HOTCAKEUSA

നാളെകള്‍(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 22 May, 2023
നാളെകള്‍(കവിത: ദീപ ബിബീഷ് നായര്‍)

ഞാനല്ല നട്ടതീ മാവും ചെടികളും
ഞാനിന്ന് കൊള്ളും തണലുമെല്ലാം
നാളുകള്‍ മുന്നിലായാരോ വളര്‍ത്തിയ
നന്മതന്‍ നാണ്യങ്ങളാണിതെല്ലാം

പുണ്യമാണമ്മയാം ഭൂമിതന്‍ മക്കളാ
പക്ഷി പശുക്കളുമെന്നറിക
പാറിപ്പറന്നു നടക്കുമാവേളയില്‍
വിത്തെറിയുന്നു നിരത്തിലൊക്കെ

നാടും വളരുന്നു മെല്ലെ നഗരമായ്
മാറുവാനുള്ള ശ്രമത്തിലല്ലോ
പാതയോരങ്ങള്‍ക്ക് ജീവനായ് മാറിയ
മാമരങ്ങള്‍ മഴു കണ്ടുവല്ലോ

നിശ്വാസ വായുവും ദാഹജലങ്ങളും
അന്യമായ് മാറുന്ന കാലമല്ലോ
ഏറെ വിദൂരത്തിലല്ലന്നറിഞ്ഞു നാ-
മിപ്പൊഴേ കരുതായ് കാത്തീടണം

പതിവുള്ള കാഴ്ചകളെന്നു പുറംതള്ളി
പരമാര്‍ത്ഥമറിയാതെ പോവുകയോ?
പരിതാപമാകാതിരിക്കുവാന്‍ നാളെകള്‍
പാവനമാകട്ടെയുള്‍ച്ചിന്തകള്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക