HOTCAKEUSA

കര്‍ണ്ണാടക: ബി.ജെ.പി.യുടെ മതധ്രുവീകരണ രാഷ്ട്രീയം തുടങ്ങിയവക്ക് ഏറ്റ കനത്ത പ്രഹരം (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 20 May, 2023
കര്‍ണ്ണാടക: ബി.ജെ.പി.യുടെ മതധ്രുവീകരണ രാഷ്ട്രീയം തുടങ്ങിയവക്ക് ഏറ്റ കനത്ത പ്രഹരം (ദല്‍ഹികത്ത് : പി.വി.തോമസ്)

കര്‍ണ്ണാടക വിധി എഴുതി. അത് ചരിത്രപരമായിരുന്നു. ഐതിഹാസികമായ ഒരു വിജയത്തിനുശേഷം കോണ്‍ഗ്രസില്‍ അനിശ്ചിതാവസ്ഥയും അധികാരവടം വലിയും മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ ഒരാഴ്ചയ്ക്കുശേഷം അത് മെയ് 18-ന് പരിഹരിക്കപ്പെട്ടു. സിദ്ദാരാമയ്യ മുഖ്യമന്ത്രിയും ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയുമായി. ഔദ്യോഗികമായി വെളിപ്പെടുത്തപ്പെടാത്ത ഒരു രഹസ്യ ഫോര്‍മുല അനുസരിച്ച് ആദ്യത്തെ രണ്ടര വര്‍ഷം കഴിയുമ്പോള്‍ ശിവകുമാര്‍ മുഖ്യമന്ത്രി ആകും. ഇപ്പോള്‍ ശിവകുമാറിന് ആഭ്യന്തരം തുടങ്ങിയ പ്രധാനവകുപ്പുകള്‍ ലഭിക്കും. അദ്ദേഹം 2024 -ലെ പൊതു തെരഞ്ഞെടുപ്പ് വരെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ഈ ഉജ്ജ്വല വിജയത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നതിന്റെ അംഗീകാരം ആണ് ഇതെല്ലാം. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ ഹിന്ദുത്വ മതധ്രുവീകരണ അജണ്ടയാണ് തകര്‍ന്നു വീണത്. 2028-ല്‍ 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വന്ന ബി.ജെ.പി.ക്ക് ഇപ്രാവശ്യം ലഭിച്ചത് 65 സീറ്റുകള്‍ മാത്രം ആണ്. വോട്ടുവിഹിതവും 38 ല്‍ നിന്ന് 36 ശതമാനം ആയി കുറഞ്ഞു. വോട്ടുവിഹിതം നിലനിര്‍ത്തിയെന്ന ഒരു വാദം ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടര ശതമാനത്തിന്റെ കുറവ് വലിയൊരു കുറവാണ്. കോണ്‍ഗ്രസിനാകട്ടെ വന്‍ വളര്‍ച്ചയും ആയിരുന്നു. ആകെയുള്ള സീറ്റുകള്‍ 78-ല്‍ നിന്നും 136 ആയി വര്‍ദ്ധിച്ചു. വോട്ടുവിഹിതം ആകട്ടെ 38-ല്‍ നിന്നും 42.9 ശതമാനമായി വര്‍ദ്ധിച്ചു. ഇതുവരെ  നിര്‍ണ്ണായകമായ വളര്‍ച്ചയാണ്. തളര്‍ച്ച പറ്റിയത് ജെ.ഡി.എസ്.നും കൂടെയാണ്. ഒന്നുകില്‍ രാജാവിനെ നിശ്ചയിക്കുന്ന ഘടകം അല്ലെങ്കില്‍ രാജാവു തന്നെ ആകും എന്ന് വീരവാദം മുഴക്കി നടന്ന ദേവഗൗഢയുടെയും കുമാരസ്വാമിയുടെയും ജെ.ഡി.എസ്. 37 ല്‍ നിന്നും 19 സീറ്റുകള്‍ ആയി കുറഞ്ഞു. വോട്ടുശതമാനവും കുത്തനെ താഴ്ന്നു, 18.3 ശതമാനത്തില്‍ നിന്നും 13.3 ശതമാനത്തിലേക്ക്. അങ്ങനെ  കര്‍ണ്ണാടക രാഷ്ട്രീയം ബൈ-പോളാര്‍ ആയി- ബി.ജെ.പി.യും, കോണ്‍ഗ്രസും പ്രധാനമായി. ഹിന്ദുത്വ മതധ്രൂവീകരണമില്ലാത്ത ബൈ പോളാര്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്ക് കാര്യമായ സാദ്ധ്യതയില്ല. അതാണ് ഹിന്ദുത്വ മതധ്രുവീകരണമില്ലാത്ത ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.ക്ക് വലിയ സാദ്ധ്യതകള്‍ ഇല്ലാത്തതിനു കാരണം. കര്‍ണ്ണാടകയും നഷ്ടപ്പെട്ടതോടെ ബി.ജെ.പി.ക്ക് തെക്കെ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്ന ഒരേ ഒരു സംസ്ഥാനവും ഇല്ലാതായി. ആന്ധ്രാപ്രദേശും(വൈ.എസ്.ആര്‍. കോണ്‍ഗ്രസ്), തമിഴ്‌നാടും(ഡി.എം.കെ.) കേരളവും(ഇടതുമുന്നണി) തെലുങ്കാനയും(ഭാരത രാഷ്ട്രസമിതി) ബി.ജെ.പി.ക്ക് ഇനിയും അപ്രാപ്യമാണ്. ഹിന്ദുത്വ വോട്ടു ധ്രൂവീകരണം തെക്കെ ഇന്‍ഡ്യയില്‍ നിന്നും തൂത്തുമാറ്റപ്പെട്ടതോടെ ബി.ജെ.പി.യുടെ പ്രതീക്ഷകള്‍ തകര്‍ന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ധ്രൂവീകരണത്തിനായിട്ടുള്ള 'ജയ് ബജറംഗബലി' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളുടെ അവസാനം മൂന്നുപ്രാവശ്യം വിളിച്ച് ജനങ്ങളെക്കൊണ്ട് ഏറ്റു വിളിപ്പിച്ച് യോഗങ്ങള്‍ അവസാനിപ്പിച്ചത്. ഇതു കൂടാതെ 'കേരള സ്റ്റോറി' എന്ന മുസ്ലീം വിരുദ്ധ സിനിമ മുന്‍ നിറുത്തിയും പ്രധാനമന്ത്രി വോട്ടു ചോദിക്കുകയുണ്ടായി. ഇതൊക്കെ മതേതര ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പു പ്രചാരണ ചരിത്രത്തില്‍ ആദ്യമായാണ്. ബജ്‌റംഗബലിയുടെ പേര് ഉദ്ധരിക്കുവാനുള്ള കാരണം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍, ബജ്‌റംഗദള്‍ എന്ന സംഘപരിവാര്‍ സംഘടനയെ 'പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്‍ഡ്യ'യെപ്പോലെ (പി.എഫ്.ഐ.) നിരോധിക്കുമെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ്. ബി.ജെ.പി. ഗവണ്‍മെന്റ് ധ്രൂവീകരണത്തിനായി ഭരണത്തിലുടനീളെ ഓരോ പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, ഹിജാബ്, നിരോധനവും, ഹലാലും, ക്ഷേത്രപരിസരത്തു നിന്ന് ന്യൂനപക്ഷ കച്ചവടശാലകള്‍ നിരോധിച്ചതും, ടിപ്പു സുല്‍ത്താന്‍ വിഷയവും, ഏകീകൃത സിവില്‍ കോഡും, ഒരു പടുകൂറ്റന്‍ ഹനുമാന്‍ മന്ദിരത്തിന്റെ നിര്‍മ്മിതിയും എല്ലാം ഇവയില്‍ ചിലതുമാത്രം. മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പു പ്ട്ടികയില്‍ നിന്നും മാറ്റിയിരുന്നു. കോണ്‍ഗ്രസിന് ഈ വിജയം വലിയ ഒരു ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. 2024-ലെ ബി.ജെ.പി. വിരുദ്ധ മതേതര പ്രതിപക്ഷ ഐക്യത്തിനും ഈ വിജയം വളരെ ഊര്‍ജ്ജം പകരും. അതിനാലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് എല്ലാ പ്രതിപക്ഷ കക്ഷികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്. 2018-നു ശേഷം കോണ്‍ഗ്രസിന് പ്രധാനപ്പെട്ട ഒരു സംസ്ഥാന തെരഞ്ഞെടുപ്പിലും വിജയം ഉണ്ടായിട്ടില്ല. വിജയിച്ച മധ്യപ്രദേശും കൂട്ടുകക്ഷി ഭരണം സ്ഥാപിച്ച കര്‍ണ്ണാടകയും ബി.ജെ.പി. കുതിരകച്ചവടത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. ഈ വിജയത്തിന്റെ മാറ്റ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കാരണം വര്‍ഷാവസാനം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛാത്തീസ്ഘട്ടും തെരഞ്ഞെടുപ്പിലാണ്. ഭരണം നിറുത്തുവാന്‍ ഈ വിജയം കോണ്‍ഗ്രസിനെ സഹായിച്ചേക്കാം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നു പോയ കര്‍ണ്ണാടക നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയം കൊയ്തു.25 ബി.ജെ.പി. മന്ത്രിമാരാണ് തോറ്റവരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ ബി.സി. നാഗേഷും(ത്രിപരൂര്‍) ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിന് ലിംഗായത്ത്, പോക്ക ലിംഗ, മുസ്ലീം വിഭാഗങ്ങളുടെ വന്‍പിന്തുണയാണ് ലഭിച്ചത്. ലിംഗായത്ത് ബി.ജെ.പി.യില്‍ നിന്നും വോക്കലിംഗയും മുസ്ലീമും ജെ.ഡി.എസില്‍ നിന്നും വിട്ടുമാറി വോട്ടു ചെയ്തു. മുസ്ലീങ്ങളെ ബി.ജെ.പി. ഗവണ്‍മെന്റിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കൊപ്പം 4 ശതമാനം സംവരണം നിറുത്തലാക്കിയതും പ്രകോപിപ്പിച്ചു. കോണ്‍ഗ്രസിന്റെ ചില തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളാല്‍ ആകൃഷ്ടരായ വനിതകളും നല്ല ഒരു ശതമാനം വോട്ടു അവര്‍ക്കു നല്‍കി. ഇവയെല്ലാം പാലിക്കാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പു വിജയം അയോഗ്യനായ രാഹുല്‍ഗാന്ധിയെ ഒരു പക്ഷേ പ്രധാന മോദി പ്രതിയോഗികളില്‍ ഒരാള്‍ ആക്കിയേക്കാം. കര്‍ണ്ണാടകക്കു ശേഷം ബി.ജെ.പി. 'ഡബിള്‍ എഞ്ചിന്‍' പ്രയോഗം കുറച്ചേക്കാം. കാരണം അത് ഫെഡറല്‍ സിദ്ധാന്തത്തിന് എതിരും ആണ്. കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടി തന്നെ സംസ്ഥാനങ്ങളും ഭരിക്കണമെന്ന് ഏതുഭരണഘടനയില്‍ ആണ് എഴുതി വച്ചിരിക്കുന്നത്? കര്‍ണ്ണാടകയില്‍ നടന്നത് 'ഡബിള്‍ എഞ്ചിന്‍ ഫെയ്‌ലിയര്‍' ആണ്. അതുപോലെ ബി.ജെ.പി. ഹിന്ദു വോട്ട് ബാങ്ക് ധ്രുവീകരണ രാഷ്ട്രീയം അല്പം കുറച്ചേക്കാം. ദക്ഷിണേന്ത്യയില്‍ അത് തീര്‍ത്തും വേണ്ടെന്നു വച്ചേക്കാം. ആ വിത്ത് വളരുന്ന മണ്ണ് ഒരു പക്ഷേ ഉത്തരേന്ത്യയില്‍ ആയിരിക്കാം. അവിടെ അത് ലോ ഓഫ് ഡിമനീഷിംങ്ങ് റിട്ടേണില്‍ ആണ്. ജനങ്ങള്‍ക്കു വേണ്ടത് വിലക്കയറ്റ നിയന്ത്രണവും പുരോഗതിയും ആണ്. മതത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നതല്ല. പണത്തിന്റെ കുത്തൊഴുക്കും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി ഷായും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരുടെ അമിതപ്രചാര തന്ത്രങ്ങളും ബി.ജെ.പി. രക്ഷിച്ചില്ല  കര്‍ണ്ണാടകയില്‍. ഇതൊരു വലിയ സന്ദേശമാണ്. കോണ്‍ഗ്രസിന്റെ പ്രചാരണം പ്രധാനമായും ലോക്കല്‍ നോതാക്കന്മാരാണ് നയിച്ചത്. അത് അതിന് ഗുണവും ചെയ്തു. മോദിയെ ആവശ്യത്തിലധികം ആശ്രയിച്ചതും ബി.ജെ.പി.ക്ക് ദോഷം ചെയ്തു. ബി.ജെ.പി.ക്ക് എതിരെ ആഞ്ഞടിച്ചത് അതിശക്തമായ ഒരു ഭരണവിരുദ്ധ വികാരം ആയിരുന്നു. അഴിമതി- 40 ശതമാനം കമ്മീഷന്‍ രാജ്- അതിന്റെ കേന്ദ്രബിന്ദു ആയിരുന്നു. കര്‍ണ്ണാടക എന്നും കോണ്‍ഗ്രസിന്റെ രക്ഷക്ക് എത്തിയിട്ടുണ്ട്. 1977-ല്‍ അടിയന്തിരാവസ്ഥാനന്തരമുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്ദിരയും തറപറ്റിയപ്പോള്‍ 1978-ല്‍ ഇന്ദിരാഗാന്ധിയെ ചിക്കമംഗലൂരില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ ലോകസഭയിലെത്തിച്ചത് ഈ തെന്നിന്ത്യന്‍ സംസ്ഥാനം ആണ്. 1999-ല്‍ സോണിയാന്ധി ബെല്ലാരിയില്‍ നിന്നും അവരുടെ കന്നിയങ്കം വിജയിച്ച് ലോകസഭയിലെത്തി. 1978-ലെ സംസ്ഥാന വിജയം കേന്ദ്രത്തിലും കോണ്‍ഗ്രസിന്റെ വിജയത്തിന് തുടക്കം കുറിച്ചു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തെളിയിച്ച മറ്റൊരു കാര്യം മോദി അജയ്യന്‍ അല്ലെന്നാണ്. പ്രതിപക്ഷം വോട്ടു ചിന്തിപ്പോകാതിരിക്കുവാന്‍ ശ്രമിച്ചാല്‍ മാത്രം മതി. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയം പ്രാദേശിക പ്രശ്‌നങ്ങള്‍ ആണ്. ഹിന്ദുത്വ ധ്രുവീകരണത്തിന്റെയും മതത്തിന്റെയും അതിപ്രസരം അധികം ഏല്‍ക്കുകയില്ല. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിജയം പൊതുതെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണമെന്ന് യാതൊരു നിര്‍ബ്ബനധവും ഇല്ല. ധാരാളം ഉദാഹരങ്ങള്‍ ഉണ്ട്. 2019-ല്‍ ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി.ക്കുവേണ്ടി വോട്ടു ചെയ്തു. എന്നാല്‍ അതേ ജനെ തന്നെ അതേ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലേക്ക് ബി.ജെ.പി.ക്കും വേണ്ടി വോട്ടു ചെയ്തു. രാജസ്ഥാനും, മധ്യപ്രദേശും, ഛാത്തീസ്ഘട്ടും, ദല്‍ഹിയും എല്ലാം ചില ഉദാഹരണങ്ങള്‍ ആണ്. ദല്‍ഹിയില്‍ ജനംഭരണം ആപ്പിന് നല്‍കി. പിറ്റെ വര്‍ഷം നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ 7-ല്‍ 7 സീറ്റുകളും ബി.ജെ.പി. തൂത്തൂവാരി. എന്നിരുന്നാലും ബി.ജെ.പി. യോ മോദിഷാമാരോ തോല്‍വിക്ക് അതീതരല്ല. 2014-നു ശേഷം നടന്ന 57 സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. 29 തെരഞ്ഞെടുപ്പുകളില്‍ തോറ്റു. ഇതില്‍ ഒടുവിലത്തേതാണ് കര്‍ണ്ണാടക. ബി.ജെ.പി. ഗവണ്‍മെന്റ് രൂപീകരിച്ച 28 തെരഞ്ഞെടുപ്പുകളില്‍  അതിന്റെ ഭൂരിപക്ഷ ഗവണ്‍മെന്റ് 12-ല്‍ മാത്രം ആണ്. മറ്റ് 18. ഇടത്ത് ബി.ജെ.പി. ഏറ്റവും വലിയ കക്ഷിയാണ്. ഇന്‍ഡ്യയുടെ രാഷ്ട്രീയ ഭൂപടത്തിലും ബി.ജെ.പി.യുടെ ഗവണ്‍മെന്റുകളുടെ എണ്ണം കുറഞ്ഞു വരുകയാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് തെളിയിച്ചത് ഒത്തൊരുമിച്ച് ഒറ്റയാള്‍ പോലെ നിന്നാല്‍ കോണ്‍ഗ്രസ് അജയ്യമാണ്. പക്ഷേ, ഇനിയാണ് കോണ്‍ഗ്രസിനുള്ള ദുര്‍ഗ്ഗഘട്ടം. കോണ്‍ഗ്രസിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് അത് അറിയാം. സുഗമമായ, കെട്ടുറപ്പുള്ള ഒരു ഭരണം പ്രദാനം ചെയ്യുവാന്‍ അതിനുകഴിയുമോ? സിദ്ദാരാമയ്യയും ശിവകുമാറും മറ്റൊരു അശോക് ഗെലോട്ടും സച്ചിന്‍ പൈലട്ടും ആകുമോ? ശേഷം കാത്തിരുന്നു കാണാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക