Image

പ്രണയം (കവിത: സജ്‌ന മുസ്തഫ വെള്ളറക്കാട്)

Published on 18 May, 2023
പ്രണയം (കവിത: സജ്‌ന മുസ്തഫ വെള്ളറക്കാട്)

ഒരു കവിതയെഴുതാൻ ഇരുന്നു 

മഴയെക്കുറിച്ചായാലോ ...?
വേണ്ട ...
ഓർമ്മകളുടെ കൂര 
ചോർന്നൊലിച്ചാലോ ..??
അടക്കി വച്ച നൊമ്പരങ്ങളുടെ 
മലവെള്ളപ്പാച്ചിലിൽ ചിലപ്പോ 
ഞാനങ്ങൊലിച്ചു പോയേക്കും ..

വെയിലിനെക്കുറിചോർത്തപ്പോൾ 
തന്നെ വിയർക്കാൻ തുടങ്ങി ..
തലക്കുച്ചിയില് 
ജീവിതമിങ്ങനെ 
പൊള്ളിനിൽക്കുമ്പോൾ 
വെയിലിനേക്കുറിച്ചു 
ഓർക്കാനേ വയ്യ ..

കടലിനെക്കുറിച്ചു 
എഴുതാൻ തുടങ്ങി
ആഴവും പരപ്പുമില്ലാത്ത 
കവിതകളെഴുതി 
അപമാനിക്കുന്നു 
എന്ന് കെറുവിച്ചു 
കവിതയിൽ നിന്ന് 
തിരകളിറങ്ങിപ്പോയി 

കാടിനെക്കുറിച്ചോർത്തു 
മുറിച്ചുമാറ്റപ്പെട്ട മരങ്ങളുടെ 
നിലവിളികൾ ...
ഇടിച്ചു നിരത്തിയ കുന്നുകളുടെ 
അട്ടഹാസങ്ങൾ ...
എത്ര ശ്രമിച്ചിട്ടും 
വരികൾ വേരു പിടിക്കുന്നില്ല 
വാക്കുകൾ കരിയിലകൾ പോലെ 
പാറിപ്പോകുന്നു 

സ്വപ്നങ്ങളോ ....
പലതും ചുരുണ്ടു കൂടി 
മനസ്സിന്റെ മൂലയിൽ കിടപ്പുണ്ട് 
അവഗണനയുടെ പുഴുക്കുത്തേറ്റു 
ചിലത് മുരടിച്ചു പോയിരിക്കുന്നു 
പടിയിറക്കി വിട്ടവയുടെ 
പിണക്കമിനിയും മാറിയിട്ടില്ല 
ഉണർത്താതിരിക്കുന്നതാണ് 
നല്ലതെന്ന് തോന്നി 

ഒടുവിൽ പ്രണയമെന്നെഴുതി ...
നിന്നെയോർത്തു 
മനസ്സിൽ ഒരിളം വെയില് 
ചാറ്റൽ മഴ ...
ഓർമ്മകളുടെ കടലിരമ്പുന്നു 
സ്വപ്‌നങ്ങൾ തലയുയർത്തി നോക്കുന്നു 
ഒരു കാറ്റ് വന്നെന്നെ മെല്ലെ പുണരുന്നു 
പിൻ കഴുത്തിൽ 
ചുംബനമെന്ന കവിതയെഴുതുന്നു

 

Join WhatsApp News
Sudhir Panikkaveetil 2023-05-18 14:44:46
പ്രണയം ജീവാമൃതം.. ഭാവനസുന്ദരമായ കവിത. മുബാറക്ക്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക