Image

അമേരിക്കയില്‍ ഏഷ്യാക്കാരിൽ മുന്നില്‍ ഇന്ത്യക്കാർ (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 19 May, 2023
അമേരിക്കയില്‍ ഏഷ്യാക്കാരിൽ  മുന്നില്‍ ഇന്ത്യക്കാർ  (ദുര്‍ഗ മനോജ്)

അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സില്‍ സ്റ്റാഫ് മുഖേന പുറത്തു വന്ന ലേഖനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലേക്കു കുടിയേറിയ ഏഷ്യക്കാരും പസഫിക് ദ്വീപു നിവാസികളും നയിക്കുന്ന ജീവിതത്തെക്കുറിച്ച് ഒരു പഠനം പുറത്തുവന്നിട്ടുണ്ട്. അതിലെ കാര്യങ്ങള്‍ പ്രകാരം ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ടെന്നു പറയാതെ വയ്യ.

എല്ലാ മെയ് മാസത്തിലുമാണ് ഇത്തരം ഒരു ഡേറ്റ പുറത്തു വരാറ്. അതുപ്രകാരം യു.എസില്‍ താമസിക്കുന്ന 19.7 ദശലക്ഷം ഏഷ്യക്കാരും, പസഫിക് ദ്വീപുനിവാസികളും രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന വംശീയ ഗ്രൂപ്പുകളാണ്.

ഏഷ്യന്‍, അല്ലെങ്കില്‍ പസഫിക് ദ്വീപുനിവാസികള്‍ എന്നു പറയുന്നവര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് കാലിഫോര്‍ണിയ സംസ്ഥാനത്തിലാണ്. അതായത് യു. എസിലെ മൊത്തം ഏഷ്യന്‍, പസഫിക് ദ്വീപുനിവാസികളുടെ 30.9% പേരും കാലിഫോര്‍ണിയ താമസിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. ന്യൂയോര്‍ക്ക്, ടെക്‌സാസ്, ന്യൂജേഴ്‌സി, വാഷിംങ്ടണ്‍ എന്നിവയാണ് തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഈ ഏഷ്യന്‍, പസഫിക് ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും ജനിച്ചിരിക്കുന്നത് പക്ഷേ, യുഎസിനു വെളിയിലാണ്.

ഇനി, ഒരു വംശീയ വിഭാഗത്തിന്റെ ഭാഗമാണെന്നു വിശേഷിപ്പിക്കുന്നവരില്‍ ഇന്ത്യക്കാരാണ് വലിയ ഗ്രൂപ്പ്, (22.4%). തൊട്ടു പിന്നില്‍ 20.8% പേരുമായി ചൈനക്കാരും, 15.2% വുമായി ഫിലിപ്പിനോകളും 9.5% വരുന്ന വിയറ്റ്‌നാമീസും, 7.4% കൊറിയക്കാരും സ്ഥാനം പിടിച്ചിരിക്കുന്നു.

ഇനി മറ്റൊരു ശ്രദ്ധേയമായ കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നത്, ഇത്തരത്തില്‍ യുഎസില്‍ ജീവിക്കുന്ന വംശീയ ഗ്രൂപ്പുകളില്‍ നേപ്പാളികള്‍ ആണ് വേഗത്തില്‍ വളരുന്ന കുടിയേറ്റക്കാര്‍ എന്നാണ്. 2016 മുതല്‍ യുഎസില്‍ എത്തിച്ചേരുന്ന ഇവര്‍ അതിവേഗം വളരുന്നവരാണ്. ഇവര്‍ 26.7% ഉണ്ട്. തൊട്ടുപിന്നാലെ ബംഗ്ലാദേശികള്‍ 22.4%, ഇന്ത്യക്കാര്‍ 21.5 %, ബര്‍മീസ് 19.7% എന്നിങ്ങനെയുണ്ട്.

യുഎസില്‍ താമസിക്കുന്ന ഏഷ്യന്‍ പസഫിക് ദ്വീപുനിവാസികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. 25 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 58.5 % പേരും ബിരുദമോ അതിലേറെയോ വിദ്യാഭ്യാസമുള്ളവരാണ്. എന്നാല്‍ ഇതില്‍പെടാത്ത കുടിയേറ്റക്കാരില്‍ ഈ നിരക്ക് 33.7% മാത്രമാണ്. ഈ വ്യത്യാസം ഏഷ്യക്കാരും പസഫിക് ദ്വീപു നിവാസികളും ഏര്‍പ്പെടുന്ന തൊഴില്‍ മേഖലയിലും കാണാം.

ഇന്ത്യക്കാരില്‍ 14.8% പേര്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അതു തന്നെ കുടുംബ വരുമാനത്തിലും പ്രതിഫലിക്കുന്നു. ഏറ്റവും വരുമാനമുള്ള വംശക്കാരില്‍ ഇന്ത്യക്കാരാണു മുന്നില്‍. 2021 ല്‍ ശരാശരി 146000 ഡോളറാണ് ഇന്ത്യന്‍ കുടുംബത്തിന്റെ ശരാശരി വരുമാനമായി കണക്കാക്കിയത്. എന്നാല്‍  10.1% പേര്‍ ഇപ്പോഴും അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചു ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നുണ്ട്.

അതില്‍ ബര്‍മീസ് കുടുംബങ്ങളും ഫിലിപ്പിനോ കുടുംബങ്ങളുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബര്‍മീസ് 23% പേര്‍ ഫെഡറല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഫിലിപ്പിനോകളില്‍ 6.2% പേരും ദാരിദ്ര്യം അനുഭവിക്കുന്നു.

മികച്ച വിദ്യാഭ്യാസത്തിനു ശേഷം കൂടുതല്‍ ഉയര്‍ന്ന പഠനവും തുടര്‍ന്നു ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ കുടിയേറ്റക്കാരില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നുവെന്നു തന്നെയാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്ന പ്രധാന കാര്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക