Image

അനന്തരാവകാശി ( കഥ- പ്രസന്ന നായർ)

Published on 23 May, 2023
അനന്തരാവകാശി ( കഥ- പ്രസന്ന നായർ)

ബാങ്കിനുള്ളിൽ കടന്നപ്പഴേ മനസ്സിലായി ഇന്നു നല്ല തിരക്കായിരിക്കുമെന്ന് .ഒരു ചെരുപ്പു കടയിലെ ഏതാണ്ട് 
മുഴുവൻ ചെരുപ്പുകളും വാതിൽക്കലെ പടികളിലുണ്ട്. ബാഗ് മേശവലിപ്പിൽ വെയ്ക്കുമ്പോൾ കണ്ടു മേശപ്പുറത്തെ ഗ്ലാസ്സി നടിയിൽ രണ്ടു മൂന്നു ലെറ്ററുകൾ. വാഷ് റൂമിൽ പോയി തിരികെ വരുമ്പോൾ പ്യൂൺ പയ്യൻ ജോണി ചോദിച്ചു "മാഡം അറിഞ്ഞില്ലേ?" എന്ത്? അശ്വതി ചോദിച്ചു. അശ്വതി മാഡത്തിന്റെ ഫ്രണ്ട്
ഇന്നലെ രാത്രിയിൽ മരിച്ചു.ഹാർട്ട് അറ്റാക്കായിരുന്നു.ഏത് ഫ്രണ്ട്. ഇവിടെ വരുന്ന എല്ലാവരും എന്റെ ഫ്രണ്ട്സല്ലേ ജോണി. അതല്ല മാഡം ഇന്നലെ നാലു മണി കഴിഞ്ഞപ്പോൾ കുറച്ചു എഫ്.ഡി.യുമായി വന്നില്ലേ? നോമിനേഷൻ ചെയ്ഞ്ചു ചെയ്യാൻ.

സക്കറിയാ ജോൺ സാറോ. അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്നലെ നാലു മണിക്കു കണ്ടതാണ്.ഒരു രാത്രി ഇരുണ്ടു  വെളുത്തപ്പോൾ  ആളില്ലാണ്ടായി.
     
പെട്ടെന്നവളുടെ മനസ്സിൽ ഭയത്തിന്റെ ഒരു മിന്നൽ പിണർ.ഇന്നലെ തന്ന എഫ്.ഡി.യുടെ നോമിനേഷനൊന്നും ചെയ്ഞ്ചു ചെയ്തിട്ടില്ല. അതു ചെയ്യാൻ തുടങ്ങിയപ്പോഴേക്കും സിസ്റ്റം പണി മുടക്കി. അഞ്ചു മണി വരെയും ശരിയായില്ല. അതു കൊണ്ട് ചെയ്യാനും പറ്റിയില്ല. രാവിലെ വന്നാലാദ്യം ചെയ്യാനിരുന്നതാണ്. ജോണിയോടാരാണ് 
പറഞ്ഞത്. ആ സാറിന്റെ മകൻ രാവിലെ ലെറ്ററു കൊണ്ടു വന്നു.മാഡത്തിന്റെ മേശപ്പുറത്തുണ്ട്. 
ഇതു വലിയൊരു പ്രശ്നമാകുമോ? അതിനാണോ അയാൾ രാവിലെ തന്നെ ലെറ്റർ എത്തിച്ചത്.അയാളാണെങ്കിൽ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. 
പണക്കൊതിയൻ.എത്ര കിട്ടിയാലും തൃപ്തിയില്ലാത്തവൻ.
     
ആ നാട്ടിലെ എണ്ണം പറഞ്ഞ ഒരു പണക്കാരനാണ് ഇലഞ്ഞിമറ്റത്തെ സക്കറിയാ ജോൺ സാറ്. നല്ല മനസ്സിനുടമയാണ്. നാട്ടുകാരുടെ കറിയാച്ചനാണദ്ദേഹം. എന്തു സഹായവും ചെയ്യാൻ മടിയില്ലാത്തയാൾ. ദൈവം എനിക്കു ധാരാളം സമ്പത്തു തന്നിട്ടുണ്ട്. അത് ആവശ്യക്കാർക്കു 
കൂടി ഉപകരിക്കാനുള്ളതാ ണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. മകൻ നേരേ വിപരീതവും.
     
അഞ്ചു വർഷം മുൻപ്  സ്ഥലം മാറി വന്നപ്പോൾ തന്റെ അടുത്താദ്യം വന്ന കസ്റ്റമറാണ് കറിയാച്ചൻ സാറ്. അന്നത്തെ മാനേജർ പോറ്റി സാർ അദ്ദേഹത്തെ പരിചയപ്പെടുത്തികൊണ്ടു പറഞ്ഞതിപ്പോഴും ഓർക്കുന്നു "കറിയാച്ചൻ സാർ നാടിന്റെ പൊതു സ്വത്താണ്.ബാങ്കിന്റെ ഉറ്റ ചങ്ങാതിയും.'' അന്നു മുതൽ ഇന്നലെ യാത്ര പറഞ്ഞു പോകും വരെ ഒരു ബുദ്ധിമുട്ടും സാറിനേക്കൊണ്ടു 
ണ്ടായിട്ടില്ല.
     
ഒരിക്കൽ സാർ വീട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞു. സാറിനൊരു മോനും ഒരു മോളുമാണ്. മോൻ
സോളമൻ. കല്യാണം കഴിഞ്ഞൊരു കുഞ്ഞുമുണ്ട്. മോൾ ശലോമി  ചൈനയിൽ മെഡിസിനു പഠിക്കുന്നു. ഭാര്യ എൽ സി. വീട്ടമ്മയാണ്. സോളമൻ ഡാഡിയെ ബിസിനസ്സിൽ സഹായിക്കുന്നു. അയാളുടെ ഭാര്യ  മേഘ സാറിനോടും ഭാര്യയോടും സ്നേഹത്തിലല്ല. അതദ്ദേഹത്തിനു വലിയ വിഷമമാണ്.
ഭാര്യയുടേയും, മക്കളുടേയും പേരിലെല്ലാം വേറെ വേറെ സമ്പാദിച്ചിട്ടുണ്ട്.
    
അപ്രതീക്ഷമായായിരുന്നു ഭാര്യയുടെ മരണം. അതിന്റെ പിന്നിൽ ഒരു സങ്കടവുമുണ്ട്. ചൈനയിൽ പഠിച്ചു കൊണ്ടിരുന്ന ശലോമി സഹപാഠിയായ ഒരു
ഉത്തരേന്ത്യക്കാരനോടപ്പം ഇറങ്ങിപ്പോയി. ആ ഞെട്ടലിലായിരുന്നു എൽ സി യുടെ മരണം.
      മകളുടെ ഒളിച്ചോട്ടത്തേക്കാൾ ഭാര്യയുടെ മരണമായിരുന്നു അദ്ദേഹത്തെ തളർത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു കെട്ട് എഫ്.ഡി.രസീതുകളുമായി അദ്ദേഹം വന്നു. എല്ലാം ശലോമിയ്ക്കുള്ളതായിരുന്നു. അവളുടെ ഭാവിക്കായി കരുതി വെച്ചിരുന്നത്. കവർ തന്നെ ഏല്പിച്ചിട്ടു പറഞ്ഞു, ഇതെല്ലാം ക്ലോസ്സു ചെയ്ത് 
എന്റെ പേരിലാക്കണം. ശലോമിക്കു പകരം പേരക്കുട്ടിയെ നോമിനിയാക്കണം.
താനാകുന്ന പോലെ പറഞ്ഞു നോക്കി. കുറച്ചു കഴിയുമ്പോൾ മോളോടുള്ള ദേഷ്യം പോകുമ്പോൾ കാണിച്ചതു ബുദ്ധിമോശമാണെന്നു സാറിനു മനസ്സിലാകും. 
തന്റെ എൽസിയെ കൊന്നവളോട് ഒരിക്കലും ക്ഷമിക്കില്ലയെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മകനാന്നെങ്കിൽ അമ്മയുടേയും, അനിയത്തിയുടേയും നഷ്ടം ഒരു വിഷയമായിരുന്നില്ല. അത്രയും സ്വത്ത് കൈയിൽ വന്നതിന്റെ സന്തോഷമായിരുന്നു.
     
ഭാര്യയുടെ മരണ ശേഷം അദ്ദേഹം മനസ്സു തുറന്നൊന്നു ചിരിച്ചിട്ടില്ല. വീട്ടിലാണെങ്കിൽ മരുമകൾ മേഘയുടെ ഭരണവും. എല്ലാം മതിയായി. എത്രയും പെട്ടെന്ന് എൽസിയുടെ അടുത്തെത്തണം - ഒരിക്കൽ അദ്ദേഹം തന്നോടു പറഞ്ഞു. അതു വെറും വാക്കല്ല, മറിച്ച് ഹൃദയത്തിന്റെ ആഗ്രഹമായിരുന്നു. 
      
ഒരാഴ്ച മുൻപ് ഓഡിറ്റിംഗിന്റെ തിരക്കുള്ള ദിവസം അദ്ദേഹം തന്റെയടുത്തു വന്നു. വലിയ സന്തോഷത്തിലായിരുന്നു.കാരണം കേട്ടപ്പോൾ തനിക്കും സന്തോഷമായി.
അദ്ദേഹത്തിന്റെ ബന്ധു കാനഡായിൽ വെച്ചു ശലോമിയെ കണ്ടത്രെ. അവൾ ഭർത്താവും കുഞ്ഞുമായ് സുഖമായിക്കഴിയുന്നു. അവൾ ഡാഡിയെ കാണാൻ  ആഗ്രഹം പ്രകടിപ്പിച്ചു.കാര്യങ്ങൾ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ  മനസ്സിലെ പ്രതികാര ചിന്തകളൊക്കെ
അലിഞ്ഞു പോയി. അവരെക്കാണാൻ അദ്ദേഹത്തിനും ആഗ്രഹമായി. അടുത്തു തന്നെയവർ നാട്ടിലേക്കു വരുന്നുണ്ട്. അതിനു മുൻപ് മാഡമെനിക്കു വേണ്ടിയൊന്നു
ബുദ്ധിമുട്ടണം.
     
ബുദ്ധിമുട്ടണമെന്നോ?സാർ എന്താണുദ്ദേശിച്ചത്
അന്നു ഞാൻ മാറ്റിയിട്ട എഫ്.ഡി.കളെല്ലാം മോൾടെ പേരിലാക്കണം. അവൾ വരുമ്പോൾ കൊടുത്തു വിടാനാണ്. സാർ, അതിന്റെ നോമിനി മാറ്റിയാലും മതിയാകുമല്ലോ .മോൾക്കു തന്നെ കിട്ടും. ഇപ്പോൾ മോളതു ക്ലോസ്സു ചെയ്തു കൊണ്ടുപോകില്ലല്ലോ? അത് സേഫാണോ മാഡം. തീർച്ചയായും അശ്വതി ഉറപ്പുകൊടുത്തു. എന്റെ മകനൊരു ദുർഗുണനാണ്.അതാണു ചോദിക്കുന്നത്. എന്നെക്കാണാൻ അവൾ വരുന്നുവെന്നു പറഞ്ഞപ്പഴേ അവൻ പറഞ്ഞു അവളെ കേരളം കാണിക്കുകില്ലെന്ന് .ആ ഭീഷണിയൊന്നും എന്നോടു ചെലവാകില്ല. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു.
     എന്റെ തീരുമാനം അറിഞ്ഞപ്പഴേ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട്. അതു കൊണ്ട് മാഡം നോമിനി  ചെയ്ഞ്ചു ചെയ്തു തന്നേക്കു.അതിനെന്താ .ണ്ടു ദിവസം കഴിഞ്ഞാൽ ഓഡിറ്റിംഗ് കഴിയും. ഞാൻ വിളിക്കാം. ഓഡിറ്റിംഗു കഴിഞ്ഞപ്പോൾ തന്നെ അശ്വതി കറിയാച്ചൻ സാറിനെ വിളിച്ചു.വൈകുന്നേരം തന്നെ അദ്ദേഹം തന്നെ ഏല്പിച്ചു. എല്ലാം ഒത്തു നോക്കി ലെറ്ററിന്റെ
കോപ്പി ബാങ്ക് സീൽ
വെച്ചു മടക്കി നൽകി.
    അപ്പോഴാണ്‌ കംപൂട്ടർ പണി മുടക്കിയത്.ഇന്നു
രാവിലെ തന്നെ ചെയ്യാനിരുന്നതാണ്.ഇങ്നെയൊക്കെ വരുമെന്നാരറിഞ്ഞു
 സോളമൻ ഒരു പ്രശ്നക്കാരനാ?ഇതിന്റെ കാരണമറിഞ്ഞിട്ടാകണം അയാൾ രാവിലെ തന്നെ മരണമറിയിച്ചത്.എന്താണ് ചെയ്യേണ്ടത്.
ഒരു ഐഡിയായുമില്ല. പന്ത്രണ്ടു വർഷത്തെ ജോലി
പരിചയമുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.മാനേജർ ജയകുമാർ സാർ എത്തിയിട്ടില്ല. മനസ്സിനാകെ ഒരു പിരിമുറുക്കം.
     പത്തരയായപ്പോഴേക്കും സാറെത്തി. കാര്യം പറഞ്ഞപ്പോൾ സാറു പറഞ്ഞു ആൾ ജീവനോടെയിരുന്നപ്പോഴല്ലേ അപേക്ഷ തന്നത്. മെഷീൻ തകരാറായതിനാൽ ചെയ്യാൻ പറ്റിയില്ല. മാഡം ധൈര്യമായി
ചെയ്തോളൂ. മനസ്സിലൊരു തണുപ്പു വീണതു പോലെ.
    എല്ലാം ശരിയാക്കി ഒപ്പിടീക്കാൻ ചെന്നപ്പോൾ സാറു പറഞ്ഞു സോളമൻ
വിളച്ചിരുന്നു.അപ്പൻ
മരിച്ചതിലല്ല അയാൾക്കു വിഷമം. ഇന്നലെ തന്ന ലെറ്റർ വാലീടാണോ എന്നറിയാത്തതിലാണ്‌. ആദ്യം ശവമടക്കു നടക്കട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ എന്നു സാറു മറുപടി
കൊടുത്തു. ശരിയായ വഴിക്കല്ല
കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ
താൻ നിയമത്തിന്റെ വഴി
തേടുമെന്നയാൾ സാറിനെ ഭീഷണിപ്പെടുത്തി. അയാൾ എന്തായാലും പ്രശ്നമുണ്ടാക്കും.
അതുറപ്പാണ്.
    കറിയാച്ചൻ സാറിനെക്കാണാൻ
അവിടെയെത്തിയപ്പോൾ അയാളുടെ തീ പാറുന്ന കണ്ണുകളാണവരെ എതിരേറ്റത്. അവൾക്കു അതു കണ്ടപ്പോൾ പുഛമാണ് തോന്നിയത്. അയാളെ പാടെ അവഗണിച്ച്‌ സാർ
അന്ത്യവിശ്രമം കൊള്ളുന്ന ഹാളിലേക്കവൾ കടന്നു ചെന്നു. മകളെയും പേരക്കുട്ടിയേയും കാണാനുള്ള ആഗ്രഹം ബാക്കി വെച്ചിട്ടാണദ്ദേഹം പോയത്. എങ്കിലും
അദ്ദേഹത്തിന്റെ മറ്റൊരാഗ്രഹം പൂർത്തീകരിച്ച തന്നെ  കണ്ടപ്പോൾ ആ മുഖത്തൊരു പുഞ്ചിരി വിടർന്നതു പോലെ അവൾക്കു തോന്നി. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ധന്യമായ
ഒരു കാരും ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ അശ്വതി ആ ചലനമറ്റ ശരീരത്തിന്നരികെ
കൂപ്പുകൈകളുമായ് നിന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക