Image

മാന്ദ്യം നേരിടാന്‍ മുന്‍ കരുതലുകളുമായി ഉപഭോക്താക്കള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 May, 2023
മാന്ദ്യം നേരിടാന്‍ മുന്‍ കരുതലുകളുമായി ഉപഭോക്താക്കള്‍ (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: അമേരിക്കയുടെ വായ്പാ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ചും തിരിച്ചടവില്‍ പിഴവുകള്‍ സംഭവിക്കാമെന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജൂണ്‍ ഒന്നിന് മുമ്പ് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ശേഷിച്ച ചുരുങ്ങിയ ദിനങ്ങളില്‍ 8 ദിവസത്തെ വിദേശ രാജ്യങ്ങളുടെ സന്ദര്‍ശനവും ജി7 മീറ്റിംഗും പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക തിരിച്ചടവില്‍ പിഴവ് വരുത്തില്ല എന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ജി7 ചര്‍ച്ചകളില്‍ സംബന്ധിക്കുവാന്‍ ജപ്പാനിലേയ്ക്ക് പുറപ്പെട്ടു.

ഇതിനിടയില്‍ യു.എസില്‍ സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട് ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയതായി നോര്‍ത്ത് വെസ്‌റ്റേണ്‍ മ്യൂച്ചലിന്റെ വാര്‍ഷികപഠനം കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ടുപേര്‍ വീതം ഈ വര്‍ഷാവസാനത്തോടെ അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യാവസ്ഥയില്‍ പ്രവേശിക്കുമെന്ന് അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മൂന്ന് വലിയ ബാങ്കുകളുടെ തകര്‍ച്ചയും ആഘാതം ഏല്‍പിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുടെ മാന്ദ്യതയാണ് ഇവര്‍ മുന്നില്‍ കാണുന്നത്. രാജ്യത്ത് ഒട്ടാകെയുള്ള 2,700 പേരുടെ അഭിപ്രായങ്ങളാണ് സര്‍വേയ്ക്കായി ശേഖരിച്ചത്.

ഏതാണ്ട് പകുതിയില്‍ അധികം പേരും വിലക്കയറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഫെഡറല്‍ റിസര്‍വ് വിലക്കയറ്റത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് ഫലവത്താവുകയില്ലെന്നും വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഏതാണ്ട് മൂന്നിലൊരാള്‍ മാത്രമേ വിലക്കയറ്റം ഇന്നത്തെ നിലയില്‍ തുടരുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടുള്ളൂ.

അഭിപ്രായം തുറന്നു പറഞ്ഞവരില്‍ നാലില്‍ മൂന്ന്‌പേരും സാമ്പത്തിക അനിശ്ചിതാവസ്ഥ തങ്ങളുടെ ഷോപ്പിംഗ് ഹാബിറ്റ്‌സില്‍ മാറ്റം വരുത്തിയതായി പറഞ്ഞു. ഉദാഹരണത്തിന് ദേശവ്യാപകമായി 12% പേര്‍ ഒരു വീട് വാങ്ങുന്നതോ വീട് പണിയുന്നതോ മാററി വയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. നോര്‍ത്ത് ടെക്‌സസില്‍ ഇത് നാലില്‍ ഒന്നാണ്. നോര്‍ത്ത് ടെക്‌സസിലെ ഉപഭോക്താക്കള്‍ സമ്പദ് വ്യവസ്ഥയില്‍ തങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നത് വരെ ചെലവ് ചുരുക്കുവാനും മിച്ചം വയ്ക്കുവാനും വലിയ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നത് മാറ്റി വയ്ക്കുവാനും പ്രാധാന്യം നല്‍കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യമൊട്ടാകെയുള്ള കുടുംബങ്ങളുടെ ആകെ കടം 17.3 ട്രില്യണ്‍ ഡോളര്‍ കുറഞ്ഞു. നാണ്യപ്പെരുപ്പം കണക്കിലെടുത്താല്‍ ഇത് 2008ലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 1.5 ട്രില്യണ്‍ ഡോളര്‍ കുറവാണ് എന്ന് വാലറ്റ് ഹബിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രേറ്റ് റിസെഷനിലെ നിലവാരത്തിലെ  കടത്തിന്റെ വലിപ്പത്തിലേയ്‌ക്കെത്താന്‍ ഇനിയും 1.15 ട്രില്യണ്‍ ഡോളര്‍ കൂടിയുണ്ട്. എന്നിരുന്നാലും സ്ഥിതിഗതികള്‍ വഷളായാല്‍ നാം വര്‍ഷാവസാനത്തില്‍ ഇവിടെ എത്തും, ഹബ് അനാലിസ്റ്റ് ജില്‍ ഗൊണ്‍സാലസ് മുന്നറിയിപ്പു നല്‍കുന്നു.

ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഉപഭോക്താക്കള്‍ 140 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടച്ചു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളെക്കാള്‍ 40% കുറവാണിത്.

യു.എസ്. കുടുംബങ്ങള്‍ക്ക് തങ്ങളുടെ കടം എങ്ങനെ കുറയ്ക്കണം എന്ന് നന്നായി അറിയാം. അവര്‍ അത് വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചെയ്തത് പോലെ തുടര്‍ന്നും ചെയ്യണം, ഗൊണ്‍ സാലസ് പറഞ്ഞു.

അപകടസാധ്യതകള്‍ കണക്കിലെടുക്കുന്നതില്‍ മൂന്നില്‍ രണ്ട് അമേരിക്കക്കാരും തങ്ങളുടെ നിക്ഷേപങ്ങളില്‍ ഇതിന് തയ്യാറാണ്. സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഉള്ളവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്സുകരാണെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ മ്യൂച്ചലിന്റെ റിപ്പോര്‍ട്ട് പറയുന്നു. നോര്‍ത്ത് വെസ്‌റ്റേണ്‍ മ്യൂച്ചലിന്റെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ നിക്ഷേപകര്‍ സജീവമായി വിപണിയില്‍ നില്‍ക്കുന്നത് സ്വാഗതം ചെയ്തു. ബജറ്റില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകുമെന്നും അമേരിക്ക തിരിച്ചടവില്‍ പിഴവ് വരുത്തില്ലെന്നും ശുഭാപ്തി വിശ്വാസം ബൈഡന്‍ പ്രകടിപ്പിച്ചു. പ്രസിഡന്റും സ്പീക്കറും പ്രതിസന്ധിയില്‍ അന്യോന്യം കുറ്റപ്പെടുത്തുന്നത് തുടര്‍ന്നു. ഉഭയ കക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചത് വളരെ വൈകിയാണെന്ന് നിരീക്ഷകര്‍ ആരോപിച്ചു.

ഈയാഴ്ച ഒത്തുതീര്‍പ്പ് ഉണ്ടാകുമെന്ന പ്രത്യാശ സ്വീക്കറും പ്രകടിപ്പിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്പീക്കര്‍, സെനറ്റ് മെജോരിറ്റി ലീഡര്‍ ചക്ക് ഷൂമര്‍, ഹൗസ് മൈനോരിറ്റി ലീഡര്‍ ഹക്കീം ജെഫ്രീസ്, സെനറ്റ് മൈനോരിറ്റി ലീഡര്‍ മിച്ച് മക്കൊണല്‍ എന്നിവര്‍ ആദ്യമായാണ് യോഗം ചേര്‍ന്ന് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് പ്രസിഡന്റ് ജപ്പാനിലേയ്ക്ക് പോയത്. തന്റെ വിദേശ സന്ദര്‍ശനം വെട്ടിചുരുക്കി വാരാന്ത്യത്തില്‍ തിരിച്ചെത്തി പ്രശ്‌നപരിഹാര ചര്‍്ച്ചകള്‍ തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക