Image

അതു ഫേസ്ബുക്ക് പിഴവായിരുന്നു; മാപ്പു പറഞ്ഞ് മെറ്റ (ദുർഗ മനോജ് )

Published on 15 May, 2023
അതു ഫേസ്ബുക്ക് പിഴവായിരുന്നു; മാപ്പു പറഞ്ഞ് മെറ്റ (ദുർഗ മനോജ് )

ഒരു പ്രൊഫൈലിൽ ചെന്നു വെറുതേ എത്തി നോക്കിയാൽ മതി, ഉടനടി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നു! ഫേസ്ബുക്കിൽ നടക്കുന്ന ഈ അസ്വാഭാവിക നടപടിക്കെതിരെ നിരവധി ഫേസ് ബുക്ക് ഉപയോക്താക്കൾ രംഗത്തു വന്നിരുന്നു. കാര്യം ഫേസ് ബുക്ക് സുഹൃത്തുക്കളുടെ ശൃംഗലയാണെന്നു പറയുമ്പോഴും അത് അസൂയാലുക്കളുടേയും ശത്രുക്കളുടേയും ഒളിഞ്ഞുനോട്ടക്കാരുടേയും ഇടമാണല്ലോ. ഒരാൾ അറിയാതെ അയാളുടെ ഫേസ് ബുക്ക് പോസ്റ്റുകൾ നിരീക്ഷിക്കുന്ന രീതി നമുക്കാരും പറഞ്ഞു തരേണ്ടതില്ല. സുഹൃത്തുക്കളേക്കാൾ അസൂയാലുക്കളാവും നമ്മുടെ പബ്ലിക് പോസ്റ്റുകൾ ആദ്യം കാണുക എന്നൊരു പുത്തൻ ചൊല്ലു പോലും രൂപം കൊണ്ട കാലവുമാണ്. അപ്പോഴാണ് ഈ ഒളിഞ്ഞുനോട്ടം കൈയോടെ പിടികൂടും പോലെ ആരാണോ നോക്കുന്നത് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ഓട്ടോമാറ്റിക് ആയി ഒളിഞ്ഞു നോക്കിയ പ്രൊഫൈലിലേക്കു ചെല്ലുന്നത്. 
ഫ്രണ്ട് റിക്വസ്റ്റ് താനറിയാതെയാണ് അയക്കപ്പെട്ടിരിക്കുന്നത് എന്ന പരാതി ഏറ്റവും കൂടുതൽ ഉയർന്നത് ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ്. പരാതി വ്യാപകമായപ്പോൾ ഫേസ് ബുക്ക് കാര്യം അന്വേഷിച്ചു. ഒരു സാങ്കേതിക പ്രശ്നമാണ് പിഴവിനു കാരണമെന്നു കണ്ടെത്തുകയും ചെയ്തു. പുതിയ ആപ്പ് അപ്ഡേറ്റിലാണ് ബഗ് കടന്നുകൂടിയത്. അതോടെയാണ് മെറ്റ ഉപയോക്താക്കളോടു മാപ്പു പറയാൻ തയ്യാറായതും പ്രശ്നം പരിഹരിച്ചതും.
അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്ന് സദാ മനസ്സിൽ കരുതുക, ഈ ആപ്പുകൾ ഒക്കെ എപ്പോൾ വേണമെങ്കിലും യഥാർത്ഥ ആപ്പു പോലെ പണിതരാവുന്ന സംഗതികളാണ്. അതിനാൽ ജാഗ്രതയോടെ വേണം ഈ ആപ്പുകളുമായി അടുത്തിടപഴകാൻ.
ഏതായാലും ഇന്ത്യയിൽ ഈ ബഗ് നുഴഞ്ഞു കയറിയിട്ടില്ല എന്നു സമാധാനിക്കാമെന്നു കരുതുന്നു. എന്നിരുന്നാലും ആജീവനാന്ത ശത്രുവിൻ്റെ ഫ്രണ്ട് റിക്വസ്റ്റ് എങ്ങാനും വന്നാൽ സൂക്ഷിച്ചു മതി അതിലേക്ക് എടുത്തുചാടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക