Image

പുസ്തകങ്ങളുടെ ഗന്ധം നുകര്‍ന്ന് ഒടുവില്‍ എഴുത്തുകാരിയായി മാറിയ ദേവേന്ദു ദാസ്(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 23 May, 2023
പുസ്തകങ്ങളുടെ ഗന്ധം നുകര്‍ന്ന് ഒടുവില്‍ എഴുത്തുകാരിയായി മാറിയ ദേവേന്ദു ദാസ്(ദുര്‍ഗ മനോജ് )

ഹരിപ്പാട് താമല്ലാക്കല്‍ എന്ന ഗ്രാമത്തില്‍ ജനിച്ച റിനി ദാസ്, ദേവേന്ദു എന്ന പേര് സ്വീകരിക്കുന്നത് എഴുത്തിനെ ഗൗരവത്തോടെ സമീപിച്ചപ്പോഴാണ്. കാല്പനിക സൗന്ദര്യം നിറഞ്ഞ ദേവേന്ദു എന്ന പേരുപോലെ ആ തൂലികയില്‍ നിന്നും ഉയിര്‍കൊണ്ട കഥകളും കാവ്യഭംഗി തുളുമ്പുന്നവയാണ്. ഫിസിക്‌സില്‍  ബിരുദമെടുക്കുമ്പോള്‍ അത് ഒഴുക്കിനൊപ്പമുള്ള നീന്തലായിരുന്നു. അതേ നാട്ടുനടപ്പ്, തുടര്‍ന്നുള്ള  ബി.എഡ് പഠനത്തിലും അനുവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് ഒഴുക്കിനെതിരായിട്ടാണ് ദേവേന്ദു  ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദമെടുത്തത്. കാരണം അപ്പോഴേക്കും പുസ്തകങ്ങളുടെ ഗന്ധം, അക്ഷരങ്ങളെ പ്രണയിച്ച പെണ്‍കുട്ടിയുടെ ചിന്തയുടെ മൂര്‍ച്ച കൂട്ടിത്തുടങ്ങിയിരുന്നു.

                  കുട്ടിക്കാലം മുതല്‍ ദേവേന്ദു ദാസിന് ഏറ്റവും ഇഷ്ടം അച്ചടി ഗന്ധം മാറാത്ത പുസ്തകങ്ങളോടായിരുന്നു. പുസ്തകം തുറന്നുപിടിച്ചു മണത്ത് ഉന്മത്തയാകുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. കാലമേറെ  കടന്നുപോയിട്ടും പുസ്തകമണം അവളെ ഹരം പിടിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ സ്വന്തം വഴി സ്വയം നിശ്ചയിച്ചു. അങ്ങനെ അവള്‍ തിരഞ്ഞെടുത്ത വഴിയാണ് ലൈബ്രേറിയന്റേത്. തിരുവനന്തപുരം ജവഹര്‍ നവോദയ  വിദ്യാലയത്തിലെ ലൈബ്രേറിയനാണ് ദേവേന്ദു ഇപ്പോള്‍.  സ്വയം വായിക്കുകയും, ഒരുപാട് കുട്ടികളെ വായനയുടെ വഴിയിലേക്ക് വഴി നടത്താന്‍ സാധിക്കുകയും ചെയ്യുന്നതു ചെറിയ കാര്യമല്ലല്ലോ. വായിക്കുന്നവര്‍ക്ക് മാത്രം കിട്ടുന്ന ആനന്ദവും വിപുലമായ കാഴ്ചപ്പാടും അവര്‍ സ്വായത്തമാക്കുന്നത് തിരിച്ചറിയുന്നതിലുള്ള ആഹ്ലാദം ദേവേന്ദു തൊട്ടറിയുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ദേവേന്ദു കഥകളും കവിതകളും എഴുതുമായിരുന്നു. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികമഠം സ്‌കൂളിലായിരുന്നു ദേവേന്ദു പഠിച്ചത്. സ്‌കൂളില്‍ കൂട്ടുകാരികള്‍ മാത്രം വായിച്ചിരുന്ന ദേവേന്ദുവിന്റെ കഥകളെക്കുറിച്ച്, ഒരിക്കല്‍ അവിടത്തെ മലയാളഅധ്യാപികയായ സിസ്റ്റര്‍ മൈക്കിളിനോട് കൂട്ടുകാര്‍  പറഞ്ഞു കൊടുത്തു. സിസ്റ്റര്‍ ആ കഥകള്‍ താല്‍പര്യപൂര്‍വം വായിക്കുകയും ഒരു മുട്ടായി സമ്മാനം നല്‍കുകയും ചെയ്തു. കുട്ടികളുടെ ദീപിക സംസ്ഥാന തലത്തില്‍ കഥാരചന മത്സരം നടത്തിയപ്പോള്‍ ഒരു കഥ എഴുതാന്‍ സിസ്റ്റര്‍ ദേവേന്ദുവിനോട് ആവശ്യപ്പെടുകയും ആ കഥ കുട്ടികളുടെ ദീപികയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അന്നവള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു.  ആ കഥയ്ക്ക്  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. അത് കുട്ടികളുടെ ദീപികയില്‍ അച്ചടിച്ചു വരികയും  ചെയ്തു. അതാണ് അച്ചടിമഷി പുരളുന്ന ദേവേന്ദുവിന്റെ ആദ്യരചന. 

       2004 ലാണ് മഴ അപ്പോഴും പെയ്തു കൊണ്ടേയിരുന്നു എന്ന ആദ്യ കഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന്, പ്രണയതല്പം എന്ന് നോവലും ശിശുപ്പല്ല് എന്ന കഥാസമാഹാരവും @മോഡല്‍ സ്‌കൂള്‍ എന്ന ബാല നോവലും പുറത്തുവന്നു. 

പ്രണയതല്പം എന്ന നോവലിന്റെ മൂന്നാംപതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അത് ഏറെക്കാലമായി ഔട്ട് ഓഫ് പ്രിന്റ് ആയിരുന്നു.  ക്ലിയോപാട്ര രാജ്ഞിയുടെ കഥയാണ് ഈ നോവലിന്റെ പശ്ചാത്തലം. 

'Had Cleopatra's nose been shorter, the whole face of the world would have changed ' എന്ന ബ്ലെയ്‌സ് പാസ്‌കലിന്റെ വരികള്‍ വായിക്കാനിടയായതാണ്  ക്ലിയോപാട്രയെ കുറിച്ചുള്ള ദേവേന്ദുവിന്റെ കൗതുകത്തിന് തുടക്കം ആയത്. ഒരു ചെറുകഥ എഴുതണമെന്ന് വിചാരിച്ചു ചരിത്രം ചികയാന്‍ പോയ എഴുത്തുകാരിയുടെ മുന്നില്‍ കഥകളുടെ ഒരു കെട്ട് തന്നെ അഴിഞ്ഞു വീണു. ചരിത്രത്തില്‍ നിന്നും കുറച്ചെടുത്ത് സങ്കല്പത്തില്‍ നിന്നും കുറച്ചു നിറച്ചു പരുവപ്പെടുത്തി എടുത്തതാണ് പ്രണയതല്പം എന്ന നോവല്‍. ക്ലിയോപാട്രയുടെ അന്ത്യം, ചരിത്രത്തിന്റെ നിര്‍വികാര വഴിയില്‍ നിന്നും മാറി കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധ്യത്തോടെ ചിത്രീകരിക്കാന്‍ എഴുത്തുകാരിക്കു കഴിഞ്ഞിട്ടുണ്ട്. പ്രണയതല്പം ലൈബ്രറികളില്‍ നിന്നെടുത്തു വായിച്ചിട്ട് എഴുത്തുകാരിയോടു ഫോണ്‍ ചെയ്ത് വായനാനുഭവം പങ്കുവച്ചിട്ടുള്ള പേരറിയാവായനക്കാരുടെ അഭിനന്ദനങ്ങളാണ് ആ നോവലിനു കിട്ടിയിട്ടുള്ള ഏറ്റവും വലിയ ബഹുമതി. ലളിതമായ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ എല്ലാവിഭാഗം വായനക്കാരേയും തൃപ്തിപ്പെടുത്തി എഴുതാന്‍ ദേവേന്ദുവിനു സാധിക്കുന്നു. വായനക്കാരുടെ ആ ഇഷ്ടമാണ് മൂന്നാം പതിപ്പായി പ്രണയതല്പത്തെ വീണ്ടും പുറത്തിറക്കാന്‍ അതിന്റെ പ്രസാധകരെ പ്രേരിപ്പിച്ചതും.

ദേവേന്ദു ദാസ് ഇപ്പോള്‍ താമസിക്കുന്നത് പത്തനംതിട്ട വള്ളിക്കോട് ആണ്. ഭര്‍ത്താവ് വിജയകുമാര്‍. മകന്‍ വൈശാഖ്, മകള്‍ വിസ്മയ.

Join WhatsApp News
Anakha Dinu 2023-05-26 05:09:20
She is a real inspiration for all the people who loves to read and write. May God bless u ma'am.Really proud and extremely happy for you❤️❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക