Image

കൊടുക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം, ചിറമ്മൽ അച്ഛൻ മാതൃകയായി: ജോസ്-ആലീസ് ദമ്പതികളുടെ 'ഓര്‍മ്മ വില്ലേജ്'

എ.എസ്  Published on 12 May, 2023
കൊടുക്കുമ്പോഴാണ്  കൂടുതല്‍ സന്തോഷം, ചിറമ്മൽ അച്ഛൻ മാതൃകയായി: ജോസ്-ആലീസ് ദമ്പതികളുടെ   'ഓര്‍മ്മ വില്ലേജ്'

പത്തനാപുരം: അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും വിധവകള്‍ക്കും സമൂഹത്തില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കുമായി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം മെയ് 21-ാം തീയതി ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് പത്തനാപുരത്ത് നടക്കും. ഓര്‍മ വില്ലേജ് എന്ന് പേരിട്ടിരിക്കുന്ന ഒരേക്കർ സ്ഥലത്ത് വിഭാവനം ചെയ്യുന്ന 15 വീടുകളില്‍ ആദ്യ ഘട്ടമായ അഞ്ച് വീടുകളുടെ താക്കോല്‍ ദാന ചടങ്ങാണ് കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം പാണ്ടിത്തിട്ട എന്ന സ്ഥലത്ത് നടക്കുന്നത്. 

ജോസ് പുന്നൂസിന്റെയും ആലീസ് ജോസിന്റെയും മാതാപിതാക്കളോടുള്ള സ്‌നേഹ സ്മരണയുടെ പ്രതീകമായാണ് ഓര്‍മ വില്ലേജ് ഒരുങ്ങിയിരിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, സ്ഥലം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍, മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ, പാലാ എം.എല്‍.എ മാണി സി കാപ്പന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫ് അലി, ഫ്‌ളവേഴ്‌സ് ചാനല്‍ ചെയര്‍മാന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, നടന്‍ സുരാജ് വെഞ്ഞാറമൂട്, ഫോമാ മുന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ താക്കോല്‍ ദാന ചടങ്ങില്‍ സംബന്ധിക്കും. 

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന വീടില്ലാത്ത വിധവകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന പദ്ധതിയാണ് ഓര്‍മ വില്ലേജ് എന്നും ഇതിന്റെ താക്കോല്‍ ദാന ചടങ്ങിലേക്ക് ഏവരേയും പ്രത്യേകമായി ക്ഷണിക്കുന്നുവെന്നും അനിയന്‍ ജോര്‍ജും, ജോസ് പുന്നൂസും, കേണല്‍ ആലീസും അറിയിച്ചു. ചാരിറ്റി ജീവിത നിയോഗമാക്കിയ അനിയന്‍ ജോര്‍ജ് ആണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത്.

''നമ്മള്‍ ശുഷ്‌ക്കമായ ഈ ജീവിതത്തില്‍ നേടിയതെല്ലാം ഉപേക്ഷിച്ച് ഈ ലോകത്തു നിന്നും വിട പറയേണ്ടവരാണ്. പക്ഷേ, പലതും നമുക്കു ചുറ്റും ഉള്ളവര്‍ക്കായി വച്ചിട്ട് പോകാനും സാധിക്കും. ഡോ. ചിറമേല്‍ അച്ചന്റെ തത്വങ്ങളോട് യോജിക്കുന്ന വ്യക്തിയാണ് ഞാന്‍. കൊടുക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സന്തോഷം കിട്ടുന്നതെന്നാണ് അച്ചന്‍ പറയുന്നത്. ആ വിശാലമായ നന്മയില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞാനും എന്റെ കുടുംബവും...'' ജോസ് പുന്നൂസ് പറഞ്ഞു. 

പത്തനാപുരത്ത് തലവൂരില്‍ അഞ്ഞൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കൊട്ടക്കാട്ടുവിളയിലെ പുരാതന കര്‍ഷക  കുടുംബാംഗമായ ജോസ് പുന്നൂസ് നാട്ടിലെ പ്രീഡിഗ്രി പഠനത്തിനും ഡല്‍ഹിയിലെ ഇലക്‌ട്രോണിക്‌സ് പഠനത്തിനും ശേഷം നാട്ടില്‍ ബിസിനസ് നടത്തുകയും 1985ല്‍ വിവാഹ ശേഷം ഭാര്യയുടെ മിലിട്ടറി സര്‍വീസുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യുയുടെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുകയും ചെയ്തു. 

2001ല്‍ ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി. തുടര്‍ന്ന് ഹൂസ്റ്റന്‍ സിറ്റിക്കടുത്തുള്ള പാസദീനയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ആരംഭിച്ചു. ഭാര്യ ആലീസ് നേഴ്‌സായാണ് റിട്ടയര്‍ ചെയ്തത്. ബിസിനസ് സംരംഭം ലീസിനു കൊടുത്ത് ഇരുവരും ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. ടെക്‌സസ് സ്റ്റേറ്റ് ഗവണ്‍മെന്റില്‍ ജോലി ചെയ്യുന്ന ജെസ്‌ലിന്‍ ജോസ് (മാസ്റ്റേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത്) ആണ് മൂത്തമകള്‍. ഡോ. ജിഷ ജോസ് (എം.ഡി, എം.പി.എച്ച്-നിയോ നാറ്റോളജി) ആണ് ഈ ദമ്പതികളുടെ രണ്ടാമത്തെ മകള്‍. 

രാജഗിരി ബില്‍ഡേഴ്‌സിന്റെ സാരഥി നിശാന്ത് നായര്‍ ആണ് വീടുകള്‍ രൂപകല്പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്. സ്ഥലവും വീടും ഉള്‍പ്പെടെ 15 ലക്ഷം രൂപയാണ് ഒരു വ്യക്തിക്കു വേണ്ടിയുള്ള മുതല്‍ മുടക്ക്. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ച് വീടുകളുടെ താക്കോല്‍ ദാനത്തിനു ശേഷം ബാക്കി പത്ത് വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇത് തങ്ങളുടെ സ്വപ്നപദ്ധതിയാണെന്നും ജോസ് പുന്നൂസും കുടുംബവും പറഞ്ഞു.

#orma_village

Join WhatsApp News
P. M. Thomas 2023-05-12 13:15:26
Sir it's a good news. God bless u & ur families.
Mini 2023-05-12 13:41:11
So commendable. May God bless them more and more.
Dr. Jacob Thomas 2023-05-12 16:07:24
Great job
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക