2018 ലെ പ്രളയം മനസ്സുകൊണ്ടെങ്കിലും അനുഭവിക്കാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. നമ്മൾ ഓരോരുത്തരും നെഞ്ചിടിപ്പിടോടെ അനുഭവിച്ച് തീർത്ത ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു 2018 എന്ന സിനിമ.
പ്രളയത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിയാതെ , മാരിമഴയിൽ ഞങ്ങൾ എയർപ്പോർട്ടിലേക്കുള്ള യാത്രയിലായിരുന്നു. പുറത്ത് ഇതെന്തൊരു മഴയാണ് എന്ന് വേവലാതിപ്പെട്ടു കൊണ്ടും മഴ മാറിയിരിക്കും എന്ന് ആശ്വസിക്കാൻ ശ്രമിച്ചു
കൊണ്ടുമിരിക്കെയാണ് പിറ്റേ ദിവസം മുതൽ പ്രളയക്കെടുതികളുടെ വാർത്തകൾ വന്ന് തുടങ്ങിയത് ! പിന്നീട് ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു. വാട്‌സപ്പ് കൂട്ടായ്മകളിലൂടെയും ഫേസ്ബുക്ക് അപ്ഡേഷനുകളിലൂടെയും പ്രളയത്തിനൊപ്പം തുഴയുകയായിരുന്നു !
പ്രളയം പോലെ ഒരനുഭവം സിനിമയാവുമ്പോൾ എങ്ങിനെയിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. വീണ്ടും ഡിപ്രഷനിലേക്ക് നടക്കാൻ ഇടവരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് സിനിമ കാണാൻ ഇരുന്നത്. അഖിലിന്റെ കെട്ടുറപ്പുള്ള തിരക്കഥ വളരെ കൃത്യമായി മികവോടെ സംവിധാനം ചെയ്യപ്പെട്ടപ്പോൾ 2018
അതിഗംഭീരമായ ഒരു ദൃശ്യാനുഭവമായി.
കെട്ടുറപ്പുള്ള വ്യക്തി ബന്ധങ്ങൾ മിഴിവോടെ അവതരിപ്പിക്കുന്നതിൽ ഓരോ നടൻമാരും വിജയിച്ചിട്ടുണ്ട്. ഇന്ദ്രൻസിന്റെ വികാര വിക്ഷുബ്ധമായ നിർവ്വികാരഭാവം സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ വേദനയാവും.
സാധാരണ മഴയുടെ കൗതുകത്തിൽ നിന്ന് അസാധാരണമായ പ്രളയത്തിലേക്കുള്ള കാഴ്ചകളുടെ ഗതി ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു ! ഒട്ടും ഏറിപ്പോവാതെ, എന്നാലൊരു പൊടി കുറഞ്ഞുപോവാതെ ഓരോ രംഗവും കാഴ്ചക്കാരെ അനുഭവിപ്പിച്ചു. പുത്തൻ വീട് തകർന്നു പോവുമ്പോഴും
വീട്ടിലുള്ളവരുടെ ജീവൻ ബാക്കിയായാൽ മതിയെന്ന പ്രാർത്ഥന ഉള്ളുലച്ചു. മറ്റെല്ലാത്തിനുമുപരി ജീവൻ മാത്രമാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടായ കാലമായിരുന്നല്ലോ അത് !
ഒരു രംഗം പോലും വേണ്ടിയിരുന്നില്ലെന്ന് തോന്നിയില്ല..
ഒരു രംഗത്തിലും അമാനുഷികതയും അതിഭാവുകത്വ
വുമുണ്ടായിരുന്നില്ല. പ്രളയത്തിൽ ആഴുമ്പോഴുള്ള ആ കുഞ്ഞിന്റെ കരച്ചിൽ അത്രയും യഥാർത്ഥമായി രുന്നു ! സത്യമായിരുന്നു !
സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സ് തണുത്തു മരവിച്ചിരുന്നു ! നികത്താനാവാത്ത ചില നഷ്ടങ്ങളുടെ വേദനയുണ്ടെങ്കിലും ഒത്തൊരുമയാൽ അതിജീവിച്ചെന്ന ആശ്വാസവും ദീർഘ നിശ്വാസവും കണ്ടിറങ്ങുന്ന ഓരോരുത്തരും അനുഭവിച്ചിട്ടുണ്ടാവും.
കാഴ്ച അനുഭവിപ്പിക്കുന്നതാവണം മികച്ച സിനിമ ....
2018 ഒരു മികച്ച സിനിമയാവുന്നത് അങ്ങിനെയാണ്....
ഈ സിനിമക്കൊപ്പം നിന്ന ഓരോരുത്തരും ഹീറോകളാണ്.....
പ്രളയകാലത്തെപ്പോലെ !
2018 ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണ് !
പ്രത്യേകിച്ച് ഈ 2023 ൽ !
#2018_movie