Image

ഫോമാ കേരള കണ്‍വന്‍ഷന്‍ ജൂണ്‍ 3, 4 തീയതികളില്‍ കൊല്ലത്ത്; മെഡിക്കല്‍ ക്യമ്പ് മെയ് 30ന്

എ.എസ് ശ്രീകുമാര്‍ Published on 18 May, 2023
 ഫോമാ കേരള കണ്‍വന്‍ഷന്‍ ജൂണ്‍ 3, 4 തീയതികളില്‍ കൊല്ലത്ത്; മെഡിക്കല്‍ ക്യമ്പ് മെയ് 30ന്

കൊല്ലം: അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിന്‍ നടക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്   അറിയിച്ചു. പ്രോഗ്രം സംബന്ധിച്ച് അന്തിമ തിരുമാനമായിട്ടില്ലെന്നും വിശദവിവരങ്ങള്‍ ഉടന്‍ തന്നെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഫോമായും കോഴഞ്ചേരിയിലെ മുത്തൂറ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് ഈ മാസം 30ന് മെഡിക്കല്‍ ക്യാമ്പ് നടത്തും. പത്തനംതിട്ട ജില്ലയിലെ റാന്നി ഇടമുറിയിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് പൊതുജനങ്ങള്‍ക്കായി പരിശോധനകള്‍ നടക്കുക.

പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യരാണ് ഈ സ്ഥലം നിര്‍ദേശിച്ചതെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. മെഡിക്കല്‍ ക്യാമ്പില്‍ കളക്ടറോടൊപ്പം ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ രാജു എബ്രഹാം, തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പൗരപ്രമുഖരും പങ്കെടുക്കും. മുത്തൂറ്റിന്റെ മൂന്നാം തലമുറ സാരഥി, അന്തരിച്ച എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ സ്മരണാര്‍ത്ഥമാണ് ക്യാമ്പ്.

ഫോമായുടെ രണ്ടു ദിവസത്തെ കേരള കണ്‍വര്‍ഷനില്‍ ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എല്‍.എമാര്‍, മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ തുടങ്ങിയവരും സാമൂഹിക, കലാ-സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വങ്ങളും സംബന്ധിക്കും.

ജൂണ്‍ മൂന്നാം തീയതി നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 30 നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോയുടെ നേതൃത്വത്തിലുള്ള ടീമാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും അതിന്റെ വിതരണത്തിനും ചുക്കാന്‍ പിടിക്കുന്നത്. 

തോമസ് ഒലിയാംകുന്നേല്‍ ആണ് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍. ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിമന്‍സ് ഫോറം ഭാരവാഹികള്‍ ഉള്‍പ്പെടെ കേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നിരവധി കുടുംബങ്ങള്‍ നാട്ടിലെത്തിയിട്ടുണ്ട്. 

വരുന്ന ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ 'സമ്മര്‍ ടു കേരള' എന്ന പരിപാടിയും ഫോമാ പ്ലാന്‍ ചെയ്യുന്നുണ്ട്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ കേരളത്തിലെത്തിച്ച് തങ്ങളുടെ മാതാപിതാക്കളുടെ ജന്മനാടിന്റെ ചരിത്രവും സംസ്‌കാരവും അതിന്റെയൊക്കെ പ്രാധാന്യവും ലാന്‍ഡ് മാര്‍ക്കുകളും അവരെ പരിചയപ്പെടുത്തിക്കൊടുക്കുന്ന പരിപാടിയാണ് സമ്മര്‍ ടു കേരള. 

ഫോമായുടെ കേരള കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഈ സംഗമത്തിലേയ്ക്ക് ഏവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായും പ്രസിഡന്റ് ജേക്കബ് തോമസിനൊപ്പം ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരും അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക