Image

സ്വതന്ത്രർ നിസ്സാരരല്ല; ബി ജെ പി യെ ഞെട്ടിച്ച ബജ്റംഗ്ദളുകാരൻ അരുൺകുമാർ പുത്തില്ല, ഒരു പുത്തൻ രാഷ്ട്രീയ പാഠം (ദുർഗ മനോജ്)

Published on 13 May, 2023
സ്വതന്ത്രർ നിസ്സാരരല്ല; ബി ജെ പി യെ ഞെട്ടിച്ച ബജ്റംഗ്ദളുകാരൻ അരുൺകുമാർ പുത്തില്ല, ഒരു പുത്തൻ രാഷ്ട്രീയ പാഠം (ദുർഗ മനോജ്)

കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു പുത്തൂർ മണ്ഡലത്തിൽ ബജ്റംഗ്ദളുകാരനായ അരുൺകുമാറിന് തൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്. എന്നാൽ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള അരുൺകുമാറിനെ മാറ്റി നിർത്തി ആശാ തിമ്മപ്പയെ ബി ജെ പി സ്ഥാനാർത്ഥിയാക്കി. അതോടെ അരുൺകുമാർ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചു. ബി. ജെ. പി കരുതി സ്വതന്ത്രൻ വിചാരിച്ചാൽ എന്താകാൻ? കോൺഗ്രസ് കരുതി, വെറും ഒരു വിമതൻ, കൂടിയാൽ സ്വന്തം വോട്ടും വീട്ടുകാരുടെ വോട്ടും ചേർത്ത് ഒരു രണ്ടായിരം വോട്ട് പിടിക്കും.
എന്നാൽ അരുൺകുമാറിന് ആ നിയോജക മണ്ഡലത്തിലുള്ള വേരുകളെക്കുറിച്ച് ആർക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല.
നമ്മുടെ നാട്ടിലും ഉണ്ടല്ലോ, തെരഞ്ഞെടുപ്പ് സമയത്ത് കാശിനും മറ്റു ചില ധാരണകൾക്കു പുറത്തും പൊടുന്നനെ ആ മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ നൂലിൽ കെട്ടി ഇറക്കുന്നതും, അതു കഴിഞ്ഞ് രാഷ്ട്രീയ പാർട്ടിക്കാർ നടത്തുന്ന ജാള്യത ലവലേശമില്ലാത്ത ന്യായീകരണങ്ങളും.
ഏതായാലും പുത്തൂർ മണ്ഡലത്തെ സംബന്ധിച്ച് മുഖ്യ മത്സരം കോൺഗ്രസും ബി ജെ പിയും തമ്മിലായിരുന്നു. ഒന്നാമത് ആര് എന്നതിൽ മാത്രമായിരുന്നു ആശങ്ക മുഴുവൻ. എന്നാൽ ഒടുവിൽ വോട്ടെണ്ണൽ ദിവസം ചിത്രം മാറി. ആദ്യം മുതൽ ലീഡ് വിമതന്. ഇഞ്ചോടിഞ്ച് പോരാട്ടമായി കോൺഗ്രസ് സ്ഥാനാർത്ഥി അശോക് കുമാറും അരുൺ കുമാറും തമ്മിൽ. ബി ജെ പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് കൈകാലിട്ടടിക്കുന്നു. ലാസ്റ്റ് ലാപ്പിൽ 62458 വോട്ടുകൾ നേടി അരുൺകുമാർ കോൺഗ്രസ് സ്ഥാനാർത്ഥിക്കു തൊട്ടുപിന്നിൽ വെറും 4149 വോട്ടു വ്യത്യാസത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.
അരുൺകുമാർ നേടിയ വോട്ടുകളുടെ പകുതിമാത്രം നേടി ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി നിന്നുകിതച്ചു. ഒപ്പം നേതൃത്വവും.

ഇനി തെരഞ്ഞെടുപ്പു കാലമാണ്. രാഷ്ട്രീയ പാർട്ടികൾ ഈ പുത്തൂർ പാഠം ഒന്ന് ശരിക്കു പഠിക്കുന്നത് നല്ലതാണ്. ഒരു വിമതനും നിസ്സാരക്കാരനല്ല എന്ന പുത്തൻ പാഠം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക