HOTCAKEUSA

എഴുപതു മക്കളുടെ അമ്മ!  (ഇന്നു ലോക മാതൃദിനം:  വിജയ് സി. എച്ച് )

Published on 13 May, 2023
എഴുപതു മക്കളുടെ അമ്മ!  (ഇന്നു ലോക മാതൃദിനം:  വിജയ് സി. എച്ച് )

തൃശ്ശൂരിലെ ശ്രീ കേരള വർമ്മ കോളേജിൽ നിന്ന് വിരമിച്ച ഡോ. പി. ഭാനുമതിയെക്കുറിച്ച് ആദ്യം പറയേണ്ടത്, അവർക്ക് അമേരിക്കയിലെ 'അമല' ബഹുമതി, രാഷ്ട്രപതിയുടെ സ്ത്രീശക്തി പുരസ്കാർ, കേരള സർക്കാരിൻ്റെ മഹിളാ തിലകം മുതലായവ ഉൾപ്പെടെ പത്തുനാൽപ്പത് മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നല്ല. കാരണം, ഈ വകയൊക്കെ വേറെ പലരും നേടിയിട്ടുണ്ടാകാം, എന്നാൽ സ്വന്തം മക്കളേക്കാൾ സ്വന്തമായി തോന്നുന്ന 70 മക്കളുടെ അമ്മയാകാൻ, പെറ്റമ്മ പോലും ഉപേക്ഷിച്ചവരുടെ പോറ്റമ്മയാകാൻ, സ്വന്തം ജ്യേഷ്‌ഠസഹോദരന്മാരുടെ പോലും വളർത്തമ്മയാകാൻ, അഭിശപ്ത ജന്മം കിട്ടിയവർക്കെല്ലാം ഒരു തൂവൽസ്പർശമാവാൻ, ഭാനുമതി ടീച്ചർക്കല്ലാതെ മറ്റാർക്കാണു കഴിയുക!  
🟥 അമ്മയുടെ ദുഃഖം 
ബുദ്ധിമാന്ദ്യമുള്ള മൂന്ന് സഹോദരന്മാരെയാണ് അമ്മ പ്രസവിച്ചത്. ശരീരം വളർന്നെങ്കിലും, പ്രഭാത കർമ്മൾക്കു പോലും പരസഹായം ആവശ്യമുള്ള പുത്രൻമാരെ തൻ്റെ കാലശേഷം ആരു പരിചരിക്കുമെന്നോർത്തു അമ്മ എന്നും കണ്ണീരൊഴുക്കി. ആ തേങ്ങലുകൾ കേട്ടു മനം നൊന്ത ഞാൻ ജീവൻ ഉള്ളിടത്തോളം കാലം സഹോദരന്മാരെ നോക്കിക്കൊള്ളാമെന്ന് അമ്മയ്ക്കു വാക്കുകൊടുത്തു. അങ്ങനെ അമ്മ സമാധാനത്തോടെ കണ്ണടച്ചു. പക്ഷെ, ഗുരുതരമായ ചില ചിന്തകൾ എന്നെ അലട്ടാൻ തുടങ്ങി. വിവാഹിതയായി, കുഞ്ഞുങ്ങൾ പിറന്നാൽ, പ്രകൃത്യാ ഉള്ള കാരണങ്ങളാൽ സ്വന്തം ചോരയോടായിരിക്കില്ലേ കൂടുതൽ വാത്സല്യം? നിസ്സഹായരായ സഹോദരന്മാരെ മുമ്പുള്ള പോലെ പരിചരിക്കാൻ എനിയ്ക്ക് കഴിയുമോ? മരിച്ചുപോയ മാതാവിനു കൊടുത്ത വാഗ്‌ദാനത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ എനിയ്ക്കു കഴിയുമായിരുന്നില്ല. വിവാഹത്തിനു മുന്നെ ഭർത്താവിൽ നിന്നൊരു ഉറപ്പു വാങ്ങി -- ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ട! പിന്നെയങ്ങോട്ട് ബുദ്ധിപരിമിതികൊണ്ടു വെല്ലുവിളികൾ നേരിടുന്ന നിരവധി പേരുടെ അമ്മയായി മാറുകയായിരുന്നു ഞാൻ. 


 🟥 മേനോൻ്റെ ഭ്രാന്തൻ മക്കൾ 
പട്ടാമ്പിക്കടുത്തുള്ള കൊടുമുണ്ടയിലാണ് തറവാട്. അച്ഛൻ്റെ പേര് ഗോപി മേനോൻ. ബൗദ്ധിക വളർച്ചയില്ലാത്ത എൻ്റെ സഹോദരന്മാരെ 'മേനോൻ്റെ ഭ്രാന്തൻ മക്കൾ' എന്നാണ് നാട്ടുകാർ പരിഹസിച്ചു വിളിച്ചിരുന്നത്. രണ്ട് ഏട്ടൻമാരും ഒരു അനിയനും. ഈ 'ഭ്രാന്തൻ വിളി', അമ്മയേയും അച്ഛനേയും, ഞങ്ങൾ സഹോദരി സഹോദരന്മാരേയും, എത്ര കണ്ട് വേദനിപ്പിച്ചിരുന്നുവെന്ന് അയൽവാസികൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഞാനന്നു ചെറുപ്പമായിരുന്നു. എന്നാലും, അമ്മയുടെ മൗനനൊമ്പരങ്ങളും നിറഞ്ഞ കണ്ണുകളും എനിയ്ക്ക് ഏറെ ക്ഷതമേൽപ്പിച്ചുകൊണ്ടിരുന്നു. ഈ മൂന്നു സഹോദരന്മാർക്കും പല്ലു തേപ്പു മുതലുള്ള സകല കാര്യങ്ങളും അമ്മയാണ് ചെയ്തു കൊടുത്തിരുന്നത്. ഒരു നിമിഷം പോലും അവരുടെ അടുത്തുനിന്ന് മാറിനിൽക്കാൻ അമ്മയ്ക്കു കഴിയുമായിരുന്നില്ല. 'മേനോൻ്റെ ഭ്രാന്തൻ മക്കൾ' എന്ന ക്രൂരമായ കളിയാക്കൽ എനിയ്ക്കു താങ്ങാവുന്നതിന് അപ്പുറമായിരുന്നു... വയസ്സിനു ആനുപാതികമായി ബുദ്ധിവളർച്ചയില്ലെങ്കിലും, നിഷ്കളങ്കമായ സ്നേഹം മാത്രം ഉള്ളിൽ ഒളിപ്പിക്കുന്ന എൻ്റെ സഹോദരന്മാർക്കും, അവരെപ്പോലെയുള്ള മറ്റു നിർഭാഗ്യവാൻമാർക്കുമായി എൻ്റെ ജീവിതം അർപ്പണം ചെയ്യാൻ ഞാൻ നിശ്ശബ്ദമായി ആലോചിക്കാൻ തുടങ്ങി. 


🟥 ബുദ്ധിമാന്ദ്യം ഭ്രാന്തല്ല 
ബുദ്ധിമാന്ദ്യവും ഭ്രാന്തും തമ്മിലുള്ള വ്യത്യാസം പലരും തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് എൻ്റെ സഹോദരന്മാരെ ഭ്രാന്തന്മാരായി സമൂഹം കണ്ടിരുന്നത്. ഈ നിർഭാഗ്യത്തിന് ബുദ്ധിപരമായ പ്രാപ്തിക്കുറവ് എന്നതിനപ്പുറത്ത് ഒരർത്ഥവുമില്ല. സാധാരണ രീതിയിൽ ബുദ്ധിമാന്ദ്യം എന്ന് ഇതിനെ വിളിക്കുന്നു. ഇതൊരു രോഗമല്ല, മറിച്ച് ഒരു അവസ്ഥയാണ്. പഠനം, സംസാരം, ആശയവിനിമയം, ഇടപഴകുന്നവരുടെ വൈകാരിക മാറ്റങ്ങളോട് പ്രതികരിക്കൽ മുതലായവയിൽ വൈഭവം കാണിക്കാൻ കഴിയാത്ത ഒരു മാനസികാവസ്ഥ. എന്നാൽ, ഈ അവസ്ഥയുള്ളവരിൽ 99 ശതമാനവും അക്രമാസക്തരല്ല. ഭ്രാന്ത് ഒരവസ്ഥയല്ല, ഒരു രോഗമാണ്. ചികിത്സിച്ചാൽ സുഖപ്പെടുത്താവുന്നതേയുള്ളൂ. ബുദ്ധിമാന്ദ്യത്തിനു ഫലപ്രദമായ ശുശ്രൂഷയില്ല. ലക്ഷണങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരികയും, ബുദ്ധിവൈദഗ്‌ദ്ധ്യം (skill) വർദ്ധിപ്പിക്കാനുള്ള പരിശീലനവും മാത്രമേ പോംവഴിയുള്ളു. 


🟥 ബുദ്ധിമാന്ദ്യത്തിൻ്റെ കാരണങ്ങൾ 
ജനിതക പ്രശ്നങ്ങളോ, ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളോ, അസുഖങ്ങളോ, പോഷകാഹാരക്കുറവോ മുതൽ നിരവധിയാണ് ഒരു കുഞ്ഞിൻ്റെ ബുദ്ധി മന്ദീഭവിക്കാൻ കാരണമാകുന്നത്. പ്രസവ സമയത്ത് കുറച്ചു നിമിഷത്തേക്ക് കുഞ്ഞിന് ഓക്സിജൻ കിട്ടാതിരുന്നാൽ പോലും അത് ബുദ്ധിമാന്ദ്യത്തിൽ കലാശിക്കുന്നു. മസ്തിഷ്കത്തിൻ്റെ അസാധാരണമായ ജൈവഘടനയാണ് ബുദ്ധിമാന്ദ്യത്തിൻ്റെ മൂലഹേതു. അതിൻ്റെ കാരണങ്ങൾ മേൽപ്പറഞ്ഞതും. കേരളത്തിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ജനന നിരക്ക് വളരെ കൂടിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 10 ശതമാനം വർദ്ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇത് തീർച്ചയായും ആശങ്കാജനകമാണ്. 


🟥 അറപ്പും വെറുപ്പും 
മനോവൈകല്യം ഒരു പകർച്ച വ്യാധിയല്ല. പക്ഷെ, ബുദ്ധി ശരിക്കുമുള്ളവർക്ക് ബുദ്ധിമാന്ദ്യമുള്ളവരെ കാണുന്നത് അറപ്പും വെറുപ്പുമാണ്. എന്തെങ്കിലുമൊരു സാമൂഹിക ചടങ്ങിനു പോയാൽ എല്ലാവരും അവരെ അവജ്ഞയോടെ വീക്ഷിക്കുന്നു. മാനസികമായ വളർച്ചക്കുറവുള്ളതിനാൽ, ചിലർക്ക് തുപ്പൽ ഒലിച്ചുകൊണ്ടിരിക്കും (drooling). കടുത്ത തോതിലുള്ള മാനസിക വിമന്ദനം (cerebral palsy) ബാധിച്ചവരാണെങ്കിൽ സ്വാധീനമില്ലാത്തതോ, വളഞ്ഞു തിരിഞ്ഞതോ ആയ കൈകാലുകളുമുണ്ടാകാം. ചിലപ്പോൾ കണ്ണുകൾ തുറിച്ചും, വായ ഒരു വശത്തേക്ക് കോടിയിട്ടുമുണ്ടാകാം. ശരീരത്തിന് ആനുപാതികമല്ലാത്ത വലിപ്പത്തിൽ തലയും കൈകാലുകളും കാണാം. ദിവാസ്വപ്ന പ്രകൃതമുള്ളവരാണെങ്കിൽ (Autism) മനസ്സ്‌ തന്മയീഭാവശക്തിയില്ലാതെ മറ്റെങ്ങോ ആയി സദാ നിലകൊള്ളും. തൻ്റേതായ ലോകത്ത് അവർ മുഴുകിയിരിയ്ക്കും. വൈകല്യങ്ങളൊന്നും ഇല്ലാത്തവരുടെ മുന്നിൽ, മാനസിക വളർച്ചക്കുറവുള്ളവരുടെ ഈ വക അപസാമാന്യതകൾ വൈകൃതമോ പ്രാകൃതമോ ആയ ദൃശ്യം സൃഷ്ടിക്കുന്നു.
കുളിപ്പിച്ചു, വൃത്തിയുള്ള വസ്ത്രങ്ങൾ അണിയിച്ചു, നഖവും മുടിയും താടിയുമൊക്കെ വെട്ടി ശുചിയായി കൊണ്ടുപോയാൽ പോലും നീരസത്തോടെയാണ് ഇവരെ എല്ലാവരും നോക്കുന്നത്. ഈ പാവങ്ങൾ അവരെ ആക്രമിക്കുമോയെന്ന ഭയവുമുണ്ട്. പെരുമാറ്റ രീതികൾ (manners) ഓർത്തുവെയ്ക്കാൻ കഴിയാത്തവരാണിവർ. ഭക്ഷണം ആക്രാന്തത്തോടെ വാരിവലിച്ചു കഴിച്ച്, സമീപത്തൊക്കെ കളയും. മതിയായി എന്ന് അറിയാത്തതിനാൽ, ആവശ്യത്തിൽ കൂടുതൽ കഴിച്ചു ചിലപ്പോൾ ഛർദ്ദിക്കും. ഈ വക കാരണങ്ങളാൽ എൻ്റെ അമ്മ ഒരു വിവാഹത്തിനു പോലും പങ്കെടുത്തിരുന്നില്ല. മനോവൈകല്യമുള്ള മക്കളെ വീട്ടിൽ തനിച്ചു നിർത്താൻ കഴിയുമോ? കയറു കൊണ്ട് എവിടെയെങ്കിലും കുടുക്കിയിടാനോ, മുറിയിൽ പൂട്ടിയിടാനോ ഒരമ്മയുടെ മനസ്സു അനുവദിക്കുമോ? എൻ്റെ അമ്മയ്ക്കു മാത്രമല്ല, ബുദ്ധിവികാസമില്ലാത്ത മക്കൾ ജനിക്കുന്ന ഒരമ്മയ്ക്കും സോഷ്യൽ ലൈഫ് എന്നതൊന്നില്ല. ആ മാതാവിന് എല്ലാവിധ സാമൂഹിക ഇടപെടലുകളും നിഷേധിക്കപ്പെട്ടു, ഏകാന്തതയിൽ അകപ്പെടേണ്ടിവരുന്നു. അവഹേളനകളെല്ലാം ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുകയാണവർ. മാമ്പൂ കണ്ട് കൊതിച്ചാലും, മക്കളെ കണ്ട് പ്രതീക്ഷിക്കാൻ ഒന്നുമില്ലാതെ...  


🟥 പിതാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നു 
എന്നും അച്ഛനേക്കാൾ മക്കളെ പരിപാലിക്കുന്ന ചുമതല അമ്മയ്ക്കാണല്ലൊ. എൻ്റെ കുടുംബത്തിൽ മാത്രമല്ല, മിക്കവാറും എല്ലാ കുടുംബങ്ങളിലും മാനസിക വിമന്ദനം ബാധിച്ച തങ്ങളുടെ കുട്ടികളുടെ ചുമതല കൈയേൽക്കാൻ അച്ഛൻമാർ തയ്യാറാകുന്നില്ല.  അതിനാൽ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഭാരിച്ച ഉത്തരവാദിത്വം പൂർണ്ണമായും അമ്മമാർ ഏറ്റെടുക്കേണ്ടിവരുന്നു. മാത്രവുമല്ല, ഭാര്യയേയും അസുഖമുള്ള കുഞ്ഞിനേയും ഉപേക്ഷിച്ചു പോവുകയോ, വിവാഹ മോചനം നടത്തുകയോ ചെയ്യുന്നവരുമുണ്ട്. എൻ്റെ അനുഭവത്തിൽ ആദ്യമായാണ് ഈയിടെ, നേർവിപരീതമായ ഒരു കേസ് അഡ്മിഷനു വന്നത് -- ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ അവൻ്റെ ഉമ്മ, അവൻ സുഖമില്ലാത്ത കുട്ടിയാണ് എന്നറിഞ്ഞപ്പോൾ തന്നെ, ഉപേക്ഷിച്ചുപോയി! അവന് ഇപ്പോൾ ഏഴു വയസ്സായി. അവൻ്റെ ഉപ്പ ഒരു പെയ്ൻ്റിങ് തൊഴിലാളിയാണ്. അവനെ എവിടെയെങ്കിലും കെട്ടിയിട്ടിട്ടുവേണം അയാൾക്കു ജോലിക്കു പോകാൻ. വീടിനകത്ത് കട്ടിലിലോ, കോലായിൽ തൂണിലോ കയറുകൊണ്ട് ബന്ധിക്കണം. ഒറ്റക്കാവുമ്പോൾ ബുദ്ധിമാന്ദ്യമുള്ള അവൻ എന്തുചെയ്യുമെന്ന് ഊഹിക്കാൻ കഴിയില്ലല്ലൊ. 
🟥 'മന്ദബുദ്ധി' എന്നു വിളിക്കരുതേ... 


പരസ്പരം നിന്ദിക്കാനും ആക്ഷേപിക്കാനും അസുഖമൊന്നുമില്ലാത്തവർ ഈ പദം ദുർവിനിയോഗം ചെയ്തുകൊണ്ടിരിക്കുന്നതിനാൽ, 'മന്ദബുദ്ധി' എന്നത് അപമാനിക്കാൻ ഉപയോഗിക്കുന്ന ഒരു വാക്കായി ഇന്നു മാറിയിരിക്കുന്നു. ഈ പേരു വിളിച്ചു തന്നെ കളിയാക്കുന്നുവെന്ന പരാതിയുമായി ഒരാൾ നിരന്തരം എന്നെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ബുദ്ധിമാന്ദ്യമുള്ളവർക്ക് സമൂഹത്തിൽ സ്വീകാര്യത തീരെയില്ലാത്തതും, ഇവരും സമൂഹത്തിൻ്റെ ഭാഗം തന്നെയാണെന്ന് മറ്റുള്ളവർ അംഗീകരിക്കാത്തതുമാണ് ഇങ്ങനെയുള്ളൊരു സാഹചര്യമൊരുക്കുന്നത്. ബുദ്ധിമാന്ദ്യമുള്ളവരെ ഈ പേര് വിളിക്കുന്നതിൽ നിയമപ്രശ്നമൊന്നുമില്ല. അർത്ഥത്തിൽ വലിയ ശരികേടുമില്ല. പക്ഷെ, നമ്മുടെ സമൂഹം ഈ പദം ദുരുപയോഗം ചെയ്തതുകൊണ്ടുള്ള ദുഷ്പേര് നിലനിൽക്കുന്നു. ആയതിനാൽ, ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ ഈ വിശേഷണം ഒഴിവാക്കുന്നതല്ലേ നല്ലത്? അസൂയ, മത്സരബുദ്ധി, പരദൂഷണം മുതലായ താണതരം ചിന്തകളൊന്നുമില്ലാത്ത ഇവർക്ക്, 'ദിവ്യാംഗജ്' എന്നാണ് ദേശീയ തലത്തിൽ അംഗീകരിച്ച നാമധേയം. വളരെ പോസിറ്റീവായ പേരാണിത്. ഞാൻ രൂപപ്പെടുത്തിയിരിക്കുന്ന പേര് 'പരിമിത പ്രജ്ഞൻ' എന്നാണ്. പരിമിതമായ ജ്ഞാനമുള്ളയാൾ എന്ന അർത്ഥത്തിൽ. ജാഗ്രത, ജിജ്ഞാസ, വൈകാരികത എന്നിവ ഇവരിൽ ഓജസ്സോടുകൂടി കണ്ടുവരുന്നില്ലല്ലൊ. 


🟥 സ്വയം സമ്പാദിച്ച പണം കൊണ്ടു സേവനം 
ഞാൻ ജനിച്ചത് ഒരു ഫ്യൂഡൽ ജന്മി കുടുംബത്തിലാണ്. എന്നാൽ, സ്വന്തമായി ജോലിയെടുത്തു നേടിയ പണം കൊണ്ടാണ് ആതുര സേവനം ചെയ്യേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു. പഠിക്കാനും, ഡോക്ടറേറ്റു നേടാനും, അതിനു ശേഷം ശ്രീ കേരള വർമ്മ കോളേജിൽ പ്രൊഫസ്സറായി ജോലിക്കു ചേരാനുമുള്ള (1987) എൻ്റെ ആവേശം തന്നെ അതായിരുന്നു. അന്നു മുതൽ ഇന്നുവരെ, എനിക്കു കിട്ടിക്കൊണ്ടിരുന്ന ശമ്പളവും, ഇപ്പോൾ കിട്ടുന്ന പെൻഷൻ തുകയും, ഭർത്താവ് ശ്രീ. സലീഷിൻ്റെ മെഡിസിൻ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന വരുമാനവും ആതുര സേവനത്തിനായി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. CSIR ഫെലോഷിപ്പോടു കൂടിയാണ് കേൻസർ ബയോകെമിസ്ട്രിയിൽ ഞാൻ PhD എടുത്തത്. റേഡിയേഷൻ ബയളജിയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് ICMR ഫെലോഷിപ്പ് ഉണ്ടായിരുന്നു. ഇതിനായി, ജർമനിയിലെ വുർസ്ബെർഗ് യൂനിവേർസിറ്റിയിൽ നിന്നും, ജപ്പാനിലെ ഒസാക യൂനിവേർസിറ്റിയിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിലെയും ഇന്ത്യയിലെയും ശാസ്‌ത്രീയ ജേണലുകളിൽ ഇരുപതിൽ കൂടുതൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷെ, ഇതിനെല്ലാം അപ്പുറത്ത്, എന്നെ അലട്ടിയിരുന്നത് മനസ്സ് താളംതെറ്റിയവരുടെ ദുർവിധിയായിരുന്നു. ഒരു ധനിക കുടുംബത്തിൽ ജനിച്ചിട്ടുകൂടി, എൻ്റെ സഹോദരന്മാർ 'മേനോൻ്റെ ഭ്രാന്തൻ മക്കൾ' ആണെങ്കിൽ, ഒരു സാധാരണ വീട്ടിലോ, ഒരു കൂലിപ്പണിക്കാരനോ ആണ് ബുദ്ധിമാന്ദ്യമുള്ള ഒരു കുഞ്ഞു ജനിക്കുന്നതെങ്കിലോ? ഭ്രാന്തനെന്നു വിളിച്ചു പരിഹസിക്കുന്ന, പീഡിപ്പിക്കുന്ന സമൂഹത്തിൽനിന്ന് ഒരു സാന്ത്വനവാക്ക് പ്രതീക്ഷിക്കാമോ? അസുഖം വന്നപ്പോൾ എൻ്റെ  ജ്യേഷ്‌ഠന്, ബുദ്ധിമാന്ദ്യം കാരണമായിപ്പറഞ്ഞ്, തക്കതായ വൈദ്യസഹായം നിഷേധിച്ചു. പാവം ജ്യേഷ്‌ഠൻ എൻ്റെ മടിയിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. ജ്യേഷ്‌ഠൻ്റെ മരണം എന്നെ ആകെ പിടിച്ചുകുലുക്കി. ഈ ഭാഗ്യഹീനർക്കുവേണ്ടി ഒരഭയകേന്ദ്രം തുടങ്ങാൻ ഇനി ഒരു നിമിഷം പോലും വൈകരുതെന്ന് ഞാൻ തിരിച്ചറിഞ്ഞു. 


🟥 'അമ്മ' ജനിക്കുന്നു... 
ഒരുകൂട്ടം സഹൃദയരുടെ പ്രോത്സാഹനം പ്രാരംഭ മൂലധനമായി കണ്ടുകൊണ്ട്, Association for Mentally Handicapped Adults (AMHA) എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. മലയാളത്തിൽ, ഇതിനെ 'അമ്മ' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. മൂന്ന് വിദ്യാർത്ഥികളുമായി വാടക കെട്ടിടത്തിൽ 1997-ൽ ക്ലാസ്സുകൾ ആരംഭിച്ചു. 'അമ്മ' അശരണർക്ക് അഭയം നൽകുന്ന വിവരമറിഞ്ഞ് കൂടുതൽ രക്ഷിതാക്കൾ കുട്ടികളുമായി എത്താൻ തുടങ്ങി. എന്നാൽ, ഇടക്കിടക്ക് കെട്ടിടങ്ങൾ മാറേണ്ടിവന്നു. 'ഭ്രാന്താലയം' നടത്താൻ ആരും സ്ഥലം തരുമായിരുന്നില്ല. 2000-ൽ, തൃശ്ശൂർ നഗരത്തിൻ്റെ ഏഴു കിലോമീറ്റർ പടിഞ്ഞാറുള്ള കാര്യാട്ടുകരയിൽ, സ്വന്തമായി അൽപം സ്ഥലം വാങ്ങി, ഇന്ന് ഈ കാണുന്ന കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങി. ചാരിറ്റബിൾ ട്രസ്റ്റ് ആയി 'അമ്മ'യെ റജിസ്റ്റർ ചെയ്തു. സുഹൃത്തുക്കളുടെയും, സന്മനസ്സുള്ള മറ്റു പലരുടെയും, സർക്കാറിൻ്റെയും ഉള്ളഴിഞ്ഞ പിൻതുണ ഉണ്ടായതുകൊണ്ടുമാത്രമാണ് 'അമ്മ' ഒരു യാഥാർത്ഥ്യമായത്. നാലു വർഷം മുന്നെ 'അമ്മ'യുടെ ഓട്ടിസം സെൻ്ററും തുറന്നു പ്രവർത്തനം ആരംഭിച്ചു. സംസാര പരിശീലനം കൊടുക്കുന്നതിനും, ഓരോരുത്തരുടെ ബുദ്ധിയുടെ തോത് കണ്ടുപിടിച്ച് അതിനനുസരിച്ചു വ്യക്തിഗത പരിശീലനം നൽകുന്നതിനും അതിനാൽ സൗകര്യമുണ്ട്. നല്ലവരായവരുടെ ധനസഹായങ്ങളും, സ്പോൺസർഷിപ്പുകളും ഉള്ളതുകൊണ്ട് ധർമ്മസ്ഥാപനമായി നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നു. അധ്യാപകർക്കും, കേർടേക്കേർസിനും, മറ്റു ഉദ്യോഗസ്ഥർക്കും വേതനം നൽകാനും കഴിയുന്നു. ഹോസ്റ്റലിൽ ഓരോ സമയത്തുമുള്ള ഭക്ഷണത്തിന് ഓരോ മാസത്തേക്ക് ഏർപ്പാടു ചെയ്യുന്നതു മുതൽ, മാസം തോറും ഒരു നിശ്ചിത സംഖ്യ അയച്ചു തരുന്നവർ വരെ ഉണ്ട്. ആര് ഒരു രൂപ തന്നാൽ പോലും സ്വീകരിക്കും, അതിനുള്ള രസീതും കൊടുക്കും. എൻ്റെ ഒരേട്ടനും ഒരനിയനും ഉൾപ്പെടെ, 'അമ്മ'യിൽ ഇപ്പോൾ 70 അംഗങ്ങളുണ്ട്. തൻ്റെ മക്കൾക്ക് എത്ര വയസ്സായാലും ഒരമ്മയ്ക്ക് അവർ എന്നും കുഞ്ഞുങ്ങളാണ്. എന്നാൽ, ഇവിടെയുള്ളവരെല്ലാം ശരിയ്ക്കും ബാല്യത്തിൽതന്നെ എന്നും കഴിയാൻ വിധിക്കപ്പെട്ടവരാണ്. ഇത്രയും കുഞ്ഞുങ്ങളുടെ അമ്മയാകാൻ സാധിച്ചതാണ് ഈ ആയുസ്സിലെ എൻ്റെ ഏറ്റവും വലിയ ഭാഗ്യം! 

pereira 2023-05-16 18:03:40
can you please send the account number,name of the bank, name of trhe account holder and the ifc code supente@aol.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക