Image

മുണ്ഡലി പഴയ മുണ്ഡലിയല്ല; മുണ്ഡലിയിന്ന് കൗതുകവസ്തുക്കളുടെ ഗ്രാമം (ദുർഗ മനോജ്)

Published on 22 May, 2023
മുണ്ഡലി പഴയ മുണ്ഡലിയല്ല; മുണ്ഡലിയിന്ന് കൗതുകവസ്തുക്കളുടെ ഗ്രാമം (ദുർഗ മനോജ്)

ഒരു കാലത്ത് ഉത്തർപ്രദേശുകാരുടെ പേടിസ്വപ്നമായിരുന്നു മുണ്ഡലി എന്ന ഗ്രാമം. പേരുകേട്ടാലേ ഭയക്കണം എന്നതായിരുന്നു കൊള്ളയും കൊലയും, തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായിരുന്ന ആ നാടിനെക്കുറിച്ചുള്ള പറച്ചിൽ. പകൽ പോലും പുറത്തിറങ്ങി നടക്കാൻ ഒരു കുഞ്ഞു തോക്കെങ്കിലും കൈവശം വേണം. എന്നാലും വലിയ കാര്യമില്ല. കീശയിൽ നിന്നു തോക്കെടുക്കു മുൻപു കുത്തു കിട്ടി വീഴാം. അതാണ് ഉത്തർപ്രദേശിലെ മുണ്ഡലി അക്കാലത്ത്. മുണ്ഡലിയിൽ നിന്നാണെന്നു പറഞ്ഞാൽ മറുനാട്ടുകാർ ഒരു ജോലികൊടുക്കില്ല. പിന്നല്ലേ വിവാഹം. എന്നാൽ അതൊക്കെ മറന്നേക്കൂ എന്നാണിപ്പോൾ പുതു തലമുറ പറയുന്നത്. ഇന്ന് മുണ്ഡലി മുത്തു കൊരുക്കുകയാണ്..

1980കളിൽ ആരംഭിച്ചു മുണ്ഡലിയുടെ മാറ്റത്തിൻ്റെ ചരിത്രം. മുഹമ്മദ് സബ്രങ് എന്ന ഗ്രാമവാസിയിൽ നിന്നാണ് ആ തുടക്കം. അദ്ദേഹമാണ് ഗാസിയാബാദിലെ ബന്ധുവിൻ്റെ കൈയിൽ നിന്നും മുത്തുകൾ വാങ്ങി അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ തുടങ്ങിയത്. സ്വാഭാവികമായും ആദ്യം പരിഹസിക്കപ്പെട്ടു. എന്നാൽ പിന്നീട് അദ്ദേഹത്തിൻ്റെ കുടുംബം സാമ്പത്തികമായി മുന്നേറുന്നതു കണ്ട മറ്റുള്ളവർ അദ്ദേഹത്തിൻ്റെ പാത പിന്തുടരാൻ തയ്യാറായി. അതോടെ സ്ത്രീകൾ വീട്ടിലിരുന്ന് മുത്തുകോർത്ത് വളയും മാലയും കമ്മലും നിർമ്മിക്കാൻ തുടങ്ങി. അതോടെ അവ വാങ്ങാനും ആളുകൾ പുറംദേശങ്ങളിൽ നിന്നും അവിടേക്ക് എത്തിത്തുടങ്ങി. ക്രമേണ മുണ്ഡലിയുടെ കറുത്ത ഭൂതകാലം ജനം മറന്നു. 

ഇന്നിവിടെ എൺപതു ശതമാനം പേരും കമ്മലും മാലയും നിർമിക്കുന്നു. എല്ലാവരുടേയും വീട്ടിൽ സ്ത്രീകൾ പാചകം കഴിഞ്ഞാൽ മടിത്തട്ടിൽ മുത്തുകളുമായി പടിഞ്ഞിരുന്നു മാലകളും കൗതുകവസ്തുക്കളും നിർമിക്കുന്നു. ആ കരകൗശല വസ്തുക്കൾ കടൽകടന്നും ഖ്യാതി നേടുന്നു. ദില്ലിയിൽ നിന്നും മുണ്ഡലിയിലെത്തുന്ന കയറ്റുമതിക്കാർക്ക് ആ ഗ്രാമവാസികളിൽ വിശ്വാസമാണ്. പണവും ജോലിയും ഉണ്ടാവുകയും വെറുതേ കളയാൻ നേരമില്ലാതാവുകയും ചെയ്തതോടെ ഗുണ്ടാസംഘങ്ങൾ ശുഷ്കിച്ചു. അനുയായികളെ കിട്ടാതെ തലവൻമാരും വാളും തോക്കും കത്തിയും മാറ്റി വെച്ച് സൂചിയും നൂലും കൊണ്ട് മുത്തുകൾ കൊരുക്കാൻ തുടങ്ങി. ദിവസേനേ എഴുന്നൂറു രൂപ വരെ ഇന്ന് ഇവിടെയുള്ളവർ വരുമാനമുണ്ടാക്കുന്നു. പ്രശ്നങ്ങൾ കത്തികൊണ്ടല്ല, സൗഹൃദത്തോടെ പറഞ്ഞു തീർക്കാനും മുണ്ഡലിക്കാരിന്നു മുന്നിലാണ്. 
മുണ്ഡലി ഒരു ഉത്തരമാണ്. ചെയ്യാനൊരു ജോലിയും അതിനു കൃത്യം കൂലിയും കിട്ടിയാൽ ആർക്കാണ് ഗുണ്ടകളാകാൻ നേരം?പ്രിയ രാഷ്ടീയക്കാരേ, മുണ്ഡലി ഒരു മാതൃകയാണ്. കേരളത്തിലെ പെരുകുന്ന കുറ്റകൃത്യങ്ങളിൽ തൊഴിലില്ലായ്മ ഒരു ഘടകമാണെന്നു മറക്കാതിരിക്കുക. ചെറുകിട തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ നിങ്ങൾക്കായാൽ മാറുക ഒരു സമൂഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക