ശ്വാസം
നിലയ്ക്കുന്നതിന് മുമ്പ്
ഭൂമി ചുറ്റിക്കാണാൻ മോഹിക്കും
കാറ്റുകൾ എവിടെ നിന്നും
വരുന്നെന്നും എവിടേയ്ക്ക്
പോകുന്നുവെന്നും നോക്കും
ആരൊക്കെ കാണാൻ വന്നുവെന്നും
ആരൊക്കെ വന്നില്ലെന്നും
മനപ്പുസ്തകത്തിൽ കുറിച്ചിടും.
മൂക്കിലെ ദ്വാരങ്ങളിൽ
ശ്വാസപാളികളിൽ
കുടുങ്ങിക്കിടക്കുന്ന വായുവിൻ്റെ
ഉറവിടം തിരയും
നെഞ്ചിടിപ്പിൻ്റെ താളം
ഘടികാരത്തിൻ്റെ
താളവുമായി തട്ടിച്ച് നോക്കും.
താൻ വിട്ട പഴയ പട്ടങ്ങൾ
നൂലറ്റ് ആകാശത്ത് പറക്കുന്നത്
സ്വപ്നം കാണും.
വിധവയാക്കപ്പെടുന്ന ബന്ധങ്ങളുടെ
കണക്കെടുത്ത്
പതുക്കെപ്പതുക്കെ
കണ്ണുകളയടയ്ക്കും.
സൂര്യൻ അസ്തമിച്ചതറിയാതെ...
രാത്രി വന്നതറിയാതെ...
ഒരു കഥ മാത്രം
ചിലർ
ചിലപ്പോൾ പറഞ്ഞെങ്കിൽ
ഭാഗ്യം