HOTCAKEUSA

ഞാനും നീയും (കവിത: ദീപ ബിബീഷ് നായർ)

Published on 19 May, 2023
ഞാനും നീയും (കവിത: ദീപ ബിബീഷ് നായർ)

നരനാണ് നീ നരഭോജിയല്ലറിയുക
മരണമിന്നല്ലോ വിധിക്കാൻ
പൊടിയുന്ന ചോരയിൽ പിടയുന്ന ജീവനെ
പാടേ മറക്കുവതെന്തേ?

പുഴുവാണ് നീ , വെറും പുഴു
മണ്ണോട് ചേരുന്നനേരം
ഗർവ്വോടെ നേടുന്നതൊക്കെ ത്യജിച്ചു
നീ പോകേണ്ടതല്ലേയൊരിക്കൽ?

വെട്ടിയും കൊന്നുംകൊലവിളിച്ചും
മിച്ചമുണ്ടാക്കിവപ്പുവതാർക്കായ് ?
അജ്ഞതയിലേറുന്നൊരപരാധമിവിടെ- യനുദിനമേറുന്നു കഷ്ടം

ആരെ തിരുത്തുവാനീകർമ്മഭൂമിയിൽ
ലഹരിയിൽ മുങ്ങിക്കുളിയ്ക്കേ
അമ്മയും പെങ്ങളുമാരെന്നറിയാത്ത
നന്മ വെടിഞ്ഞവരേറെ

വിതച്ചതില്ലിന്ന് കൊയ്യുന്നതാരും
വിനാശകാലത്തിൻ ചരിത്രം
വിപരീതബുദ്ധിയിലൊക്കെ നശിപ്പിക്കും
മതവുമൊരു വിഷമെന്നറിക

ഒരുമ തൻ സന്ദേശമുള്ളിലുണർത്തുവാൻ
ഒന്നായിരിക്കുവാനെന്നും
ഞാനെന്ന ഭാവം വെടിഞ്ഞൊരാ സ്നേഹത്തിൻ
വിത്തുവിതയ്ക്കാമിനിയും .....

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക