ജാലകത്തിനക്കരെ
വസന്തം പരിലസിക്കുന്നു
ഇലകളെല്ലാം നിവർന്നു പടർന്നു
പൂക്കളും വിടർന്നു നിറയുന്നു
എങ്ങായിരുന്നു നിങ്ങളെല്ലാമെന്ന്
ചെറുമരത്തിന്റെ
ചില്ലയിലാടുന്ന
കിളിയോട് ചോദിച്ചു
വാലിളക്കി ചിരിക്കുംപോലെ ചിലച്ച് അതൊറ്റ - പ്പറക്കൽ
നരപ്പ് മാറിയ
ചുറ്റുപാടുകൾക്ക്
വെയിൽത്തിളക്കം,
ഇന്നു ചോറു വെക്കാം
രാവിലെ ദോശയും
ചില നേരം
ദോശമാവ് കാണുമ്പോഴേ
ചെകിടിപ്പ്;
അന്ന് പുട്ടും കടലയും വെച്ചാൽ
അതൊരു പരിണാമമാകും..
വീട്ടിലായിരുന്ന കാലം,
തിളച്ചു വരുന്ന
മീൻകറിയിൽ നോക്കി നിൽക്കും ഏറെ നേരം ഇപ്പോൾ
വലിയ കഷണങ്ങൾ
കാണുന്നതേ ഹൃദയത്തിൽ ദ്രവീകരണം നടക്കുന്നു ...
വീടും പോയി
ഉള്ളിൽ കുരുക്കിയിട്ട കൂടും പോയി...
കാലങ്ങൾ കഷ്ടം വെക്കുന്നു ഇത്തിരീം കൂടി
നല്ല പാട്ടുകൾ പാടാമായിരുന്നു .. നേരത്തേ പറന്നു പോയ
ചെറിയ കിളി തിരികെവന്നു വിളിക്കുന്നു , ഈ അതിർത്തിക്കപ്പുറം
നല്ല തെളിഞ്ഞ കാഴ്ചകളുണ്ട്
ദോശമാവ് അവിടിരുന്നോട്ടെ തിരികെ വന്നത് ചുട്ടെടുക്കാം..
ഇത്തിരി പുളിപ്പൊന്നും കാര്യമാക്കേണ്ടതില്ല കണ്ണേ ..
( മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്. )