Image

ഞാൻ പേടിച്ച നരകവും നീ മോഹിച്ച സ്വർഗ്ഗവും (കവിത: ഷലീർ അലി)

Published on 14 May, 2023
ഞാൻ പേടിച്ച നരകവും നീ മോഹിച്ച സ്വർഗ്ഗവും (കവിത: ഷലീർ അലി)

നീ പോയതിൽ പിന്നെ 
എന്റെ സ്വപ്നങ്ങൾക്ക് 
വല്ലാതെ നീളം കൂടിയിട്ടുണ്ട്
പേടിപ്പെടുത്തുന്നതോ
തിരിച്ചു കയറാൻ തോന്നാത്തതോ ആയ
അത്രയും ആഴം വന്നിട്ടുണ്ട്...
 
നീ പിരിയുന്നതും ഞാൻ കരയുന്നതും
ഇപ്പോഴും കാണും
നെഞ്ച് പക്ഷേ പഴയപോലെ 
പിടഞ്ഞു പൊട്ടാറില്ല..

പഴയ കാമുകിയോട് ചിരിച്ചെന്ന
നിന്റെ പിണക്കത്തിനാണ്
അതിലേറെ ശേഷിയുള്ളത്
അതിന്നും വിയർപ്പിക്കും... 
ഞെട്ടിയുണർത്തും.. 
തൊണ്ട നീറ്റും
നീ കൊണ്ടു വെച്ചിട്ടില്ലാത്ത
വെള്ളം തിരയിപ്പിച്ച് വലയ്ക്കും

അപ്പോഴും ഞാൻ 
നിന്റെയാ പഴയ പ്രണയത്തെ 
ഭൂതകാലത്തിൽ നിന്ന് ഖനനം ചെയ്യും..
അരികു പൊട്ടാതെ ഉരച്ചു മിനുക്കി
മുന്നിൽ വെക്കും...
അവനിഷ്ടമുണ്ടായിരുന്ന പാട്ടിനെക്കൊണ്ട്
നിന്റെ കാതു പൊത്തിയ്ക്കും
അവൻ ആർദ്രമാക്കിയിരുന്ന 
കവിതയെ പറത്തി കണ്ണ് ചുവപ്പിക്കും...

എന്റെ 'മുറിവി'നോട് ചിരിച്ച കുറ്റത്തിന്
അലിഞ്ഞ കണ്ണുകളിൽ
നിന്റെ മുറിവിന്റെ ഉപ്പു നിറച്ചിട്ട് 
ജയിച്ചതോർത്തു വീണ്ടുമുറങ്ങും...

ഈയിടെയായി നിനക്ക് 
നര വീണെന്നു കാണാറുണ്ട്
ചിരി ചുളിഞ്ഞെന്നും കണ്ണ് ചുരുങ്ങിയെന്നും കാണും..

മുറിച്ചു തുന്നിയ എന്റെ ഹൃദയധമനികൾ..
ഇനിയും പൊട്ടാതിരിക്കാനാണ്
നീ ഇപ്പൊ കരയാത്തതെന്ന് 
ഉണരുമ്പോഴോർമ്മ വരും

വിടവുകൾ വീണ പല്ലുകൾ കാട്ടിയുള്ള
നിന്റെ പുതിയചിരി 
പയ്യെ പയ്യെ പരിചിതമാവുന്നുണ്ട്...

നോക്കൂ...
ഇപ്പോഴായി
ഞാൻ പേടിച്ച നരകവും
നീ മോഹിച്ച സ്വർഗ്ഗവും
കാണുന്നുണ്ട്...!

പ്രപഞ്ച കാമുകൻ വിറകൊണ്ട
'സമ്മിലൂനി' വിളിയിലേക്ക് 
കിതച്ചെത്തുന്ന കമ്പിളിയെ പോലെ...
നീ പറന്നു വരുന്നത് കാണുന്നുണ്ട്...!

മരവിച്ച നിന്നെ കുളിപ്പിക്കുമ്പോ.. നീ ചിരിച്ചപോലെ തോന്നിയത്..
ഞാൻ ബോധമറ്റു വീണത്...
ഒക്കെ ഇന്നും കണ്ടു കണ്ട് 
ഉറക്കിൽ നിന്ന് മലർന്നു പോവാറുണ്ട്...

ഇന്നിപ്പോ...
 നീ പോയ വഴിയിലൂടെ
എന്നെയും കൊണ്ടു പോവുന്നത്
കാണാനാണ് 
രാത്രിയെ കാത്തിരിക്കുന്നത്.

ഉറക്കത്തിൽ മരിച്ചവനെന്നാൽ
സ്വപ്നത്തിലൂടെ 
തിരിച്ചു പോയവനെന്നായിരിക്കട്ടെ..!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക