Image

നിര്‍ലോപമീ പ്രണയം (ചിഞ്ചു തോമസ്)

Published on 12 May, 2023
നിര്‍ലോപമീ പ്രണയം (ചിഞ്ചു തോമസ്)

ആകാശം നിറയെ അപൂർണ്ണങ്ങളായി വൃത്താകൃതിയിൽ രൂപപ്പെട്ട ആയിരമായിരം കുഞ്ഞു  മേഘപടലങ്ങൾക്കിടയിൽ പൂർണ്ണവൃത്തത്തിൽ പൗർണ്ണമി നിർലോപമായി  വെളിച്ചം പകർന്ന് നിൽക്കുകയാണ് ,  ഇരുട്ട് മൂടിയ ഭൂമിക്ക് മാനത്ത് കത്തിച്ചുവെച്ച മെഴുകുതിരി എന്നപോലെ.
നിലാവത്ത് അവൾ അക്ഷമയോടെ കാത്തുനിൽക്കുകയാണ്. അവനെത്തന്നെ. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഇടയ്ക്ക് തലപൊക്കി നോക്കും. അതിനൊന്നും ഉത്തരങ്ങളില്ല. ഉള്ളതെല്ലാം മറുചോദ്യങ്ങൾ.  അവളുടെ തലക്കകത്ത് നടക്കുന്നത് ചോദ്യങ്ങളും ചോദ്യങ്ങളും തമ്മിലുള്ള വാക്പോരാണ്.

പുതുതായി നട്ടുവളർത്തിയ ചെടി നിറയെ കുടമുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പൂക്കളുടെ ഗന്ധം അവളുടെ നാസാഗ്രം കടന്നു  ചെന്ന് ഇളകി മറിഞ്ഞു നാശമായ തലച്ചോറിന് ഒരു പൂങ്കാവനം തന്നെ സൃഷ്ടിച്ചു.  സമുദ്രത്തിന് അതിര് വരച്ചപോലെ അവളുടെ മനസ്സിന്റെ ലക്ഷ്യമില്ലാതെയുള്ള ഓട്ടത്തിനും അതിര് വരക്കപ്പെട്ടു. ചിന്തകൾക്കു വിരാമമായി. കണ്ണുകളടങ്ങി അലസമായി.  പിന്നെ ചൊടിയിൽ നാണം ചിരിവിടർത്തി. പ്രണയം അവളിൽനിന്നും തുളുമ്പി പരിസരമാകെ നിറച്ചാർത്തണിഞ്ഞു.  അവൾ കുടമുല്ലപ്പൂക്കളെ നോക്കി കള്ളികളേ.. എന്ന് വിളിച്ചു.

അവൻ വന്നണഞ്ഞു.

എവിടെപ്പോയിരുന്നു ഇത്രയും നേരം ? അവളുടെ ചോദ്യത്തിൽ പരിഭവം കൊണ്ട്  വിങ്ങി വേദനിക്കുന്ന പ്രണയം മാത്രം. 

ഒന്ന് പുറത്തേക്ക് വരെ..

നേരം പരപരാവെളുത്തപ്പോൾ മുതൽ ത്രിസന്ധ്യവരെ  കാണാതിരുന്നിട്ട്.. ഇത്രെയും നേരം കാണാതിരുന്നിട്ട് ! ചോദിക്കുമ്പോൾ ഒരു വാക്കിൽ ഉത്തരവും പറഞ്ഞു കഴിഞ്ഞിരിക്കുന്നു ! കൊള്ളാമല്ലോ.. 

ഞാനെങ്ങോട്ടു പോയാലും നിനക്കെന്താ ?

എനിക്കെന്താണെന്നോ ! ഒന്നുമില്ലേ എനിക്ക് ?

അയാൾ ഒരു ഗ്ലാസ്സിൽ വൈൻ ഒഴിച്ച് ചാരുകസേരയിലേക്ക് തളർന്ന് ഇരുന്നു.

എനിക്ക് നിങ്ങൾ വൈൻ കഴിക്കുന്നതുപോലും ഇഷ്ട്ടമല്ല..

അതിന് ? എന്റെ വൈൻ , എന്റെ ഗ്ലാസ്സ് , എന്റെ ചുണ്ട് , എന്റെ നാക്ക് , എന്റെ തൊണ്ടക്കുഴി , എന്റെ കരള് . എല്ലാം എന്റേത്. അങ്ങനെ ഇതെല്ലാം എന്റെ എന്നിരിക്കേ നിന്റെ ഇഷ്ട്ടത്തിന് എന്ത് പ്രസക്തി ?

ആഹാ..അത് അങ്ങനെയൊന്നുമല്ല! നിങ്ങളീപ്പറയുന്ന ചുണ്ടും നാക്കും തൊണ്ടക്കുഴിയും കരളും എന്റേതുകൂടിയാണ്. ഗ്ലാസ്സ് വേണമെങ്കിൽ നിങ്ങൾ വെച്ചോ! വൈൻ ഒരു ഭംഗിക്ക് അലമാരിയിൽ ഇരുന്നോട്ടെ.. 

മണ്ണാംകട്ട.. അയാൾ ഒരു ചെറു വാ വൈൻ കഴിച്ചിട്ട് കസ്സേരയിൽ കണ്ണുമടച്ചു കുറേനേരം ഇരുന്നു. ഒരു മണിക്കൂർ അങ്ങനെ കടന്നു പോയി. 
അയാൾ കണ്ണുതുറന്നു.
ഉറങ്ങിയില്ലായിരുന്നോ? അവൾ അയാൾ ഉറങ്ങുന്നതും നോക്കി ഇരിക്കുകയായിരുന്നു.. 
ഉറങ്ങിയെങ്കിൽ.. അയാൾ ചോദിച്ചു.
ഇനി ഉറങ്ങണ്ട..
കാരണം ?
എനിക്കിങ്ങനെ മിണ്ടി മിണ്ടി ഇരിക്കാൻ..
നീ പോകുന്നുണ്ടോ .. എനിക്ക് പ്രേമിക്കാൻ അറിയില്ല എന്ന് പലവട്ടം നിന്നോട് പറഞ്ഞിട്ടുണ്ട്..

ഉവ്വ്.. നിങ്ങളെപ്പോലൊരു മൂശാട്ട  ഈ ദുനിയാവിലുണ്ടോ ? എന്ത് കാരണത്താലാണ് ഈ പിണക്കം ?

എനിക്കൊരു പിണക്കവുമില്ല. മാത്രമല്ല ഞാൻ പിണങ്ങുന്ന ഒരാളേയല്ല. അയാൾ ഉറപ്പിച്ചു പറഞ്ഞു.

ആവോ അതൊക്കെ അവിടെയിരിക്കട്ടെ.. മുടിവെട്ടാൻ പോയി എല്ലേ ?

ങ്ഹാ..

എന്നിട്ട് എന്താ എന്നെക്കൂടെ കൊണ്ടുപോകാഞ്ഞത് ?

എന്തിന് ? നീയാണോ എന്റെ മുടി വെട്ടാൻ പിടിച്ചു കൊടുക്കുന്നത് ?

ഓഹോ അങ്ങനെയാണോ ?

ചായക്കടയിലും കുറേ നേരം പോയി ഇരുന്നു! അവിടെ എന്നേക്കൂടെ   കൊണ്ടുപോകാമായിരുന്നില്ലേ ?

അതെന്തിനാ നീയാണോ അവിടെ ചായയടിക്കുന്നത് ?
ങാ.. അവളുടെ മുഖം കുത്തിവീർത്തു.
എന്നിട്ട് കുറേ നേരം വണ്ടിയോടിച്ചു തേരാപാരാ യാത്ര ചെയ്തു .. എല്ലേ ? ഞാനൂടെ കൂടെ വെരില്ലായിരുന്നോ ? എനിക്ക് എന്തിഷ്ട്ടമാ യാത്ര ചെയ്യാൻ !

എന്നാൽ നീയൊരു ടാക്സി വിളിച്ചു തേരാപാരാ യാത്ര ചെയ് ..!

അവൾക്ക് ചിരിയടക്കാനായില്ല.. അവൾ പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചു.
ഇതാ ഞാൻ പറയുന്നത് നിങ്ങളെപ്പോലെ ഒരു മൂശാട്ട ഈ ലോകത്ത് ഉണ്ടായിട്ടില്ല എന്ന് !

അത് നിനക്കെങ്ങനെ അറിയാം ?

 ഞാനീ ലോകം മുഴുവൻ നിങ്ങളിൽ കണ്ടോണ്ടിരിക്കുകയല്ലേ !

ഒലിച്ചു പോയ ദേഷ്യം വാരിക്കൂട്ടി മനസ്സിൽ നിറച്ചുവെയ്‌ക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. അയാളുടെ ആ ശ്രമത്തെ തീക്ഷ്ണമായ പ്രണയത്തിന്റെ ആഴങ്ങളിൽ തീർത്ത കണ്ണുകളിലൂടെ നോക്കി അവൾ ആസ്വദിച്ചു.

നിനക്ക് മുഴുത്ത വട്ടാണ് .. അയാൾ ദേഷ്യം ഉണ്ടാക്കാൻ ശ്രമിച്ചു.

ആണല്ലോ..  നിങ്ങൾ എന്നെ വട്ട് പിടിപ്പിച്ചു. എന്നെ മുഴുഭ്രാന്തിയാക്കി..

നീ  ഭ്രാന്തിന് ചികിൽസിക്കുന്നതാകും നല്ലത്.

ഓ വേണ്ട.. ഞാനീ ഭ്രാന്തിനെ തൊട്ടും തലോടിയും സ്നേഹിച്ചോട്ടേ ..

നീ എന്തേലും ചെയ് .. പറ്റുമെങ്കില് ചെമ്പരത്തിപ്പൂ കൂടെ ചൂടിക്കോ..

പറഞ്ഞു പറഞ്ഞു വെറുതേ നോവിച്ച്‌ അയാൾ കാടുകയറിപ്പോയിരുന്നു.

ദേഷ്യം കാണിക്കുന്നതെന്തിനെന്ന് അയാൾക്കും അറിഞ്ഞുകൂടാ . അയാൾ പിന്നെയും കുറച്ചുനേരം കണ്ണുകളടച്ചു മിണ്ടാതെയിരുന്നു. മേശവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ അയാൾ സുഖ നിദ്രയിലായി. 

എന്തോ സ്വപ്നം കണ്ടിട്ടെന്നപോലെ അയാൾ ഞ്ഞെട്ടിയുണർന്നു. 

അവളെ തിരഞ്ഞു. അവൾ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു. 

നീ എന്താ ഉറങ്ങാത്തത് ? അയാൾ തിരക്കി.

ഈ ഭ്രാന്തിയെ അന്വേഷിച്ചു വന്നതെന്തിന് ? അവൾ ചോദിച്ചു.

എനിക്ക് കാണാൻ..

സമയം പോകുന്നത് കാണുന്നില്ലേ ? സമയമില്ല കളയാൻ. ഒന്നും തികയില്ല. സ്നേഹിച്ചു തീരില്ല. നമുക്ക് ഈ മുറ്റം മുഴുവൻ കുടമുല്ല നടാം, അവൾ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ടിരുന്നു.

എന്തിന് എന്ന് അയാൾ ചോദിച്ചില്ല. നടാം എന്ന് മാത്രം പറഞ്ഞു.

ഇനി പറയൂ എന്തിനായിരുന്നു പിണക്കം ?

എനിക്ക് പിണക്കം ഒന്നുമില്ല ..

അത് വെറുതേ..പെണ്ണിന് ഉണ്ടാകുന്ന പരിഭവങ്ങളെല്ലേ ഞാൻ കാണിച്ചിട്ടുള്ളൂ ?

ഒരാണിന്റെ ഉത്തരവാദിത്തങ്ങളെല്ലേ ഞാനും ചെയ്തിട്ടുള്ളൂ ?

ഉം.. അവൾ മൂളി.

ഒറ്റയ്ക്ക് നിന്ന് പ്രകാശിക്കുന്ന ചന്ദ്രനെ നോക്കി അയാൾ നിന്നു. അവൾ നോക്കി നിന്നത് കുടമുല്ലയേയും.

എന്നോട് ക്ഷമിച്ചോ ? അവൾ ചോദിച്ചു.

ഞാനെപ്പോഴേ ക്ഷമിച്ചു.

നീയോ ?

ഞാനും.

എനിക്ക് നിങ്ങളെ പ്രണയിക്കാനല്ലാതെ വേറെ എന്തിനാകും ?ഒന്നിനുമാകില്ല , അവൾ തല കുനിച്ചു അവന്റെ നെഞ്ചോട് ചേർന്നു. 
വേറെ ഒന്നിനുമാകില്ല എന്ന് എനിക്കും അറിയാം,
ഞാൻ നിങ്ങക്ക് മുൻപിൽ എന്റെ സ്നേഹം തുറന്നു കാട്ടുമ്പോൾ അതെന്റെ ബലഹീനതയായി നിങ്ങൾ കാണുന്നുണ്ടോ ? അവൾ പിന്നെയും പരിഭവിച്ചു.

ഇല്ല.

പിന്നെ ?

നീ എന്നെ മറയില്ലാതെ സ്നേഹിക്കുന്നത് എനിക്ക് ഇഷ്ട്ടമാണ്. അയാൾ അത് പറഞ്ഞ് അവളെ വാരിപ്പുണർന്നു.

മുറ്റന്ന് നിന്ന കുടമുല്ല  പിന്നെയും പരിമളം പരക്കേ പരത്തി. മന്ദമാരുതൻ അത് വഹിച്ചുകൊണ്ട് എങ്ങും  വിഹരിച്ചു. ഇലകൾ പരസ്പരം ഉരുമി. പ്രണയിക്കാനല്ലാതെ എന്തറിയാം എന്ന് പ്രപഞ്ചവും ഉരുവിട്ടുകൊണ്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക