Image

മരിച്ചവർക്കുള്ള കത്ത് (ഫായിസ് അബ്ദുല്ല തരിയേരി)

Published on 20 May, 2023
മരിച്ചവർക്കുള്ള കത്ത് (ഫായിസ് അബ്ദുല്ല തരിയേരി)

ആരു തരുമിനിയെനിക്ക് അന്ത്യമായൊരു ചുംബനം?

പ്രിയപ്പെട്ട ലൂം ...
കാലങ്ങളൊത്തിരി ഭേദിച്ചാണിന്ന് വൃതം  മുറിച്ചത്.
കാത്തു നിൽപ്പുകൾക്ക് പോലും മതിയായിട്ടുണ്ടാവുമെന്ന് മഗ്‌രിബിന്  കൂട്ടിൽ കയറുന്ന പക്ഷി പറഞ്ഞപ്പോൾ മൂലയിൽ ചാരി വച്ച മഷിക്കുപ്പി തേടി ഞാൻ ഒറ്റക്ക് നസോഗി വരെ വന്നു.
സത്യം പറഞ്ഞാൽ..
തോളിൽ കയ്യിടാൻ പോലുമില്ലാത്തത്ര സമയമേ എനിക്ക് നിന്നിലേക്കുള്ളൂ.. മരണം  സത്യമാണെന്നു  പറഞ്ഞു ആത്മാവ് വാരിപ്പുണരാൻ  തുടങ്ങിയിട്ട് ദിവസങ്ങളായി  ...
മൂന്ന് തുണിയും പിടിച്ചു  ഒറ്റ മുറി തുറക്കുമ്പോൾ എന്റുള്ളം പറയുന്നുണ്ട് "ഞാൻ  ഇവിടുന്നാവും നിന്നിലേക്ക് വരുന്നത്..

ഇവിടുത്തെ എല്ലാ എഴുത്തുകളിലും 
നിന്റെ കണ്ണുകൾ ഒപ്പ് വെച്ചതാവും. അതിനാൽ വരുമ്പോൾ എനിക്കെന്ത്‌ കൊണ്ടു വന്നുവെന്ന നിന്റെ ചോദ്യത്തിന് ഞാനിതാ ഗുൽമർഗിലിരുന്ന് എഴുതി അയക്കാൻ മറന്ന പ്രണയലേഖനം കൊണ്ടു വന്നെന്ന് പറയും.
 ആദ്യമായൊരു പ്രണയമെഴുതാൻ
നീ ഭൂമിയില്ലാത്തൊരു നേരമാണുചിതമെന്നു പറഞ്ഞത് കള്ളമല്ലായിരുന്നു... അതു കൊണ്ടാവണം എന്റെ ശരീരമാകെ തണുപ്പ് പടരുന്നതും ഇടക്കിടെ ബോധം നഷ്ടപ്പെടുന്നതും.. കണ്ണീരുപ്പ് കലർത്തി അരിച്ചു കയറുന്ന ഓരോ വരിയിലും നമ്മള് രണ്ടു വഴികളായത്  സ്വപ്‌നമാണെന്ന് പറയാൻ ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ... 
നമ്മളൊരിക്കലും തീരാൻ കൊതിക്കാത്ത അതേ സമയത്തെ  നോക്കി ഒന്നെന്നെ കറക്കിത്തിരിച്ചെങ്കിലെന്നു നൂറു വട്ടം ഞാൻ മെഴുകുതിരി നേർച്ച ചെയ്യാറുമുണ്ട്.

എന്റെ ലൂം,
കാലമെത്ര കഴിഞ്ഞിട്ടും അച്ചടി മഷി പുരണ്ട കൈകൾക്കിപ്പോഴും നിന്നെക്കുറിച്ചെഴുതാൻ കൊതിയാണ്..
ഭ്രാന്ത് പിടിച്ചു 
അവസാനമായി നമ്മൾ കണ്ടതിൽ 
ആകാശം കറുമുറെ മഴപെയ്തൊലിക്കുന്നുണ്ടായിരുന്നു.
ഞാൻ എടയപ്പുറത്തെ പള്ളി വരാന്തയിൽ കല്ലാക്കയറും പിടിച്ചോണ്ടിരിപ്പായിരുന്നു.. താങ്ങില്ലാണ്ടായപ്പോൾ കേറിക്കൂടിയ  നൊസ്സ് തന്നെയാണ് എന്നെക്കൊണ്ട് മുക്രി വേഷം തലേക്കെട്ടിച്ചതും . നൊസ്സ് വന്നതിന്  എനിക്ക്  മാത്രമറിയാവുന്ന ആ രഹസ്യമെന്തെന്നാൽ നിന്റെ കുട്ടി  ഓടി വന്നു കാലിൽ പിടിച്ചന്ന്  നീ മാത്രം തലക്ക് പിടിച്ചു മരിച്ചോര്  പാർക്കുന്ന ഇരുണ്ട തോപ്പുകളിൽ ഞാനെന്റെ  സ്വന്തത്തെ പറഞ്ഞു വിട്ടതായിരുന്നു..

"ഉസ്താദേ.. മൈക്കത്ത് മരണം പറയോ.. എന്റുമ്മച്ചിയാണ് .. ഒരു കടലാസ് എടുത്തു നീട്ടി ഇതിലെഴുതീക്ക്ണ്...
 മുക്രിപ്പണിക്ക് കേറിയതിൽ പിന്നെ ആദ്യം വന്ന കോളാണിതെന്ന നിറവിൽ  ഒഴിഞ്ഞു പോയ  മൊല്ലാക്ക കാട്ടിത്തന്ന പോലെ തകാര മുട്ടി ഞാൻ ഉറക്കെ വിളിച്ചു :"ഇന്നാലില്ലാഹ്..
നെരിക്കണ്ടി  പുരയിൽ ഇരമുള്ളാൻ  മകൾ അശ്ജാന ബീഗം മരണപ്പെട്ടത് വ്യസന സമേതം അറിയിക്കുന്നു.."

ആ നിമിഷം എന്റെ തലകൾ നുറുങ്ങി. നാസോഗിയിലെ മഞ്ഞു മലകളോരോന്നും എന്നെ ഇടിച്ചു മുറിച്ചെങ്കിലെന്നു തോന്നി... ഇനിയൊരിക്കലും കരയില്ലന്ന് പറഞ്ഞ വാക്കെനിക്ക് പൂർത്തിയാക്കാനായില്ല..
ലൂം ..
നിന്റെ മണമൊട്ടും വിട്ടു പോകാതെ മോനെന്റെ കയ്യിൽ പിടിച്ചു നിന്നപ്പോൾ എനിക്കാ കുഞ്ഞിനോട് എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു പോയി ..
ഈ മുറികൾ മാത്രമാണെന്ന് പറഞ്ഞ നിന്റെ ചൂര് നീ മാറ്റാർക്കോ പകർന്നതും നിനക്ക് കടിഞ്ഞൂലുണ്ടായതും ആരു പറഞ്ഞാണെന്ന് എനിക്കാരോടും  ചോദിക്കേണ്ടിയിരുന്നില്ല .. അറിയാൻ ഒരുപാട് ശ്രമിച്ചിട്ടും .. നീ നടന്ന വഴികളന്വേഷിച്ചു ഒരുപാട് മഴയത്തും വെയിലത്തും നടന്നിരുന്നത്  ഒരു വട്ടം കൂടിയാ ചിരികളൊന്ന് ഒളിച്ചിരുന്നെങ്കിലും കണ്ടെങ്കിലെന്നുള്ള ആഗ്രഹത്തിൻമേലായിരുന്നു . അതിനാലാവും സ്നേഹമാകുന്ന പടച്ചോൻ എന്റെ മരണത്തിന് പൂവിടാൻ നീയുണ്ടാവില്ലെന്നു, സ്വർഗ്ഗത്തിലിരുന്ന് എന്റുമ്മാക്ക് കഥ പറഞ്ഞു കൊടുക്കുമോന്ന് ചോദിച്ച കുട്ടിയെക്കൊണ്ട് തന്നെ പറയിപ്പിച്ചത്...
അന്നാണ് എന്നെ നോക്കി  നൊസ്സൻ മൊല്ലാക്കയെന്ന് കുട്ടികൾ കളിയാക്കിയതും ഞാൻ തെരുവിലായതും..
എങ്കിലും  ഞാൻ കാത്തു വെച്ച ആ മണം പ്രണയത്തിന്റെതായിരുന്നില്ല,
 മരണത്തിന്റെതായിരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാനീ മഴകളെ പറഞ്ഞു വിടുന്നു..
പിറകെ വരുന്നോവർ പ്രണയമാണെന്നു കരുതി വായിച്ചു നോക്കും..
നോവ് കീറി മുറിവ് കെട്ടാനാവാതെ മരണത്തിന്റെ മണമന്വേഷിച്ചു മുഹബ്ബത്തിന്റെ ദർവീഷുകളായി ഭൂമിയിലെല്ലാവരും മാറും അപ്പോഴേക്കും നമ്മളൊന്നിച്ചു ഇടിമിന്നലിൽ, മണ്ണിനടിയിൽ ഉമ്മ വെച്ചു കവിതകളെഴുതും...
ഞാൻ പ്രാർത്ഥിക്കുന്നില്ല...
നിന്നോട് പറഞ്ഞ കള്ളം പോലും ദൈവം പ്രണയനൂലുകളായി ചേർത്ത് വെക്കുമെന്ന ഭയത്താൽ,
എത്രയും വേഗമുണ്ടോ അത്രയും വേഗം എനിക്ക് നിന്നിൽ ലയിച്ചു ഭൂമിയിലേക്ക് നമ്മളൊന്നിച്ചു നനഞ്ഞ കഥകൾ വെള്ളിയാഴ്ച രാവിൽ പുറത്തു വരുന്ന ആരുടെയെങ്കിലും പക്കൽ കൊടുത്തു വിടണം...

എഴുത്ത് നിറുത്താനാവുന്നില്ല.. ഒടുങ്ങാൻ പോകുന്നവന്റെ ഒടുവിലത്തെ ആളിക്കത്തലിലെന്റെ പേനയും മഷിയും തമ്മിൽ രക്തം പൊഴിക്കുന്നു...
എന്നെയാരാണവസാനം ഉമ്മ വെക്കുന്നത്?

നിന്റെ സ്വന്തം പാച്ചു
19/05/2023

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക