HOTCAKEUSA

നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം...(️ജോയിഷ് ജോസ്)

Published on 23 May, 2023
നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം...(️ജോയിഷ് ജോസ്)

അതികാലത്തെ എഴുന്നേറ്റ് മുന്തിരത്തോട്ടങ്ങളിൽ ചെന്ന് മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും..."

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന പി. പത്മരാജന്‍റെ എഴുപത്തിയെട്ടാം ജന്മദിനമാണിന്ന്.

1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജന്‍റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി.1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെച്ചു. പിന്നീട് പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.

മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്. മലയാളിയുടെ സിനിമാ സ്വപ്നങ്ങളെ സൗന്ദര്യം ചോരാതെ യാഥാര്‍ഥ്യമാക്കിയ  ഗന്ധര്‍വ്വന്‍. മനുഷ്യന്റെയും മനസ്സിന്റെയും ഭാവ വൈവിധ്യങ്ങളെ ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് പകര്‍ന്ന അതുല്യ പ്രതിഭ. ഈ വിശേഷങ്ങള്‍ക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവെക്കാനില്ലാത്ത പേരായി മാറി പത്മരാജന്‍. 

1971ല്‍ എഴുതിയ നക്ഷത്രങ്ങളേ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. ആ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും കുങ്കുമം അവാര്‍ഡും ഈ കൃതിയിലൂടെ പത്മരാജന്‍ നേടി. പിന്നീട് വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകള്‍ പ്രസിദ്ധീകരിച്ചു.
പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമേ ഏറെ ചെറുകഥകളും എഴുതി. 

1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ച പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സംവിധാനം ചെയ്തായിരുന്നു പത്മരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നാംപക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പത്മരാജനിലെ പ്രതിഭയെ മലയാളക്കര അനുഭവിച്ചറിഞ്ഞു. 

സിനിമയുടെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍റെ കഴിവ് അപാരമായിരുന്നു. സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം. ഒരു കഥ പാതിയിൽ പറഞ്ഞുനിർത്തുമ്പോലെ 1991 ജനുവരി ഇരുപത്തിയാറിന് നാൽപ്പത്തിയാറാം വയസ്സിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട പപ്പേട്ടന്‍ വിടവാങ്ങി.പത്മരാജന്‍റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക