കടക്കണ്ണിൽ മഷിയെഴുതി
മിഴികളിൽ വശ്യതയൊളിപ്പിച്ചു
തുള്ളിച്ചാടി നടക്കും കുഞ്ഞു
മാൻ പേട കുഞ്ഞേ
നിന്റെ കുറുമ്പും കുസൃതിയും
നയനങ്ങൾക്കാനന്ദദായകമല്ലോ
കരുതിയിരിക്കുക കടക്കണ്ണിൽ
പെടാത്തൊളിഞ്ഞിരിക്കും വിപത്തിനെ
നിനക്കായി വലയൊരുക്കും വേടനെ
ഇമവെട്ടാതെ കൺതുറന്നിരിക്കും
വേട്ടചീറ്റകളെ, തന്ത്രശാലിയാം കുറുനരിയെ!
അകലരുതേ, ചാടി ദൂരേക്ക്
കൂട്ടം വിട്ടു പോകരുതേ കുഞ്ഞേ
ഈ അമ്മ ഹൃദയത്തെ നോവിക്കല്ലേ!
അനുകൂലമെന്നു നിനക്കുന്ന പലതും
പ്രതികൂലപ്രതിരൂപമാകുവാൻ
ക്ഷണനേരം മതിയെന്നോർത്തു കൊള്ളുക!