Image

ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍ ഭാഗം-1: സുരാഗ് രാമചന്ദ്രന്‍)

Published on 19 May, 2023
ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി (നോവല്‍ ഭാഗം-1: സുരാഗ് രാമചന്ദ്രന്‍)

വിവേകിന് തന്റെ കമ്പനിയുടെ എം ഡിയുടെ അടുത്ത് നിന്നും ഒരു ഇമെയിൽ വന്നു. എന്നും ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമുള്ള വിവേക് ഒരു ഗ്രാഫിക് ഡിസൈനർ ആയാണ് ആ കമ്പനിയിൽ ജോലി ചെയ്യുന്നത്. എം ഡിയുടെ അടുത്ത് നിന്നും വരുന്ന ഇമെയിലുകൾ ഉടനേ  തുറക്കാറില്ല. അതിന് കാരണം സ്കൂൾ കാലത്തുള്ള ചില ഓർമകളാണ്. പ്രിൻസിപ്പാളിന്റെ അടുത്ത് നിന്നും ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്ന ടീച്ചറിലേക്കു ചിലപ്പോൾ ഒരു കുറിപ്പ് വരും. വിവേകിനോട് പ്രിൻസിപ്പാളിന്റെ റൂമിൽ ഹാജരാകാനുള്ള ഉത്തരവായിരിക്കും അത്. കാരണം, എത്ര വേണ്ട എന്ന് വെച്ചാലും ചുമരുകളിൽ വരയ്ക്കുന്ന കാർട്ടൂണുകൾ! അടിയ്ക്കു പുറമേ, ചുമർ വൃത്തിയാക്കാനുള്ള നിർദ്ദേശവും പാലിച്ചു തിരിച്ചു പോകുമ്പോൾ ഇനി അങ്ങനെ ചെയ്യില്ലെന്ന് മനസ്സിൽ പറയും. എങ്കിലും, വേറൊരു ദിവസം സർഗാത്മകത വീണ്ടും വിടരും. സംഭവം ആവർത്തിക്കും.
പ്രിൻസിപ്പാളിന്റെ കുറിപ്പുകളുടെ ഓർമ്മകളാണ്  എം ഡിയുടെ മെയിലുകൾ നല്കുകയെങ്കിലും അവയുടെ ഉള്ളടക്കം എപ്പോഴും മോശം വാർത്തകളാകണം എന്നില്ല. വിവേകിനോട് നേരിട്ടു പറയാനുള്ള വല്ല അടിയന്തിരമായ കാര്യങ്ങളും ആയിരിക്കും അവ. എങ്കിലും ആദ്യം കുറച്ചു നേരം ഹൃദയം "പട പടായെന്ന്" മിടിക്കും. പിന്നെ കുറച്ചു നേരം കണ്ണടിച്ചിരുന്നു ശാന്തനാകും. എന്നിട്ട് മാത്രമേ ഇമെയിൽ തുറക്കൂ.
വിവേകിനെ കാണുന്ന ഒരാൾക്ക് അദ്ദേഹം ഇത്ര തരളിത ഹൃദയനാണോ എന്ന് ഒരിക്കലും തോന്നില്ല. ആറടിയോളം ഉയരം. യവന കഥയിലെ നായകനെ പോലുള്ള രൂപം. തിളങ്ങുന്ന കണ്ണുകൾ. ധൃഢമായ ശബ്ദം.
പേടിച്ച കാര്യങ്ങൾ ഒന്നും ഇമെയിലിൽ ഇല്ലായിരുന്നു. തങ്ങൾ അടുത്തതായി രംഗത്തിറക്കാൻ ഉദ്ദേശിക്കുന്ന സോഫ്റ്റ് വേറിന്റെ മാർക്കറ്റിംങ്ങിനു വേണ്ടി ലോഗോയും പോസ്റ്ററും ഇറക്കാനുള്ള നിർദേശമായിരുന്നു ഇമെയിലിൽ. ലോഗോയും പോസ്റ്ററും ഓഫീസ്സിലും, പ്രൊമോഷൻ ഇവെന്റുകളിലും പ്രദർശിപ്പിക്കണം. വിവേകിന് സന്തോഷം തോന്നി. കാരണം, കഴിഞ്ഞ കുറച്ചു കാലമായി അത്തരം ജോലികൾ വരാറില്ല. ഈയിടെയായി  ഗ്രാഫിക് ഡിസൈനർ ജോലികൾ കുറവായതിനാൽ  കമ്പനിയിൽ നിലനിൽക്കാൻ വേണ്ടി യൂസർ ഇന്റർഫേസ് ഡിസൈനർ ജോലികളും മറ്റും ഏറ്റെടുത്തു  കഷ്ടിച്ചു പിടിച്ചു നിൽക്കുകയായിരുന്നു.
കുറച്ചു കാലമായി ഉപയോഗിക്കാത്ത തന്റെ പ്രിയപ്പെട്ട ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്‌വെയർ തുറക്കുമ്പോളായിരുന്നു വിവേകിന്റെ ഫോൺ ശബ്‌ദിച്ചത്. അപ്പുറത്ത് ഭാര്യ, സോണിയായിരുന്നു. ആ ദമ്പതികൾക്ക് അഖില എന്ന് പേരുള്ള ഒരു മകളുണ്ട്. തിരിച്ചു വരുമ്പോൾ കുറച്ചു പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ പറയാനായിരുന്നു സോണി വിളിച്ചത്. വാങ്ങിക്കാമെന്നേറ്റ് ഫോൺ വെച്ചപ്പോൾ പുറകിൽ നിന്നും വേറൊരു സ്ത്രീ ശബ്ദം:
"ചായ കുടിക്കാൻ പോയല്ലോ, വിക്കി?"
വിവേക് തിരിഞ്ഞു നോക്കി. അത് എഛ് ആർ ഡിപ്പാർട്മെന്റിൽ നിന്നുമുള്ള സോഫിയയായിരുന്നു. വിവേകിന്റെ സുഹൃത്താണ് സോഫിയ. സാദാ പുഞ്ചിരിക്കുന്ന മുഖത്തോടെയുള്ള കണ്ണടക്കാരിയായ സോഫിയേയെ കണ്ടപ്പോൾ വിവേകിന് ആശ്വാസമായി. 38 വയസ്സുകാരനായ വിവേകിനേക്കാൾ 10 വയസ്സ് കുറവാണ് സോഫിയയ്ക്ക്. എങ്കിലും അവരുടെ സൗഹൃദത്തിന് പ്രായവ്യത്യസമൊന്നും ഒരു പ്രശ്നമായിരുന്നില്ല. രണ്ടു പേരും "ഖുലഡ്‌" ചായ വിൽക്കുന്ന കടയിലേക്ക് നടന്നു. ഖുലഡ്‌, കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ഒരു ചായ കുടിക്കാനുള്ള കോപ്പയാണ്. അതിന്റേതായുള്ള അടുപ്പിൽ നിന്നും ഉണ്ടാകുന്ന ഇതിൽ നിന്നും "മണ്ണിന്റെ മണമുള്ള" ചായ കുടിക്കുക, അവർക്ക് ഒരു അനുഭൂതിയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക