HOTCAKEUSA

ദൈവം എഴുതിയ പരീക്ഷ ( എസ്. എസ്.എൽ. സി കടമ്പ : പോളി പായമ്മൽ)

Published on 20 May, 2023
ദൈവം എഴുതിയ പരീക്ഷ ( എസ്. എസ്.എൽ. സി കടമ്പ : പോളി പായമ്മൽ)

10 -ാം ക്ലാസ്സ് പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും  വന്ന ചോദ്യങ്ങൾക്ക് എന്തൊക്കെ ഉത്തരങ്ങളാണ്  എഴുതിയതെന്ന് അന്നൊരു നിശ്ചയമുണ്ടായിരുന്നില്ല. 
വെറുതെ ഓരോ പാഠങ്ങൾ വായിച്ചു എന്നല്ലാതെ നല്ല പോലെ ഒന്നും മനസ്സിലാക്കി പഠിക്കുകയോ പഠിച്ച് മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല.
ഹിന്ദിയും ഇംഗ്ലീഷും ഊർജ്ജ , രസതന്ത്രങ്ങളും  കീറാമുട്ടിയായിരുന്നപ്പോൾ കണക്കാകട്ടെ ഒരു കണക്കുമില്ലാതെ എന്നെ കുഴപ്പത്തിലാക്കിയിരുന്നു. 

മോഡൽ പരീക്ഷക്ക് വരെ ഉത്തരങ്ങൾക്കായ് പേനയുടെ ടോപ്പ് കടിച്ചു തിന്ന് ആലോചിച്ചിരുന്ന് ചോദ്യങ്ങൾ അതേപ്പടി പകർത്തി വച്ചു.  ആ ചോദ്യങ്ങളുടെ പകർത്തിവയ്ക്കലിൽ പോലും അക്ഷരത്തെറ്റുകൾ നിരവധിയായിരുന്നു. അതുകൊണ്ടാണ് തോൽക്കുന്നവരുടെ ഗണത്തിൽ നമ്പർ വൺ ഞാനായിരിക്കുമെന്ന് ടീച്ചർമാരും മാഷുമാരും നേരത്തെ തന്നെ വിധിച്ചത്.

ഓരോ പരീക്ഷക്കും മറ്റുള്ള സഹപാഠികൾ വാങ്ങി കൂട്ടിയ പേപ്പറുകളിൽ അവർ ഉത്തരങ്ങളുടെ പ്രളയം സൃഷ്ടിച്ചപ്പോൾ കോപ്പിയടിക്കാനുള്ള മനോധൈര്യമോ സാങ്കേതികവിദ്യയോ എനിക്ക് അപ്രാപ്യമായിരുന്നു. 

പിന്നെ കോപ്പിയടിച്ചാൽ തന്നെ പിടിക്കപ്പെട്ടാലുണ്ടാകുന്ന മാനഹാനിയും ശിക്ഷാനടപടിയും ഓർത്ത് പരീക്ഷയ്ക്ക് തന്ന ആദ്യത്തെ രണ്ടേ രണ്ടു പേപ്പറിൽ ഔദ്യോഗിക പഠനത്തിന്റെ അന്ത്യ നാളുകൾ ഞാൻ കുറിച്ചിട്ടു.
ഒരു സംശയവും വേണ്ട,പഠിച്ച് പരീക്ഷയെഴുതാത്തവർ തോൽക്കുമെന്ന് ഉറപ്പാണ്. അപ്പോൾ പിന്നെ വിജയത്തെ കുറിച്ച് സ്വപ്നം കാണുന്നതിലും ഒരു കഥയുമില്ല. ദൈവത്തോട് കേണപേക്ഷിച്ചാൽ പോലും ഒരു രക്ഷയുമില്ല. തോൽവി സുനിശ്ചിതം തന്നെ.

എന്തു കൊണ്ട് പഠിച്ചില്ല എന്ന് ആരും ചോദിച്ചില്ല. അതിനുള്ള സാഹചര്യങ്ങൾ ഉണ്ടോയെന്ന് ആരും അന്വേഷിച്ചില്ല.
സ്കൂൾ ജീവിതം എന്നത് ആരെയൊക്കെയോ ബോധ്യപ്പെടുത്താനും  സമാധാനിപ്പിക്കാനും മാത്രമായുള്ള ഒരു കടത്തു കടക്കലായ്  കണക്കാക്കുന്ന ഒരു കാലത്തിന്റെ നോവുകളാണ്.

നല്ല വസ്ത്രങ്ങൾ ധരിക്കാതെ നല്ല ഭക്ഷണം കഴിക്കാതെ
പഠിക്കാൻ പാഠപുസ്തകങ്ങൾ പോലുമില്ലാതെ അനേകം നിർധനരായ കുട്ടികൾ മനസ്സില്ലാമനസ്സോടെ  ദരിദ്ര ഇന്ത്യൻ വിദ്യാലയങ്ങളിലേക്ക് വ്രണിത ഹൃദയവുമായ് നടന്നു തീർത്ത പരീക്ഷണങ്ങളുടെ ബാക്കിപത്രം.

അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹൈസ്കൂളിലേക്ക് റിസൾട്ട് നോക്കാൻ കൂട്ടുകാർക്കൊപ്പം പോകുമ്പോൾ ഞാൻ ഏറെ സന്തോഷ വാനായിരുന്നു. തോൽക്കുമല്ലോ തോൽവി ഉറപ്പിച്ചതാണല്ലോ. പക്ഷേ എന്റെ യുക്തിക്കും ചിന്തക്കും അപ്പുറത്താണ് യാഥാർത്ഥ്യം എന്നു  തിരിച്ചറിഞ്ഞപ്പോൾ ഞാൻ അന്തം വിട്ടു നിന്നു. 
ജയിച്ചെടാ മോനെ ...

ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന് ഇന്നും എനിക്കറിയില്ല.
എനിക്ക് പകരം ദൈവമാണോ പരീക്ഷ എഴുതിയത് : !!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക