Image

പൃഷ്ഠദ്യുമ്നൻ (കിനാശ്ശേരിക്കാലം:23: റാണി ബി. മേനോന്‍)

Published on 16 May, 2023
പൃഷ്ഠദ്യുമ്നൻ (കിനാശ്ശേരിക്കാലം:23: റാണി ബി. മേനോന്‍)

കിനാശ്ശേരിക്കാലം സംഭവിയ്ക്കുന്നത്, പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്നാെരു വാക്ക് കിനാശ്ശേരിപ്പുഴ കടക്കും മുൻപാണ്.
കിനാശ്ശേരിയിൽ പൊളിറ്റിക്സ് ഉണ്ടായിരുന്നു, സേർട്ടൻ ലെവൽ ഓഫ് കറക്റ്റ്നെസും ഉണ്ടായിരുന്നു! 
പക്ഷെ, പൊളിറ്റിക്കൽ കറക്റ്റ്നെസ്!
ങേ.....ഹേ!

കിനാശ്ശേരി ജൂനിയർ കോളേജിലെ ക്ലർക്ക് ആയിരുന്നു ചാക്കോച്ചൻ എന്ന് വിളിക്കപ്പെട്ടിരുന്ന ചാക്കോ തോമസ്.  പരമ സാധുവായ ഒരു മനുഷ്യൻ. 
സാധുവായിരുന്നതിനാൽ തന്നെ ചാക്കോച്ചനു മേൽ പതിച്ചിരുന്ന ബോഡി ഷെയ്മിംഗ് അതിക്രൂരമായിരുന്നു. 
ഉരുണ്ടതലയും, മാംസളമായ മുഖത്ത്, X, Y, Z ഡയറക്ഷൻസും താണ്ടി, നാനാ വശങ്ങളിലേയ്ക്ക് തലനീട്ടി ഒതുക്കമില്ലാതെ വളർന്ന  മീശരോമങ്ങളും  അയാൾക്ക് നാട്ടുകാർക്കിടയിൽ നേടിക്കൊടുത്ത പേര്, "കൂരി" എന്നായിരുന്നു!
സ്വതേ അപകർഷതാബോധമുള്ള ചാക്കോച്ചൻ, അതിനെ പ്രതിരോധിച്ചത് മൗനം കൊണ്ടായിരുന്നു. അതയാളിൽ വളർത്തിയ ആത്മനിന്ദ ചെറുതല്ല.
അയാളുടെ വധുവായി മേരിക്കുട്ടി എന്ന, സഹപ്രവർത്തക കൂടിയായ അതിസാമർത്ഥ്യക്കാരി കയറിവരുമ്പോൾ അധോമുഖനായ ആ മനുഷ്യൻ്റെ ജീവിതം നിരാശാഭരിതമായിരുന്നു.

നിങ്ങൾ ശ്രദ്ധിച്ചിരിക്കുന്നുവോ എന്നറിയില്ല, ഏറിയും കുറഞ്ഞും സമതുലനം നിലനിർത്തിയാവും ബന്ധങ്ങൾ; അവ സ്വയം തിരഞ്ഞെടുത്തവയായാലും, മറ്റുള്ളവരാൽ കൂട്ടിച്ചേർക്കപ്പെട്ടവയായാലും; ഉണ്ടായിത്തീരുക!
സമൂഹപ്രതിരോധശേഷി തീരെയില്ലാത്തവർക്ക്, അത്യധികം വാഗ്ദ്ധാടിയുള്ള, ഉയർന്ന പ്രതികരണ ശേഷിയുള്ള, ആർജ്ജവമുള്ള പങ്കാളികൾ വന്ന് ചേരുന്നത് ഇക്കാരണത്താലാണെന്ന് തോന്നിയിട്ടില്ലേ?
തൻ്റെ ഭർത്താവ് അതീവ സുന്ദരനും, സുമുഖനും ആണെന്ന് സ്ഥാപിക്കാൻ മേരിക്കുട്ടി അതികഠിനമായി ശ്രമിച്ചത്, പക്ഷെ, വേറൊരു ദുരന്തത്തിൽ കലാശിച്ചു. ശാസ്ത്രത്തിൻ്റെ ഏതോ വാലും മൂലയും പരിചയപ്പെട്ട ശാസ്ത്ര വിദ്യാർത്ഥികൾ മേരിക്കുട്ടിയെ "മാഡം കൂരി" എന്ന്  വിളിക്കുകയെന്നതായിരുന്നു അതിൻ്റെ പരിണത ഫലം!

ഒരു തിരിച്ചടിയ്ക്ക് തയ്യാറെടുത്ത്, അവസരം കാത്തിരുന്ന മേരിക്കുട്ടിയ്ക്ക് താമസിയാതെ ഒരിര വീണു കിട്ടി!
അതങ്ങനെയാണ്, പ്രകൃതിയെന്നോ, ജീവിതമെന്നോ നാം വിളിയ്ക്കുന്ന സംഭവം, ആരുടേയും അനുഭാവിയോ പ്രതിയോഗിയോ അല്ല, മറിച്ച് നിർമ്മമനായി ചക്രംതിരിയ്ക്കുന്ന ഒരു ചാലകൻ മാത്രമാണ്.

ചാക്കോയെ കൂരിയും, മേരിക്കുട്ടിയെ മാഡം കൂരിയും ആക്കിയവരിൽ പ്രധാനി സ്ഥലത്തെ പ്രധാന ആത്മീയാചാര്യനും, കോളേജിലെ അക്കൗണ്ട് വിഭാഗത്തിലെ ക്ലർക്കുമായിരുന്ന ശ്രീധരനുണ്ണിയായിരുന്നു.
രാവിലെ ക്ഷേത്രത്തിലെ തീർത്ഥ, പായസ പാനവും; വൈകുന്നേരം മദ്യ പാനവും ശീലമാക്കിയ ശ്രീധരനുണ്ണി അസാമാന്യമായ ശരീര വലിപ്പത്തിനും, ശാരീര വലുപ്പത്തിനും ഉടമയുമായിരുന്നു. പുരാണ കഥാപാത്രങ്ങളെ കുറിച്ച് തൻ്റെ ജ്ഞാനം വിളമ്പുന്നതിൽ സദാ ഉത്സുകനുമായിരുന്നു ടിയാൻ. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നതിലും, തദ്വാരാ, സ്വയമൊരു ജ്ഞാനിയായി നടിക്കുന്നതിലും ടിയാൻ തല്പരനുമായിരുന്നെന്ന് വേണം കരുതാൻ!
മേരിക്കുട്ടിയ്ക്കാകട്ടെ ഇക്കണ്ട് കാണായ കഥാപാത്രങ്ങളെയും, അവരുടെ പരസ്പര ബന്ധങ്ങളെയും, ഓർമ്മിച്ചു വയ്ക്കുക എന്നത് ശ്രമകരമായി തോന്നിയിരുന്നുതാനും. 
ഇടയ്ക്കിടെ മഹാഭാരത ക്വിസ് നടത്തലും ശ്രീധരനുണ്ണിയുടെ ശീലമായിരുന്നു. അങ്ങനെയൊരു ക്വിസ് നടന്ന സമയത്താണ് ശ്രീധരനുണ്ണിയ്ക്ക്, ഉണ്ണിയായിരുന്ന നാൾ മുതൽ അന്നോളമില്ലാതിരുന്ന ഒരു ഇരട്ടപ്പേര് വീണു കിട്ടിയത്!

മഹാഭാരത ചോദ്യോത്തര മത്സരം നടക്കവേയായിരുന്നു  നേരിയ ചാറ്റൽ മഴയിൽ തെന്നിക്കിടന്ന വരാന്തയിലേക്ക്, വായിലെ മുറുക്കാൻ തുപ്പൽ മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പാൻ കാലെടുത്ത് വച്ചു കൊണ്ട് ശ്രീധരനുണ്ണി ഒരു ചോദ്യമെറിഞ്ഞതും, തെന്നി, ചന്തിയടിച്ച് വീണതും! 
ചോദ്യമിതായിരുന്നു, "ദ്രൗപതിയ്ക്കൊപ്പം അഗ്നിയിൽ നിന്ന് ഉയർന്നു വന്ന സഹോദരനാര്?"
ഉത്തരം വന്നത് മേരിക്കുട്ടിയിൽ നിന്നായിരുന്നു!
"പൃഷ്ഠദ്യുമ്നൻ" 
അവർ പറഞ്ഞു.
നനഞ്ഞു കിടന്നൊരു പടക്കം, പൊടുന്നനെ, ഉച്ചത്തിൽ പൊട്ടിച്ചിതറുമ്പോലുയർന്ന ചിരി, ശ്രീധരനുണ്ണിയുടെ വീഴ്ച്ച കൊണ്ടല്ല, തൻ്റെ ഉത്തരം കൊണ്ടാണെന്ന് തിരിച്ചറിയാൻ മേരിക്കുട്ടിയ്ക്ക് അല്പം സമയം വേണ്ടി വന്നുവെന്നത് നേര്!

തദനന്തരം ശ്രീധരനുണ്ണി, പൃഷ്ഠദ്യുമ്നനായി, കിനാശ്ശേരി ചരിത്രത്തിൽ വിരാജ്മാൻ ഹോ ഗയാ എന്ന് കിനാശ്ശേരി ചരിത്രം പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക