Image

ഇത് നമ്മുടെ അച്ചായനല്ലേ! (ജോസ് ചെരിപുറം-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

(ജോസ് ചെരിപുറം) Published on 22 May, 2023
ഇത് നമ്മുടെ അച്ചായനല്ലേ! (ജോസ് ചെരിപുറം-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

പള്ളിക്കൂടം തുറക്കുമ്പോള്‍ മടിപിടിച്ചുനില്‍ക്കുന്ന കുട്ടിയെപ്പോലെ പൊന്നമ്മ നിന്നു ചിണുങ്ങി. അത് കണ്ടപ്പോള്‍ അന്നമ്മയ്ക്ക് കലികയറി. പെണ്ണിന്റെ ഒരുശിത്താന്തം. വയസ്സ് ഇരുപത്തിനാലു കഴിഞ്ഞു. ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് വിചാരം. അതെങ്ങനെ ഏറ്റവും ഇളയാതിപോയില്ലേ. കൊഞ്ചിച്ച് വഷളാക്കിയിരിക്കുന്നു.
റമ്മികളിക്കാരന്‍ ചീട്ട് നിരത്തി പിടിച്ചിരിക്കുന്ന മാതിരി രണ്ടു കൈവിരലുകള്‍ക്കിടയിലും കുറെ ഫോട്ടോ കശക്കി ഓരോന്നിലേക്കും മാറിമാറി പൊന്നമ്മ തന്റെ കരിംകൂവള മിഴികള്‍ പായിച്ചു. മുഖത്ത് നവരസങ്ങള്‍ മാഞ്ഞുതെളിഞ്ഞു.
മറുപടിക്ക് കാത്തുനിന്നു മുഷിഞ്ഞ കാമുകനെപ്പോലെ അക്ഷമയായി അന്നമ്മ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.
ക്ഷമകെട്ടപ്പോള്‍ അന്നമ്മ ചോദിച്ചു, എടീ പെണ്ണേ ഇത്രയും ചെറുക്കന്മാരുടെ ഫോട്ടോകള്‍ കണ്ടിട്ട് നിനക്കൊന്നും പിടിച്ചില്ലേ?
പൊന്നമ്മയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അന്നമ്മ പൊന്നമ്മയുടെ അടുത്തേക്ക് നീങ്ങി. ഫോട്ടോകള്‍ ബലമായി പിടിച്ചുവാങ്ങി അതിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി.
ഒരു ഫോട്ടോയിലേക്ക് വിരല്‍ ചൂണ്ടി ചോദിച്ചു. എന്താടീ ഈ ചെറുക്കനെന്നാ കൊഴുപ്പം?
പൊന്നമ്മ ഒന്നു പാളിനോക്കി മൊഴിഞ്ഞു, 'കണ്ടില്ലേ, ഇരുപത്താറു വയസ്സായപ്പോഴേ തലയുടെ മേല്‍ഭാഗം സഹാറാ മരുഭൂമിപോലെയായി, എനിക്ക് നല്ല മുടിയുടെ ചെറുക്കനെ മതി!'
വിവാഹജീവിതത്തില്‍ മുടി ഒരു പ്രശ്‌നമല്ലെന്ന് അന്നമ്മയ്ക്കറിയാം. എന്നാല്‍, അനുജത്തി പൊന്നമ്മയ്ക്ക് അതറിയില്ലല്ലോ. മുച്ചീട്ടുകളിക്കാരന്‍ ചീട്ടു കശക്കുന്നതുപോലെ അന്നമ്മ ഫോട്ടോ കൈയിലിട്ട് തിരിമറി നടത്തി.
എടീ പൊന്നമ്മേ ഈ ചെറുക്കനെന്താ കൊഴപ്പം?
'അവന് പൊക്കമില്ല. അഞ്ച് അടി മൂന്ന് ഇഞ്ചേ ഉള്ളൂ. എനിയ്ക്കാണെങ്കില്‍ അഞ്ച് അടി ആറ് ഇഞ്ച് ഉണ്ട്. നാണക്കേട്.'
പൊക്കവും വലിപ്പവും ഒന്നുമല്ല ദാമ്പത്യജീവിത്തിന്റെ അളവുകോലെന്ന് കല്യാണം കഴിച്ച് ഇരുപത്തഞ്ചുകൊല്ലമായ അന്നമ്മയ്ക്കറിയാം. പുരുഷനുമായി ഇടപഴകാത്ത പൊന്നമ്മയ്ക്ക് അതറിയില്ലല്ലോ.
വീണ്ടും അന്നമ്മ ഫോട്ടോകള്‍ തിരിച്ചും മറിച്ചും പരിശോധിച്ചു. 'പെണ്ണേ ഈ ചെറുപ്പക്കാരന്തൊടീ കൊഴപ്പം?'
അതിനും പൊന്നമ്മയുടെ കൈയില്‍ ഉത്തരമുണ്ടായിരുന്നു. അവന് പഠിത്തം പോരാ. ഞാന്‍ കെമിക്കല്‍ എഞ്ചിനീയറാണ്. അവന്‍ വെറും ഗ്രാജ്വേറ്റ്. പൊരുത്തപ്പെടുകേല.
ഇത്രയുമായപ്പോള്‍ ്അന്നമ്മയ്ക്ക് ചൊറിഞ്ഞുവന്നു. അന്നമ്മ ചീറി 'കുരുത്തം കെട്ടവളേ നിന്നെ കെട്ടാന്‍ രാജകുമാരന്‍ വരും. ഇത്രയും അഹങ്കാരം നല്ലതല്ല. എല്ലാം ഒത്തിണങ്ങിയ ഒരു കല്യാണവും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല.'
'ചേച്ചി എന്തിനാ ചൂടാകുന്നത് ഞാനല്ലേ കല്യാണം കഴിക്കേണ്ടവള്‍. എനിക്കഷ്ട്‌പ്പെട്ടാല്‍ മാത്രമേ ഞാന്‍ സമ്മതിക്കൂ.'
ഓ നിന്റെ ഒരിഷ്ടം, നിന്റെ ചേട്ടനെ ഞാന്‍ ആദ്യമായി കണ്ടതാണ്. വേറെ ഒരാലോചനയും വന്നില്ല. നിന്നെപ്പോലെ ഞാന്‍ തലമുടിയുണ്ടോ പൊക്കമുണ്ടോ പഠിത്തമെന്താണെന്നൊന്നും നോക്കിയില്ല. എന്നിട്ടെന്താണ് കൊഴപ്പം?'
പൊന്നമ്മ വളിച്ച ചിരി ചിരിച്ചു. എന്നിട്ട് പരിഹാസമായി തലവെട്ടിച്ച ചുണ്ട് കോട്ടി പറഞ്ഞു.
ഹാ എത്ര സുന്ദരന്‍ കഷായത്തിനെടുക്കാന്‍ മുടിയുണ്ടോ തലയില്‍. അല്പം ഉള്ളതും നരച്ചുതുടങ്ങി. തവളയുടെ ശരീരം പോലെയുണ്ട് കണ്ടാല്‍. വലിയ ഉടലും ചെറിയ അവയവങ്ങളും.'

'ഈ പോക്ക് പോയാല്‍ മൂക്കില്‍ പല്ലുകിളര്‍ത്താലും നീ ഒരു പോലെയാകുമെന്നു കരുതണ്ട.'
'ചേച്ചി എന്നെപ്പറ്റി ഓര്‍ത്ത് വ്യാകുലപ്പെടേണ്ട. ഞാനൊരുത്തന്റെ കൂടെ താമസിക്കുന്നെങ്കില്‍ എന്റെ മനസ്സിന്റെ ഇഷ്ടത്തിനൊത്ത ഒരുവനായിരിക്കണം.'
അന്നമ്മ അതിനുത്തരമൊന്നും പറഞ്ഞില്ല. പറയുവാന്‍ നാവിന്റെ തുമ്പത്തു വന്നതാണ്. പക്ഷേ, ഇപ്പോഴത്തെ കാലമല്ലേ. ഇവള്‍ വല്ലവന്റെയും കൂടെ ചാടിപ്പോയാല്‍ കുറ്റം തന്റെ പിടിലിയിലായിരിക്കും. ആങ്ങളമാരും അപ്പനും അമ്മയും എല്ലാവരുടെയും വിരലുകള്‍ തന്റെ നേരേ നീളും. നീ നോക്കാത്തതുകൊണ്ടാണ്. അവള്‍ വല്ലവന്റെയും പിറകേപോയത് എന്നായിരിക്കും കുറ്റപ്പെടുത്തലുകള്‍.
അന്നമ്മ ഓര്‍ത്തു. ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് വിവാഹാലോചനയുമായി ദല്ലാള്‍ വര്‍ക്കിച്ചന്‍ വന്നപ്പോള്‍, അപ്പനും അമ്മയും പറഞ്ഞ അഭിപ്രായം 'പഠിത്തോം കാശുമൊന്നുമല്ല ഞങ്ങള്‍ക്കാവശ്യം. നല്ല സ്വഭാവശുദ്ധിയുള്ള പയ്യനായിരിക്കണം.'
ജോര്‍ജ്ജുകുട്ടി പെണ്ണുകാണാന്‍ വന്നപ്പോള്‍ ഹൃദയം പടപടാമിടിക്കുകയായിരുന്നു. ചൊവ്വേനേരെ ഒന്നു കാണുവാന്‍ കൂടി സാധിച്ചില്ല. എല്ലാത്തിനും യാന്ത്രികമായി മൂളുകമാത്രം ചെയ്തു. എന്നിട്ട് എന്തുണ്ടായി. ഇരുപത്തഞ്ചുകൊല്ലം സുഖമായി കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയതറിഞ്ഞതേയില്ല.
എന്നാല്‍, ഇന്നത്തെ പെണ്‍പിള്ളേരോട് പഴയ കാര്യങ്ങള്‍ പറയുവാന്‍ കഴിയുമോ. പരിഹാസമായിരിക്കും ഫലം. കുറ്റം പറയരുതല്ലോ. പൊന്നമ്മപ്പെണ്ണിന് ഇത്തിരി അഹങ്കാരമുണ്ട്. കാരണം ആള് കൊച്ചു സുന്ദരിയാണ്. നല്ല നിറം. ഒത്ത പൊക്കം. ആവശ്യത്തിന് പഠിപ്പ്. പിന്നെ ഗ്രീന്‍കാര്‍ഡും. അവള്‍ എന്ത് ആവശ്യപ്പെട്ടാലും അത് നടക്കും. തന്റെ സ്ഥിതി അതല്ലായിരുന്നു. വീട്ടിലെ മൂത്തവള്‍ ഒരു സാധാരണ നേഴ്‌സ് അതും ഇന്‍ഡ്യയില്‍... വിവാഹ കമ്പോളത്തില്‍ ഇന്നത്തെ പിടിച്ചുപറി നേഴ്‌സിന് അന്നില്ലായിരുന്നു.
സാരമില്ല അനുജത്തിയെ പഠിപ്പിച്ചു അവള്‍ക്കര്‍ഹതയുള്ളത് തന്നെ ദൈവം കൊണ്ടുവന്നു കൊടുക്കട്ടെ. സാധാരണക്കാരന്റെ ഭാര്യയാകേണ്ട ഗതികേട് അവള്‍ക്കില്ല. എന്നെങ്കിലും അവള്‍ക്കിഷ്ടപ്പെടുന്ന ഒരുവന്‍ വരും. അതിനധികം സമയദൈര്‍ഘ്യം ഉണ്ടാകല്ലേ ദൈവമേ. അന്നമ്മ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
പിറ്റേന്ന് ജോര്‍ജ്ജുകുട്ടി മലയാളി സംഘടനയുടെ ഓണാഘോഷപരിപാടിക്കു പോയി തിരിച്ചുവന്നപ്പോള്‍ സംഘടന പുറത്തിറക്കിയ ഒരു സുവനീര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പുതുമയൊന്നുമില്ല. അമേരിക്കയില്‍ സുവനീറുകള്‍ കൂണുകള്‍പോലെയാണ് മുളച്ചു പൊന്തുന്നത്.
പൊന്നമ്മ  സുവനീയറിന്റെ താളുകള്‍ അലസമായി മറിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അവളുടെ മുഖം വിജ്ജ്രംഭിതമായി. ദരിദ്രവാസികള്‍ക്ക് ലോട്ടോ അടിച്ചതുപോലെയും അഭ്യസ്തവിദ്യന് അമേരിക്കന്‍ നേഴ്‌സിനെ ഭാര്യയായി ലഭിച്ചതുപോലെയും അവള്‍  തുള്ളിച്ചാടി.

അന്നമ്മചേച്ചി, അന്നമ്മചേച്ചീ ഇതാ ഇങ്ങോട്ടൊന്നു വന്നേ, പൊന്നമ്മയുടെ സന്തോഷാധിക്യത്തിലുള്ള വിളികേട്ട് അന്നമ്മ അടുക്കളയില്‍ നിന്ന് ലിവിംഗ് റൂമിലേക്ക് വ്ന്നു.
സുവനീയറിന്റെ ആദ്യപകുതിയിലെ ഒരു പേജിലെ സുമുഖനായ ചെറുപ്പക്കാരന്റെ ഫോട്ടോയിലേക്ക് ചൂണ്ടിക്കൊണ്ട് പൊന്നമ്മ നാണം കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു. 'ഈ ചെറുപ്പക്കാരനെ കണ്ടാല്‍ ബഹുരസമായിരിക്കുന്നു. നമുക്കൊന്നാലോചിച്ചാലോ?'
അന്നമ്മ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. വെള്ളെഴുത്തിന്റെ ആക്രമണം കാരണം ഫോട്ടോ നന്നായി തെളിയുന്നില്ല. അനുജത്തിയുടെ മനംകവര്‍ന്ന ഈ ഗന്ധര്‍വനാര്? അന്നമ്മ ബദ്ധപ്പെട്ട് കാല്‍മുട്ടുകളില്‍ കൈയ്യൂന്നി ഗോവണികയറി ബെഡ്‌റൂമിലേക്ക് നീങ്ങി. കണ്ണിന് കൂര്‍മ്മതയുളവാക്കുന്ന കണ്ണാടിയും ഫിറ്റ് ചെയ്ത് പരിചയമില്ലാത്തവന്‍ തെങ്ങില്‍നിന്നിറങ്ങുന്ന ബാലന്‍സ് പിടിച്ച് നടകള്‍ ഇറങ്ങി ലിവിംഗ് റൂമില്‍ പൊന്നമ്മയുടെ അടുത്തെത്തി.
സുവനീയറിലെ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി. നല്ല മുഖപരിചയം. എവിടെയോ കണ്ടുമറന്ന മുഖം. അന്നമ്മ വീണ്ടും വീണ്ടും ഫോട്ടോയിലേക്ക് നോക്കി.

അപ്പോഴാണ് ഫോട്ടോയുടെ താഴെ ആളിന്റെ പേര് കണ്ടത്. ജോര്‍ജ്ജുകുട്ടി ഫിലിപ്പ്, മറുതാപാറയില്‍. ഇത് തന്റെ ഭര്‍ത്താവ് ജോര്‍ജ്ജുകുട്ടിയുടെ ഫോട്ടോയാണല്ലോ. ഇരുപത്തഞ്ചുവര്‍ഷം മുമ്പ് പാസ്‌പോര്‍ട്ടിനായി എടുത്ത ഫോട്ടോയുടെ കോപ്പിയാണ് സുവനീയറില്‍ ഇട്ടിരിക്കുന്നത്.

കാര്യമൊന്നുമറിയാതെ നില്‍ക്കുന്ന പൊന്നമ്മയോട് അന്നമ്മ അല്പം ഗമയോടെ പറഞ്ഞു. എന്റെ കുഞ്ഞേ ഇങ്ങേര് കല്യാണം കഴിച്ചുപോയെടീ. നീ കുറച്ചു താമസിച്ചുപോയി.

Join WhatsApp News
Sudhir Panikkaveetil 2023-05-22 13:21:52
ഫോട്ടോകൾ വരുത്തി വയ്ക്കുന്ന വിന . ഫോട്ടോ പ്രിയരായ അമേരിക്കൻ മലയാളികളെ കളിയാക്കുന്നുണ്ട് ശ്രീ ജോസ് ചെരിപുരം. വയസ്സായവർ ചെറുപ്പകാലത്തെ ഫോട്ടോ കൊടുക്കരുത് എന്ന ഒരു സന്ദേശവുമുണ്ട്. തലയിൽ വിഗ് വയ്ക്കാതെ, മുടിയും താടിയും കറുപ്പിക്കാതെ ഇപ്പോഴത്തെ ഫോട്ടോ കൊടുക്കാൻ കഴിയാത്തവർ ആരെങ്കിലും പഴയ ഫോട്ടോകൾ കൊടുത്തോട്ടെ എന്ന് ചിന്തിക്കുന്നതും രസകരമാണ്. ശ്രീ ജോസ് അമേരിക്കൻ മലയാളികളുടെ പൊങ്ങച്ചങ്ങൾ (vanity ) ഇങ്ങനെ ഘോഷിക്കുന്നത് തുടരട്ടെ. അനുമോദനങ്ങൾ. ഇ മലയാളിയിലെ ഏതോ ലേഖനത്തിന്റെ ചുവട്ടിൽ ആരോ കമന്റ് എഴുതിയിരുന്നു അമേരിക്കൻ മലയാളികളുടെ ഫോട്ടോ ഭ്രമത്തെ ക്കുറിച്ചുള്ള രചനകൾ വേണമെന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക