കര്‍ണാടകയില്‍ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിച്ച സര്‍വ്വേക്കാര്‍ മോദിയുടെ റോഡ്‌ഷോകളിലെ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ നേരത്തെപറഞ്ഞത് വിഴുങ്ങിയിട്ട് തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നും കുമാരസ്വാമി കിങ്ങ്‌മേക്കറാകുമെന്നുമായി.കോണ്‍ഗ്രസ്സുതന്നെ അധികാരത്തില്‍ വരുമെന്ന് അല്‍പമെങ്കിലും വിവരമുള്ളവര്‍ക്ക് അറിയാമായിരുന്നു. കാരണം കര്‍ണാടകം എല്ലാകാലത്തും ഒരു കോണ്‍ഗ്രസ്സ് സംസ്ഥാനമാണ്. ചില ഇടവേളകളൊഴിച്ച് കോണ്‍ഗ്രസ്സ് തന്നെയാണ് സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്നത്. ഇന്ദിര ഗാന്ധി ജനവിധിതേടിയത് കര്‍ണാടകത്തിലെ ചിക്കമാംഗ്‌ളൂര്‍ മണ്ഢലത്തില്‍ നിന്നായിരുന്നു.
തെക്കെ ഇന്‍ഡ്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അടിത്തറയുള്ള രണ്ട് സംസ്ഥാനങ്ങളാണ് കേരളവും കര്‍ണാടകയും. ശിവകുമാറിനെപ്പോലെ ചുണയുള്ള നേതാക്കന്മാരുടെ അഭാവംകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് ഇപ്പോള്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണാടകത്തിലെ വിജയം ശിവകുമാറിനും അദ്ദേഹത്തെപോലെ ശക്തരായ നേതാക്കന്മാര്‍ക്കും അവകാശപ്പെട്ടതാണ്. അല്ലാതെ ചിലര്‍ പറയുന്നതുപോലെ രാഹുല്‍ ഗാന്ധി തെക്കുവടക്ക് നടന്നതുകൊണ്ട് ഉണ്ടായതല്ല.
ബി ജെ പി പരാജയപ്പെട്ടങ്കിലും 65 സീറ്റുകള്‍നേടി അവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ആ കക്ഷിക്ക് ഒരിക്കലും കര്‍ണായകയില്‍ നേടാനായിട്ടില്ല. കഴിഞ്ഞ പ്രാവിശ്യം ഭരണംപിടിച്ചെങ്കിലും സ്വന്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സില്‍നിന്നും ജനതാദളില്‍നിന്നും എം എല്‍ എ മാരെ ചാക്കിട്ടുപപിടിച്ചാണ് ഭൂരിപക്ഷം ഉണ്ടാക്കിയത്. അതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ ബി ജെ പി യോട് അപ്രീതി ഉളവാക്കി. അത് കഴിഞ്ഞ ഇലക്ഷനില്‍ അവര്‍ തെളിയിക്കയും ചെയ്തു.
കര്‍ണാടകയില്‍ വിജയിച്ചത് ചത്തുകിടന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് അല്‍പം ഉണര്‍വുണ്ടാക്കിയെന്നുള്ളത് നിഷേധിക്കാവില്ല. തീരെക്കുറഞ്ഞത് രാജ്യത്ത് രൂപീകരിക്കപ്പെടുന്ന പ്രതിപക്ഷകൂട്ടായ്മയില്‍ വിലപേശാനുള്ള അവസരം പാര്‍ട്ടിക്ക് നല്‍കുന്നതായിരിക്കും. മമതാ ബാനര്‍ജിയും, നീതിഷ് കുമാറും അഘിലേഷ് യാദവുംകൂടി രാഹുലിനെ ഒരു മൂലക്കിരുത്തുന്നതില്‍നിന്നും തല്‍കാലം രക്ഷപെടാം. മമതക്ക് ഇപ്പോള്‍തന്നെ വിജയിച്ച് മുന്നേറാമെന്നുള്ള ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്. അതുകൊണ്ടാണ് ബദ്ധശത്രുവായ കോണ്‍ഗ്രസ്സിനെ ഒപ്പംകൂട്ടാനുള്ള ശ്രമവുമായി ഇറങ്ങിയിരിക്കുന്നത്. സി പി എമ്മുവായിട്ടുളള കൂട്ടുകെട്ട് ഉപേക്ഷിച്ച് തന്റെ കക്ഷത്തില്‍ തലവെയ്ക്കാനാണ് കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍ വിജയിച്ചപ്പോള്‍ ഇന്‍ഡ്യാരാജ്യം കീഴടക്കിയെന്നാണ് ചില കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത്. അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് അവര്‍ പ്രവചിച്ചുകഴിഞ്ഞിരിക്കുന്നു. പാവം പപ്പുവിന് ഇവരുടെ പ്രവചനം വിശ്വസിച്ച് സ്വപ്നംകണ്ട് ഉറങ്ങാം.
അസംബ്‌ളി ഇലക്ഷനും പാര്‍ലമെന്റ് ഇലക്ഷനും രണ്ടും വ്യത്യസ്തമായിട്ടാണ് ജനങ്ങള്‍ കാണുന്നതെന്ന് എത്രയോതവണ കണ്ടതാണ്. 2018 ലെ പാര്‍മെന്റ് ഇലക്ഷനില്‍ കേരളത്തിലെ യുഡിഎഫ് 19 സീറ്റുകള്‍ നേടിയപ്പോള്‍ ഒരുവര്‍ഷംകഴിഞ്ഞ് നടന്ന അസംബ്‌ളി ഇലക്ഷനില്‍ അവര്‍ തോറ്റ് തുന്നംപാടിയില്ലേ. ഡല്‍ഹിയില്‍ കേജരിവാളിന്റെ ചൂലുപാര്‍ട്ടി അസംബ്‌ളി ഇലക്ഷനില്‍ ബഹുഭൂരിപക്ഷം നേടിയെങ്കിലും പാര്‍മെന്റിലേക്ക് ഒരൊറ്റ ആദ്മിയെപ്പോലും അയക്കാനായില്ല. ഇതൊക്കെയാണ് മുന്‍ അനുഭവങ്ങള്‍. 2024 ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ കര്‍ണാടകയില്‍ ബി ജെ പി മുഴുവന്‍ സീറ്റുകളിലും വിജയിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
ഒരിക്കല്‍ കുഴിച്ചുമൂടിയ സോഷ്യലിസം കര്‍ണാടകയില്‍ വീണ്ടും തലപൊക്കുന്നതായാണ് കാണുന്നത്. രാജ്യപുരോഗതി കോണ്‍ഗ്രസ്സിന് പ്രധാനപ്പെട്ട കാര്യമല്ല. നോട്ടുകൊണ്ട് ഓട്ടയടക്കുന്ന പ്രക്രിയയേ അവര്‍ക്ക് അറിയാവു. മുഖ്യമന്ത്രി സ്ഥാനര്‍ഥിയായ സിദ്ധരാമയ്യ ജനങ്ങളുടെനേരെ നോട്ടുകെട്ടുകള്‍ എറിയുന്നത് നമ്മള്‍ കണ്ടതാണല്ലോ. ഇലക്ഷനില്‍ വിജയിച്ചാല്‍ ജനങ്ങള്‍ക്കെല്ലാം മാസംതോറും അഞ്ചുകിലോ അരിയും ചെറുപ്പക്കാര്‍ക്ക് വെള്ളമടിക്കാന്‍ 1500 രൂപയും തൊഴില്‍രഹിതര്‍ക്ക് മാസം 3000 രൂപവീതവും നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗക്കേണ്ട പണം വോട്ടുകിട്ടാന്‍വേണ്ടി പാഴാക്കി കളയുന്നതിലെ ബുദ്ധിശൂന്യതയാണ് മനസിലാകാത്തത്. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ കൊടുക്കേണ്ടതിനുപകരം മാസംതോറും പണംകൊടുത്ത് സഹായിച്ചാല്‍ അവര്‍ കൂടുതല്‍ അലസരായി തീരുകയേ യുളളു. രാജ്യത്ത് കൂടുതല്‍ കൂടുതല്‍ അലസരെ സൃഷ്ടിക്കാനേ അത് ഉപകരിക്കൂ.
ഇന്‍ഡ്യാക്കാരെപറ്റിയുള്ള പൊതുവെയുള്ള ആക്ഷേപം അവര്‍ അലസരാണെന്നതാണ്. ചൈന പുരോഗമിച്ചത് അവിടുത്തെ ജനങ്ങളുടെ അധ്വാന ശീലംകൊണ്ടാണ്., അല്ലാതെ കമ്മ്യൂണിസം കൊണ്ടല്ല. ചൈനയിലെ വ്യവസായങ്ങള്‍ ഇന്‍ഡ്യിലേക്ക് പറിച്ചുനട്ടുകൊണ്ടിരിക്കയാണ് യൂറോപ്യന്‍ അമേരിക്കന്‍ സംരഭകര്‍. അലസതയും പണിമുടക്കുകളും ഒഴിവാക്കി പ്രവര്‍ത്തിക്കാല്‍ അവര്‍ ഇവിടെ തുടരും. ഇല്ലെങ്കില്‍ നാളെ കുറ്റിയും പറിച്ചുകൊണ്ട് അവര്‍ വേറെ രാജ്യങ്ങളിലേക്ക് പോകുമെന്നതില്‍ സംശയമില്ല.
samnilampallil@gmail.com