Image

സ്നേഹത്തിന്റെ സ്ഫടികത്തരികൾ സൂക്ഷിക്കുന്നുണ്ടോ നിങ്ങൾ? (മൃദുമൊഴി 54: മൃദുല രാമചന്ദ്രൻ)

Published on 23 May, 2023
സ്നേഹത്തിന്റെ സ്ഫടികത്തരികൾ സൂക്ഷിക്കുന്നുണ്ടോ നിങ്ങൾ? (മൃദുമൊഴി 54: മൃദുല രാമചന്ദ്രൻ)

കുറച്ച് മാസങ്ങൾക്കു മുൻപ്, സഹപ്രവർത്തകയായ  സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. വളരെ സ്നേഹത്തിലും, ഒരുമയിലും  കഴിഞ്ഞിരുന്ന രണ്ടു പേർ പൊടുന്നനെ, നേർക്ക് നേർ കണ്ടാൽ  ഒന്ന് ചിരിക്കുക  കൂടി  ചെയ്യാത്ത  ശത്രുക്കൾ ആയി  മാറിയത്  എങ്ങനെ എന്നായിരുന്നു ഞങ്ങൾ  സംസാരിച്ചത്. അപ്പോൾ എന്റെ എന്റെ സുഹൃത്ത്  പറഞ്ഞു :
ഭരതനെക്കാൾ പ്രിയമുള്ളവനായിരുന്നു  കൈകേയിക്ക് രാമൻ. പക്ഷെ  മന്ദരയുടെ വാക്കുകളുടെ ഒരൊറ്റ സ്വാധീനം കൊണ്ട് അതേ രാമനെ  പതിനാലു വർഷം  നീണ്ട  വനവാസത്തിന്  അയക്കാൻ  കൈകേയി തയ്യാറായി. അന്ന് വരെ  ഉണ്ടായിരുന്ന സ്നേഹവും, മമത്വവും കൈകേയിയുടെ മനസ്സിൽ നിന്ന് നിശേഷം തുടച്ചു നീക്കാൻ മന്ദരക്ക് സാധിച്ചു. കൈകേയിയിൽ മന്ദര സൃഷ്ട്ടിച്ച സ്വാധീനത്തിന്റെ അനുരണനങ്ങൾ ആണ് രാമായണം.

മനുഷ്യർ തമ്മിൽ അടുക്കുന്നതിനെയും, സ്നേഹിക്കുന്നതിനെയും, സൗഹൃദം സൃഷ്ടിക്കുന്നതിനെയും ഒക്കെ പറ്റി സംസാരിക്കാൻ നമുക്ക് ആവേശമാണ്. മനുഷ്യർ തമ്മിൽ ഉള്ള അടുപ്പം സൃഷ്ടിക്കുന്ന ഊഷ്മളത, പ്രസരിപ്പ്, ആനന്ദം  ഇതൊക്കെയും നമുക്ക് പ്രിയങ്കരമാണ്. മനുഷ്യർ അകം നിറഞ്ഞ് സ്നേഹിക്കുന്നതിന് സാക്ഷിയാകുന്നത്  തന്നെ ഒരു വലിയ സന്തോഷം ആണ്.

പക്ഷെ മനുഷ്യർ  പൊടുന്നനെ സ്നേഹിക്കാതെ ആകുമ്പോൾ, അകലുമ്പോൾ അന്നോളം അവർക്കിടയിൽ സജീവമായിരുന്ന സ്നേഹത്തിന് എന്ത് സംഭവിക്കും? വേനലിൽ അകപ്പെടുന്ന ഒരു നദി  പോലെ സ്നേഹത്തിനു വറ്റി പോകുക  സാധ്യമാകുമോ? ശിശിര ഋതുവിലെത്തിയ തരു  കണക്കേ അത് ഇലകൾ  പൊഴിച്ചു ശൂന്യമാകുമോ ? ഒരു പാട്ട് പൊടുന്നനെ നിൽക്കുമ്പോൾ ഉണ്ടാകുന്ന നിശബ്ദത  പോലെയാകുമോ  അത്?

നമുക്ക് അൽപ്പം കൂടി  ആഴത്തിൽ  ആലോചിക്കാം. ഹൃദയത്തിൽ അത്ര മേൽ ആഴത്തിൽ വേര് പായിച്ചു, പടർന്നു  പൂത്തു  നിൽക്കുന്ന സ്നേഹത്തിനെ പറിച്ചു കളയാൻ  മനുഷ്യർ  തയ്യാറാകുന്നതിന്റെ  പ്രേരണ എന്താകും? അത്ര  മേൽ ഇമ്പമുണ്ടായിരുന്ന ഒരിഷ്ടം വെറുപ്പായി, ഇഷ്ടമില്ലായ്മയായി  മാറുമ്പോൾ അതെങ്ങനെയാണ് മനുഷ്യരെ  ബാധിക്കുക? സ്നേഹത്തെ അങ്ങനെ  തിരസ്കരിക്കുക എന്നത് അത്രക്ക് എളുപ്പമാണോ?

മനുഷ്യർക്ക് കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള വികാരം സ്നേഹമാണ്. ദേഷ്യത്തെയും, സങ്കടത്തെയും, നൈരാശ്യത്തെയും ഒക്കെ വേണ്ട രീതിയിൽ  കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി നാം ബോധവാന്മാരാണ്. രാമായണത്തിൽ തന്നെ  ക്രോധത്തെ  എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്ന് രാമൻ  ലക്ഷ്മണനെ വിസ്തരിച്ചു പറഞ്ഞു  മനസ്സിലാക്കുന്നുണ്ട്. പക്ഷെ സ്നേഹത്തെ പരിപാലിക്കേണ്ടതിനെ പറ്റി നാം ചിന്തിക്കാറില്ല. അത് അതിൽ തന്നെ മഹത്തരമായ ഒരു വികാരം ആണെന്നും, അത് കൊണ്ട് അതിന് വിശേഷിച്ചു സംരക്ഷണം വേണ്ടെന്നും ആണ് നമ്മുടെ വിചാരം.
പക്ഷേ, സ്നേഹത്തോളം ശ്രദ്ധയും, പരിലാളനയും ആവശ്യപ്പെടുന്ന മറ്റൊന്നും തന്നെയില്ല.

Taken for granted ആവുക എന്നതാണ്  സ്നേഹത്തിനു സംഭവിക്കുന്ന വലിയ ദുരന്തം. അതിന്റെ മൂല്യത്തെയും, മഹിമയെയും പറ്റി പതിയെ  മറന്ന് പോകുക. ഒരു പക്ഷെ, പ്രാരംഭത്തിൽ നന്നായി കഷ്ടപ്പെട്ട് പടുത്തെടുത്ത ഒരു സ്നേഹ ബന്ധമാണെങ്കിൽ കൂടി, കാലം കടന്നു പോകുമ്പോൾ അതിനെ മറന്ന് പോവുക... വളരെ  മോഹിച്ചു, വില കൂടിയ  വസ്തുക്കൾ ഒക്കെ വച്ചു പണിത കെട്ടിടം, കുറച്ച് കാലം കഴിയുമ്പോൾ  പൊടിയും, മാറാലയും മൂടി അലോസരമുണ്ടാക്കുന്ന ഒരിടമാകുന്നത് പോലെ സ്നേഹം, ശരിയാം വണ്ണം ഗൗനിച്ചില്ലെങ്കിൽ അസ്വസ്ഥതകൾ സൃഷ്ട്ടിച്ചു തുടങ്ങും.

സ്നേഹം അനവധി  കാര്യങ്ങൾ നിരന്തരം ആവശ്യപ്പെടുന്ന ഒന്നാണ്. ആ ആവശ്യങ്ങളിൽ ഒന്നെങ്കിലും നിരസിക്കപ്പെട്ടാൽ അത് അടുത്ത  നിമിഷം കലഹത്തിലേക്ക്  വഴി  മാറും. എന്റെ കല്യാണം കഴിഞ്ഞ കാലത്ത്, എന്റെ ഭർത്താവ് എന്നോട് യാത്ര പറയാൻ  മറന്ന് ജോലിക്ക് ഇറങ്ങുന്നത് സ്നേഹത്തിന്റെയും, പരിഗണനയുടെയും നിരാസം ആയിട്ടാണ് ഞാൻ  ഗണിച്ചത്. സ്നേഹത്തെ അത്തരത്തിൽ  പ്രകടിപ്പിക്കേണ്ടതുണ്ട് എന്ന് അന്ന് (ഇന്നും ) ഞാൻ  വിശ്വസിച്ചു. ചിലപ്പോൾ എന്നോട് യാത്ര പറയാതെ അദ്ദേഹം പോയാൽ, ഫോണിൽ  നിർബന്ധ പൂർവം തിരികെ  വിളിച്ചു കൊണ്ട് വന്ന്,എന്നോട് യാത്ര  പറഞ്ഞിട്ട് തന്നെ പോകണം  എന്ന് ഞാൻ വാശി പിടിക്കുമായിരുന്നു. അത്തരം ഓർത്തു വയ്ക്കലുകളും, ചേർത്തു നിർത്തലുകളും എനിക്ക് സ്നേഹത്തിൽ ആവശ്യമാണ്.സ്നേഹത്തിൽ വാശികളും, വെല്ലുവിളികളും ഒക്കെ പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്. കല്യാണ സൗഗന്ധികം തലയിൽ  ചൂടാൻ  വേണ്ടിയായിരുന്നില്ല പാഞ്ചാലി  ആ അപൂർവ പുഷ്‌പം ആവശ്യപ്പെട്ടത്. തന്റെ ഭർത്താക്കന്മാർ  തന്നോടുള്ള സ്നേഹം തെളിയിക്കണം  എന്നവൾ കരുതി.

ഒരു സാമാന്യവൽക്ക രണത്തിനും കൂട്ടാക്കുന്നതുമല്ല സ്നേഹം. സ്നേഹത്തെ വായിച്ചെടുക്കാനും, വ്യാഖ്യാനിക്കാനും ഓരോരുത്തരും ഉപയോഗിക്കുന്നത്, അവനവന്റെ  സ്വന്തം ജീവിത പരിസരത്തു  നിന്നും സൃഷ്ടിച്ചെടുത്ത നിഘണ്ടുവാണ്. അതിനാൽ  ആണ് ഒരാളുടെ  സ്നേഹ സങ്കൽപ്പങ്ങളെ  മറ്റൊരാൾക്ക് വായിച്ചെടുക്കാൻ കഴിയാത്തത് : ഇനിയും ചിലപ്പോൾ, മറ്റൊരാളുടെ സ്നേഹം നമുക്ക് ഒട്ടും മനസ്സിലാകാത്ത വിചിത്ര ലിപിയാകുന്നത്.

സ്നേഹം കലർപ്പുകൾ കലർന്നു മലിനപ്പെടാൻ ഏറ്റവും എളുപ്പമുള്ള ഒരു രൂപത്തിൽ ആണ്. എന്റെയാണ് എന്ന വിചാരം കൊണ്ടും, നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടും, ഇവയുണ്ടാക്കുന്ന അരക്ഷിതാവസ്ഥ കൊണ്ടും സ്നേഹം ശുദ്ധമായ അവസ്ഥയിൽ നിന്ന് ത്വരിത ഗതിയിൽ മാറി, മലീമസമാകാറുണ്ട്.
ചഞ്ചലതയിലേക്ക് ഏറ്റവും  എളുപ്പത്തിലും, വേഗത്തിലും നീങ്ങുന്നത് സ്നേഹമാണ്. സ്നേഹം നിരുപാധികം ആയിരിക്കണം എന്നൊക്കെ കരുതുന്നത് മണ്ടത്തരമാണ്. സ്നേഹത്തിന് നിശ്ചയമായും ഉപാധികൾ ഉണ്ട്.

സ്നേഹം ഇല്ലാതാകുന്നതിന് സാധ്യതകൾ ഇല്ല... ഒരു സ്വിച്ച് ഓഫ് ആക്കി വിളക്ക് അണക്കുന്നത് കണക്ക്‌ സ്നേഹത്തെ കെടുത്തി കളയുക എന്നത് അസംഭവ്യമാണ്.സ്നേഹത്തിന്റെ ജ്വാല ഇടറാം, മങ്ങാം -പക്ഷെ അണഞ്ഞു പോവില്ല. എത്ര ഉണങ്ങി വരണ്ടു എന്ന് തോന്നിച്ചാലും ഒരു പുതുമഴക്ക് അപ്പുറം അതിൽ ഉറവകൾ പൊടിയും, ജലം നിറയും

സൂര്യ പ്രകാശത്തിൽ നിന്ന് കൈത്തലം വലിച്ചെടുക്കുന്നത് പോലെ, പ്രണയമില്ലാതെയായ നാൾ സകലതും തിരികെ ഏൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ എന്ന് റഫീഖ് അഹമ്മദ് എഴുതിയിട്ടുണ്ട്. എത്രയെല്ലാം തിരിച്ചേൽപ്പിച്ചാലും ഓർമ്മയായും, ആനന്ദമായും, നോവായും സ്നേഹത്തിന്റെ സ്ഫടികത്തരികൾ നമ്മിൽ ബാക്കി നില്ക്കും. വെളിച്ചം ചൂഴുമ്പോൾ അത് നിനയാതെ, നിനക്കാതെ മിന്നി തിളങ്ങും. പ്രവചിക്കപ്പെടാത്ത മുഹൂർത്തത്തിൽ അത് മിന്നൽ പിണരു പോലെ ചിതറും.

ഒരു വിശേഷ പരിവേഷവും ഇല്ലാത്ത സാധാരണ മനുഷ്യർ ചില നേരങ്ങളിൽ, ആകസ്മികമായി, വെളിച്ചമായി വിരിയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, അറിഞ്ഞു കൊള്ളുക, അതവരിൽ അണയാത്ത സ്നേഹത്തിന്റെ തരികൾ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക