകനെ ഉടനെ തന്നെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. വളരെ ധീരനായി ഘാതകനെ നേരിട്ട് കൊലപ്പെടുത്തിയ പോലീസുകാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഡാളസ് ഡൗണ്‍ ടൗണിന് വളരെ അടുത്തുള്ള ബ്രയാന്‍ ആഡംസ് സ്‌ക്കൂളില്‍ നിന്ന് 12-ാം തരം 2008 ല്‍ പൂര്‍ത്തിയാക്കിയ ഗാര്‍സിയ യു.എസ്. ആര്‍മിയില്‍ ചേര്‍ന്നു. മാനസികപ്രശ്‌നം മൂലം ആര്‍മിയില്‍ നിന്ന് പുറത്തായി. ഇനിഷ്യല്‍ എന്‍ട്രി ട്രെയിനിംഗ്‌പോലും പൂര്‍ത്തിയാക്കാതെ.

തീവ്ര വലതു പക്ഷ ചിന്താഗതിയോട് ഗാര്‍സിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു എന്ന് നിയമപാലകര്‍ പറയുന്നു. അയാള്‍ ഒരു ലൈസന്‍സ്ഡ് സെക്യൂരിറ്റി ഗാര്‍ഡായിരുന്നു എന്ന് രേഖകള്‍ തെളിയിക്കുന്നു. അവരുടെ വീടിന് മുന്നില്‍ ഡോഡ്ജ് ചാര്‍ജര്‍ പാര്‍ക്ക് ചെയ്തിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു. കുറെ നാളുകളായി ഈ വാഹനം അവര്‍ കണ്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എഫ്ബിഐ ഏജന്റുമാര്‍ക്കും പോലീസിനും ഗാര്‍സിയ എന്ത് കൊണ്ടാണ് കൊലപാതകങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. ഗാര്‍സിയയുടെ ഒരു വെബ്‌സൈറ്റ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്ടി റീജിണല്‍ ഡയറക്ടര്‍ ഹാങ്ക് സിബ്ലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക