Image

സാഹിത്യോത്സവം ( കവിത : കിനാവ് )

Published on 17 May, 2023
സാഹിത്യോത്സവം ( കവിത : കിനാവ് )

'മാർക്വേസിനും'
'ഓർഹാൻ പമുക്കിനുമൊപ്പം'
യൂത്തു-ലിറ്ററേച്ചർ- ഫെസ്റ്റിവലിലിരിക്കുമ്പോൾ
ഉപ്പുമണമുള്ള കാറ്റു വന്ന്
കാലു നനയ്ക്കാൻ,
മണലിൽ
കവിതയാകാൻ
വിളിച്ചിരുന്നു.

കടലുകടന്നുള്ള
വായനയുടെ
പരപ്പുകൾ
ആസ്വദിക്കുമ്പോൾ
കടലോളം വരാൻ
ഞാനില്ലെന്നും

നിന്റെയൊപ്പമാകാനാണ്
ഈ കടലോരത്തെത്തിയതെന്നും
ഞാൻ മുഖം കനപ്പിച്ചു

ബഹുസ്വരതയുടെ
ആഘോഷങ്ങളിൽ
പങ്കാളിയാകാൻ
കടലോളം
സ്നേഹമൊളിപ്പിച്ചവരെല്ലാം
കടൽക്കാറ്റിനു
കൂട്ടുണ്ടായിരുന്നു.

സാഹിത്യം
ഭ്രമമാണെന്നും
കവിതയുന്മാദമാണെന്നും
മുദ്രാവാക്യങ്ങളിൽ
കവിത ജനിച്ചത്
ഓരത്തുവച്ചാണെന്നും
അറബിക്കടൽ
സാക്ഷ്യംപറഞ്ഞു.

ഒരേ കടൽ
ഒരേ വേദി
ഒരേ മണലാരവങ്ങൾ
ഒരേ ചക്രവാളസൂര്യൻ
ഒരേ കവിതാശകലങ്ങൾ
ഒരേ നീ
ഒരേ ഞാൻ

സമയംമാത്രം
വ്യത്യാസമുള്ളതിനാലാകാം
നമ്മൾ 
കാണാതെപോയത്
അതോ 
സമയമാകാഞ്ഞിട്ടോ!

രാത്രിയിൽ
തിരികേ നടക്കുമ്പോൾ
ഉപ്പുവെള്ളമെന്റെ
മൊട്ടത്തലയോളം
തെറിപ്പിച്ച്
കടൽ അഭിവാദ്യമർപ്പിച്ചു.

രണ്ടാംപതിപ്പിൽ
കാണാമെന്നു പറഞ്ഞൊടുവിൽ
ലാൽസലാംചൊല്ലിപ്പിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക