HOTCAKEUSA

പൊതു സ്ഥലത്തുവച്ച് നടത്തുന്ന വികാര വിസ്‌ഫോടനങ്ങള്‍ (ചിഞ്ചു തോമസ്)

Published on 21 May, 2023
പൊതു സ്ഥലത്തുവച്ച് നടത്തുന്ന വികാര വിസ്‌ഫോടനങ്ങള്‍ (ചിഞ്ചു തോമസ്)

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഉൾഗ്രാമങ്ങളിൽ താമസിച്ചിരുന്ന കൂട്ടുകാരികൾ ട്രാൻസ്‌ പോർട്ട് ബസ്സിലും പ്രൈവറ്റ് ബസ്സിലുമൊക്കെയായിരുന്നു സ്കൂളിൽ വന്നുകൊണ്ടിരുന്നത്. സ്കൂൾ ബസ്സ് സൗകര്യം ഒരു നിശ്ചിത ചുറ്റളവിൽ താമസിക്കുന്നവർക്കു മാത്രമായിരുന്നു കിട്ടിയിരുന്നത്. പൊതുഗതാഗതം ഉപയോഗിച്ചിരുന്ന എന്റെ കുറച്ചു കൂട്ടുകാരികൾ ആ സമയങ്ങളിൽ സേഫ്റ്റി പിൻ കൈയിൽ കരുതിയിരുന്നു. അവരിൽ കേമത്തികൾ ആവശ്യമുള്ളവർക്കിട്ടു പിൻ കുത്തിയിറക്കി ഓടിക്കാൻ തയ്യാറായിരുന്നു. പാവംപോലെയുള്ള കുട്ടികൾ പിൻ ഉണ്ടെങ്കിലും ഉപയോഗിച്ചിരുന്നോഎന്നുള്ള കാര്യത്തിൽ എനിക്ക് ഇപ്പോൾ സംശയമുണ്ട്. അതിനുള്ള കാരണം കോളേജിൽ ആയിരുന്നപ്പോൾ വല്യ കേമത്തിആയി എന്ന്  സ്വയം വിശ്വസിച്ചിരുന്ന സമയം എനിക്ക് സംഭവിച്ച ചില കാര്യങ്ങളാണ്. 

ഒരു ദിവസം തിരക്കുള്ള ഒരു ട്രാൻസ്‌-പോർട്ട്  ബസ്സിൽ എന്നോട് ചേർന്ന് നിന്നിരുന്ന മനുഷ്യൻ എന്നെ തോണ്ടി വിളിക്കുന്നതുപോലെ എനിക്ക് തോന്നി. പക്ഷെ അയാളുടെ രണ്ടു കൈകളും  എനിക്ക് കാണുന്ന പോലെയായിരുന്നു. വേറെ ആരേലും ആയിരിക്കുമോ തോണ്ടുന്നത് എന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാളുടെ പാന്റിന്റെ പുറത്തേക്ക് തള്ളി നിന്നിരുന്ന ‘ആണുങ്ങളുടെ സ്വകാര്യ അഹങ്കാരം’ ആയിരുന്നു. ഞാൻ തിരിഞ്ഞു നോക്കുമെന്ന് അയാൾ കരുതിയില്ല. അയാൾ പേടിച്ചു സാധനം അകത്തിട്ട് തിരിഞ്ഞു നിന്ന് ദൂരേക്ക് മാറിപ്പോയി. എന്റെ അടുത്തുനിന്നവർ എല്ലാം അത് കണ്ടിരുന്നു. അവർ എല്ലാം കോളേജിൽ പഠിക്കുന്ന എന്നേപ്പോലെയുള്ളവർ. അതിനുശേഷം തിരക്കുള്ളപ്പോൾ ഒരിക്കലും ഞാൻ സീറ്റിൽ ചാരി ഇരുന്നിട്ടില്ല. പകരം മുന്നോട്ടു കയറി ഇരിക്കും. ഇന്ന് അത് ആലോചിക്കുമ്പോൾ എന്റെ സ്ഥാനത്തു അഞ്ചിലോആറിലോ ഏഴിലോ ഒക്കെ പഠിക്കുന്ന കുട്ടികൾ ആയിരുന്നു എങ്കിലോ ? അതുകൊണ്ടാണ് എനിക്ക് സ്കൂളിൽ പഠിച്ചിരുന്ന സമയത്തു പൊതുഗതാഗതം ഉപയോഗിച്ചിരുന്ന കുട്ടികൾ പ്രതികരിച്ചിരുന്നോ എന്ന് ഇപ്പോൾ സംശയം തോന്നുന്നത്. അത്രെ വല്യകുട്ടിയായിരുന്നിട്ടും  ഞാനും എന്റെ കൂടെയുള്ളവരും പേടിച്ചുപോയിരുന്നു. അങ്ങനെയുള്ള അപകടം എങ്ങനെ ഒഴിവാക്കാം ഭാവിയിൽ എന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത് . അല്ലാതെ അയാളെ പിടിച്ചു നിർത്തുകയോ ചോദ്യം ചെയ്യുകയോചെയ്തില്ല. ആ നേരം പേടിച്ചുപോയിരുന്നു. 

വേറെ ഒരു നാൾ ഞാനും കുമ്പനാട്ടുകാരി  കൂട്ടുകാരിയും വൈകിട്ട് അഞ്ചരക്ക്  കുട്ടിക്കാനത്തു നിന്ന് ട്രാൻസ്‌-പോർട്ട് ബസ്സ് കയറി.  അവൾ ഇറങ്ങി കഴിഞ്ഞ് ഒരു മണിക്കൂർ ഉണ്ട് പുനലൂരിലേക്ക്. എന്നും പോകുന്ന സമയം തന്നെയാണ്. എന്നും പോകുന്ന വഴിയാണ്. അന്ന് നല്ല മഴയായിരുന്നു. അവൾ ഇറങ്ങിക്കഴിഞ്ഞു. ബസ്സിൽ പണിക്ക് പോയി വന്ന കുറച്ച് പെണ്ണുങ്ങളും ഉണ്ട് എന്നെ കൂടാതെ സ്ത്രീകളായിട്ട്. അവർ അടുത്ത സ്റ്റോപ്പിലും ഇറങ്ങി. വഴി എല്ലാം ഇരുട്ടായി. റോഡ് കാണാത്തപോലെ മഴ. മഴവെള്ളം ജനലിൽ കൂടി അരിച്ച് ഇറങ്ങിയപ്പോൾ എല്ലാവരും ഷട്ടർ അടച്ചു. ബസ്സിൽ ആളുകൾ കുറവായി. ആരും സ്റ്റോപ്പിൽനിന്നും കയറാനില്ല. ആളുകൾ ഇറങ്ങാനേയുള്ളൂ. വഴി ഏതാണ് എന്ന് കാണുന്നുമില്ല. എന്റെ അടുത്ത് രണ്ട് പേർ വന്നിരുന്നു. രണ്ട് ആണുങ്ങൾ. മുന്നിലും ഒരാൾ വന്നിരുന്നു. എന്നോട് എങ്ങോട്ടു പോകാനാണ് എന്നൊക്കെ ചോദിച്ചു. ആദ്യം എനിക്ക് ഒന്നും തോന്നിയില്ല. പിന്നെ അവർ എല്ലാവരും കള്ളു കുടിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. അതിൽ ഒരുത്തൻ എന്റെ വയറിൽ പിച്ചി. ഞാൻ അപ്പോഴാണ് അവരുടെ ഉദ്ദേശം മനസ്സിലാക്കുന്നത്. അവരോട് വേറെ സീറ്റിൽ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അവർ ദേഷ്യം കാണിച്ചിട്ട് എന്റെ പുറകിലത്തെ സീറ്റിൽ ഇരുന്നിട്ട് എന്റെ നേർക്ക് പ്ലാസ്റ്റിക് കുപ്പികൾ എറിഞ്ഞുകൊണ്ടിരുന്നു. പിന്നെ എന്റെ മുന്നിലെയും പുറകിലെയും ജനലിന്റെ ഷട്ടർ തുറന്നിട്ടു. വെള്ളം എന്റെ സീറ്റിൽ വീണു കൊണ്ടിരിക്കുകയാണ്. ഞാൻ എഴുന്നേറ്റ് ഷട്ടർ അടക്കാൻ പറഞ്ഞു. അവർ പിന്നെയും കുപ്പികൾ എന്റെ നേർക്ക് എറിഞ്ഞുകൊണ്ടിരുന്നു. കണ്ടക്ടർ ഒന്നും കാണാത്തപോലെ ഇരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന പത്തനാപുരത്ത് നിന്നുള്ള ഒരു പയ്യൻ എന്റെ അടുത്ത് വന്നു. അവൻ എന്റെ കൂടെ ഇരുന്നു. എന്നോട് സംസാരിച്ചു. അറിയാവുന്ന ആളെപ്പോലെ സംസാരിക്കാൻ അവൻ പറഞ്ഞു. ബസ്സ് പത്തനാപുരം വരെയേ പോകുന്നുള്ളൂ എന്ന് ഡ്രൈവർ പറഞ്ഞിട്ടു  ഞങ്ങളെ എല്ലാവരേയും പത്തനാപുരത്ത് ഇറക്കി. ഞാൻ വീട്ടിൽ വിളിച്ചിട്ട് പത്തനാപുരത്ത് ഞാൻ നിൽക്കുകയാണ് അങ്ങോട്ട് വരാൻ ആവശ്യപ്പെട്ടു. ആ പയ്യൻ എന്നെ വീട്ടുകാരുടെ കൂടെ വിട്ടിട്ട് മാത്രമേ വീട്ടിൽ പോകുന്നുള്ളൂ എന്ന് പറഞ്ഞു. ആ മൂന്ന് മനുഷ്യരും അവിടെ വട്ടം കറങ്ങി നിൽപ്പുണ്ടായിരുന്നു. എങ്ങും ഇരുട്ടും മഴയും. ഞങ്ങൾ അല്ലാതെ വേറെ ഒരു കുഞ്ഞുപോലും അവിടെയില്ലായിരുന്നു. ഡാഡിയും അനിയനും വരുന്നതുവരെ ആ പയ്യൻ എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ നന്ദിയോടെ അവനോട് യാത്ര പറഞ്ഞു. പിന്നെ അവനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരിക്കൽ മാത്രം ജീവിതത്തിൽ വന്നുപോകുന്ന മനുഷ്യർ. എനിക്കന്ന് ഇരുപത്തിയൊന്ന് വയസ്സുണ്ടാകും. ഞാൻ പിന്നെ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ല. 

ഇപ്പോൾ ബസ്സിൽ വെച്ച് ഒരു സ്ത്രീയുടെ അരുകിലിരുന്നു ഒരാൾ സ്വയഭോഗം ചെയ്ത് നാടറിഞ്ഞ സംഭവത്തിൽ രണ്ട് തട്ടിലാണ് ജനങ്ങൾ. ആണുങ്ങൾക്ക് അങ്ങനെ തോന്നുന്നപോലെ വസ്ത്രം ധരിച്ചു നടക്കുന്ന സ്ത്രീകളെ കുറ്റം പറയുന്ന ചിലർ. എന്തൊക്കെ വികാരവിസ്ഫോടനങ്ങൾ  തോന്നിയാലും പൊതുസ്ഥലത്തു സിപ്പ് തുറന്ന് സ്വയംഭോഗം ചെയ്യ്യാൻ തോന്നിച്ച മനസ്സിന് കാര്യമായ തകരാറുണ്ട്. അയാൾ വീട്ടിൽ വെച്ചോ അടച്ചിട്ട മുറിയിൽ വെച്ചോ അല്ല അങ്ങനെ ചെയ്തത്. ആ സ്ത്രീയുടെ സ്ഥാനത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു എങ്കിൽ ആ കുട്ടിക്ക് ഉണ്ടായേക്കാവുന്ന മനസികാഘാതം എന്ത് പറഞ്ഞു ന്യായീകരിക്കാനാകും? 

ആണുങ്ങളുടെ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന കാര്യങ്ങൾ പെണ്ണുങ്ങൾക്ക് അറിഞ്ഞുകൂടാ. എനിക്ക് ഒരു മകനുണ്ട്. അവൻ ജനിച്ചപ്പോൾ മുതൽക്കേ അവന്റെ വളർച്ചയിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും എനിക്കറിയാം. അവന്‌ നാലഞ്ച്‌  വയസ്സിൽത്തന്നെ വികാരങ്ങൾ തോന്നാറുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ പൊതുസ്ഥലത്ത് വെച്ച് സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയോ അവിടെ തൊടുകയോചെയ്യരുത് എന്നും അവന് അറിയാം. അവന് ശെരി തെറ്റുകൾ അറിയാം. ആ മനുഷ്യൻ പിടിക്കപ്പെട്ടപ്പോൾ അത് നിഷേധിക്കുകയും ഇറങ്ങി ഓടുകയും ചെയ്തപ്പോൾ അവന് ശെരി തെറ്റ് എന്താണ് എന്നറിയാം എന്ന് മനസ്സിലായി. എന്നിട്ടും എന്തിന് അവൻ അങ്ങനെ ചെയ്തു എന്നാണ് ചോദ്യം ! 

T.C.Geevarghese 2023-05-21 20:40:17
Timely article. So shame on educated state KERALA??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക