HOTCAKEUSA

ഇനിമുതൽ ആശുപത്രിയിൽ മിണ്ടരുത്; ജയിലിലാവും

Published on 17 May, 2023
ഇനിമുതൽ ആശുപത്രിയിൽ മിണ്ടരുത്; ജയിലിലാവും

ഡോ.വന്ദന ദാസിന്റെ മരണത്തെ തുടർന്നുള്ള ഡോക്ടർമാരുടെ പ്രതിഷേധത്തിലെ മുഖ്യ ആവശ്യം ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്നാണ്.നിർദ്ദിഷ്ട ഓർഡിനൻസിൽ ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതിനു പുറമേ, അധിക്ഷേപിക്കുന്നതിനും ഏഴുവർഷം തടവ് എന്ന വ്യവസ്ഥയുണ്ട്.ഈ വ്യവസ്ഥ അങ്ങനെയറ്റം അപകടകരമാണ്.ഈ വകുപ്പ് രോഗികൾക്കും ബന്ധുക്കൾക്കുമെതിരെ ധാരാളമായി ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.

Medical Negligence ബോധ്യപ്പെടുന്ന പക്ഷം രോഗിയോ ബന്ധുക്കളോ പരാതി പറഞ്ഞാൽ ,അവരെ "ഒതുക്കാൻ "  ഈ വകുപ്പ് സ്വകാര്യ ആശുപത്രിക ളടക്കം ദുരുപയോഗിക്കും എന്നതിൽ സംശയം വേണ്ട. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്നു പരാതി വന്നാൽ അതിന് തെളിവ് വേണം, പരിക്കു വേണം, ആശുപത്രി അഡ്മിറ്റ് വേണം,കയ്യേറ്റം ഉണ്ടായതായി പോലീസ് റിപ്പോർട്ട് വേണം . എന്നാൽ അധിക്ഷേപിച്ചു എന്നാണ് പരാതിയെങ്കിൽ അതിന് ആശുപത്രി പ്രവർത്തകരുടെ മൊഴി മാത്രം മതിയാകും. പിന്നെ അധിക്ഷേപിച്ചില്ല എന്നു തെളിയിക്കേണ്ടത് രോഗിയുടെയോ  ബന്ധുവിന്റെയോ ഉത്തരവാദിത്തമാണ്. ചുരുക്കിപ്പറഞ്ഞാൽ ആശുപത്രിയിൽ മിണ്ടിയാൽ , അകത്ത് പോകും..

ഇപ്പോൾ തന്നെ സ്വകാര്യ ആശുപത്രികളിൽ  ധാരാളമായി അന്യായങ്ങൾ നടക്കുന്നു. മരിച്ചയാളെ പോലും നാലുദിവസം കൂടി ICUവിൽ ഇട്ടു പണം ഉണ്ടാക്കാനുള്ള തന്ത്രമടക്കം പയറ്റുന്നവർ.ആവശ്യമില്ലാത്ത മരുന്നെഴുതിയും , ടെസ്റ്റിന് അയച്ചും , വെറും നെഞ്ചു വേദനയുമായി ചെന്നവനെ ആവശ്യമില്ലാതെ സർജറി നടത്തിയും ഒക്കെ പണം ഉണ്ടാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് മടിയില്ല.  ജീവനോ മരണമോ എന്ന സന്ദിഗ്‌ധ ഘട്ടത്തിൽ ആശങ്കാകുലരായി ആശുപത്രിയിലേക്ക് എത്തുന്നവരുടെ ദൈന്യതയെ , ഭീതിയെ , ഒക്കെ മുതലെടുത്ത് ചൂഷണം ചെയ്യുന്നവരാണ് സ്വകാര്യ ആശുപത്രികളിൽ പലതും .

ഈയ്യടുത്ത് കാലുമാറി  ശസ്ത്രക്രിയ ചെയ്ത സംഭവം ഓർക്കുക.ബന്ധുക്കൾ  പരാതിപ്പെട്ടതു കൊണ്ടു മാത്രമാണ് ആ സംഭവത്തിന്  വാർത്താ പ്രധാന്യം ലഭിച്ചത്. വയറ്റിൽ കത്രിക മറന്നുവെച്ച് ഓപ്പറേഷൻ പൂർത്തിയാക്കിയ സംഭവത്തിൽ ആ സ്ത്രീക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ഇത്തരം സംഭവങ്ങളിൽ ആരോടു പരാതി പറയും..? മിണ്ടിയാൽ കേസാണെങ്കിൽ ,ഇത്തരം അന്യായങ്ങൾക്കെതിരെ ആരു പ്രതികരിക്കും.. ? എങ്ങനെ പ്രതികരിക്കും. ?

കഴിഞ്ഞ മാസം ചില ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന്  , തിരുവനന്തപുരത്തെ ഒരു പ്രശസ്ത ആശുപത്രിയിൽ, മൂത്രത്തിൽ കല്ലിന് ശസ്ത്രക്രിയ നടത്തിയിട്ടും മാറാഞ്ഞിട്ട് പരാതിപ്പെട്ട യുവാവിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും അദ്ദേഹം മരണപ്പെടുകയും ചെയ്ത സംഭവം  അറിഞ്ഞിട്ടുണ്ടാവുമല്ലോ.സംശയം തോന്നിയ ബന്ധുക്കൾ പോസ്റ്റുമോർട്ടത്തിന് അയച്ചപ്പോൾ , റിപ്പോർട്ട് പ്രകാരം രോഗിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയതായി കണ്ടെത്തി.  പരാതിപ്പെട്ട യുവാവിന്  ആശുപത്രിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂ.

ഡോക്ടർമാരുടെ , ആശുപത്രിയുടെ ഭാഗത്തുനിന്ന് അലംഭാവവും അശ്രദ്ധയും കണ്ടെത്തിയാൽ പോലും നിലവിൽ തന്നെ അതു പരാതിപ്പെടാൻ  സംവിധാനമില്ല.  ഡോക്ടറുടെ അശ്രദ്ധ നിമിത്തമാണ് ഈ പ്രയാസമുണ്ടായത് എന്ന് മറ്റൊരു ഡോക്ടർ സർട്ടിഫൈ ചെയ്യാത്തിടത്തോളം കാലം "Medical Negligence" നമുക്ക് തെളിയിക്കാനാവില്ല. അങ്ങനെ വേറൊരു ഡോക്ടര്‍ക്കെതിരെ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഡോക്ടർ സംഘടനകൾ സമ്മതിക്കുകയുമില്ല.

രോഗികളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിപ്പോലും പരാതിപ്പെടാൻ കഴിയാത്ത വിധം ഏകപക്ഷീയമായ നിയമനിർമ്മാണം ഇക്കാര്യത്തിൽ നടത്തരുത്.ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള കയ്യേറ്റം കുറ്റകരമാണ്. അതിനെതിരെ കടുത്ത ശിക്ഷ തന്നെ വേണം. പക്ഷേ  ആശുപത്രി ജീവനക്കാർക്ക് എതിരെയുള്ള" Verbal Abuse" മഹാപരാധങ്ങളുടെ പട്ടികയിൽപ്പെടുന്നത് പൊതുജനങ്ങൾക്ക് ഗുണമാവില്ല .സ്ത്രീകൾക്കും പട്ടികവർഗ്ഗക്കാർക്കും എതിരെയുള്ള വാക്കാലുളള അധിക്ഷേപം കുറ്റകരമാണ് എന്ന വകുപ്പുകൾ ധാരാളമായി ഇക്കാലത്ത് ദുരുപയോഗിക്കപ്പെടുന്നുണ്ട്. രോഗിയുടെയോ ബന്ധുക്കളുടെയോ വാക്കാലുള്ള പരാതി പോലും മഹാ കുറ്റമായി മാ റുന്നെങ്കിൽ , ആശുപത്രികളിൽ കടുത്ത നീതി നിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും അത് മറയാകും എന്നതിൽ സംശയം വേണ്ട.

വന്ദനദാസിന്റെ മരണം തികച്ചും ആകസ്മികമായ ഒരു സംഭവമാണ്.ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ മൂലം മരണമോ ദുരിതമോ ഉണ്ടാകുമ്പോഴോ,ബന്ധുക്കളുടെ തെറ്റിദ്ധാരണ മൂലമോ, രോഗിയോ ബന്ധുക്കളോ തീവ്രമായി , വൈകാരികമായി പ്രതികരിക്കുന്ന സംഭവങ്ങളാണ് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നൊക്കെ പറയേണ്ടത്.

വന്ദന ദാസിന്റെ മരണം. ഇവിടെ അക്രമാസക്തനായ  യുവാവ് ഒരു യുവതിയെ ആക്രമിച്ചു.അത് ആശുപത്രി ക്കുള്ളിൽ  വച്ചായിപ്പോയി , മരണപ്പെട്ട യുവതി ഒരു ഡോക്ടറാണ്.കൊല്ലപ്പെട്ടത് ഒരു പോലീസുകാരനോ ബന്ധുവോ ഒക്കെ  ആകാമായിരുന്നു.അതിദാരണവും ആകസ്മികവുമായ സംഭവം.അതിന് പതിവ് ഡോക്ടർ - രോഗി സംഘർഷം എന്ന ലേബലിലേക്ക് മാറ്റുന്നത് വസ്തുതാപരമായി ശരിയല്ല.

ഇത്തരം സങ്കടകരമായ സംഭവങ്ങളുടെ മറവിൽ ,ഡോക്ടർമാരുടെ സമ്മർദ്ദത്തിനു വഴങ്ങി , വാക്കാലുള്ള പരാതി പോലും കുറ്റകരമായി മാറുന്ന രീതിയിലുളള നിയമങ്ങൾ നിർമ്മിക്കുന്നത് ഒരിക്കലും ആരോഗ്യരംഗത്ത് ഗുണകരമാവില്ല ,സ്വകാര്യ ആശുപത്രികളിലടക്കം ഇനിയും കടുത്ത ചൂഷണങ്ങൾക്കും പ്രയാസങ്ങൾക്കും അതു കാരണമാകും എന്നതിൽ സംശയം വേണ്ട. (സോഷ്യൽ മീഡിയ)

Medical_Negligence

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക